നരിക്കുനി: സമ്മിശ്ര കർഷകനായ പതിനെട്ടുകാരനെ മുതിർന്ന കർഷകർക്കുപോലും മാതൃകയാക്കാവുന്നതാണ്. പാറന്നൂർ കച്ചേരിപ്പറമ്പിൽ കെ.പി. അനസ്എന്ന വിദ്യാർഥിയാണ് ക്ഷീരകർഷകരുടെ താരം. പത്ത് പശുക്കളെയും അഞ്ച് കിടാരികളെയും വളർത്തുന്ന അനസ് പറയും അവന്റെ കദനകഥ. തൊഴുത്തിൽ അനസിന്റെ വിരൽതൊട്ടാൽ കൂട്ടത്തിലെ കുറുമ്പിപ്പശുവരെ അനുസരണയോടെ പാൽ ചുരത്തും. പിച്ചവെച്ച കാലംതൊട്ടേ തുടങ്ങിയതാണ് പശുക്കളോടുള്ള ചങ്ങാത്തം.
ഉപ്പയുടെ വിരലിൽ തൂങ്ങി തൊഴുത്തിലെത്തി കിടാരികളുടെ വാൽ പിടിച്ച് കുസൃതി കാട്ടിയപ്പോൾ താനും ഭാവിയിൽ ഒരു ക്ഷീര കർഷകനാകുമെന്ന് കരുതിയിരുന്നില്ല. ഉപ്പക്ക് കൊറോണ വന്നപ്പോൾ ഫാം ഒഴിവാക്കാം എന്ന അഭിപ്രായം കേട്ടപ്പോൾ വിദ്യാർഥിയായ അനസിന് പശുക്കളെ പിരിയുന്നത് ചിന്തിക്കാനാകാതെ സ്വയം മുന്നോട്ടുവരുകയായിരുന്നു. പശുപരിപാലനം കൂടാതെ മത്സ്യകൃഷി, താറാവ് കൃഷി, അസോള, തീറ്റപ്പുൽകൃഷി, കോഴികൃഷി ഇവയെല്ലാമുണ്ട്. ബാങ്കുകളിൽനിന്ന് ലോണെടുത്ത് തമിഴ്നാട്ടിൽനിന്നാണ് പശുക്കളെ കൊണ്ടുവന്നത്. നല്ല ഇനം കറവ മെഷീൻ വാങ്ങണമെന്നുണ്ട്. ഒരു സബ്സിഡിയും ഇതുവരെ കിട്ടിയിട്ടില്ലെന്ന് അനസ് പറയുന്നു.
2022ൽ മികച്ച കുട്ടിക്കർഷകനുള്ള കൃഷിഭവന്റെ അവാർഡ് ലഭിച്ചു. കൃഷി ഓഫിസർ ദാന മുനീറിന്റെയും ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും അകമഴിഞ്ഞ സഹകരണമാണ് ഞങ്ങളുടെ തൊഴുത്തിൽ സൈറൺ മുഴങ്ങുന്നതെന്ന് ഈ കുട്ടിക്കർഷകൻ പറയുന്നു. വി.എച്ച്.എസ്.സി പാസായ അനസിന് ഉപരിപഠനത്തിന് പോകണമെന്നുണ്ട്. പക്ഷേ, ഉപ്പയുടെ രോഗംമൂലം വന്ന ജീവിതപ്രാരബ്ധം വന്നതിനാൽ ഉയർന്ന പഠനം സ്വപ്നംകാണാനേ അനസിന് കഴിയൂ. ഒരു സൗകര്യവുമില്ലാത്ത കൊച്ചു കൂരയിൽ രോഗിയായ ഉപ്പയും ഉമ്മയും കൊച്ചു സഹോദരങ്ങളും ഒതുങ്ങിക്കഴിയുന്ന അനസിന്റെ അകതാരിൽ അവശേഷിക്കുന്നത് ഒരേയൊരു ചോദ്യം മാത്രം; തന്റെ ആഗ്രഹങ്ങൾ സഫലമാകുമോ?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.