പേരിലും രൂപത്തിലും തക്കാളിയുണ്ടെങ്കിലും വഴുതന വിഭാഗത്തിൽപ്പെട്ട കുഞ്ഞനാണ് മണിത്തക്കാളി. പല നാട്ടിലും പല പേരുകളിലാണ് അറിയപ്പെടുക. മുളകുതക്കാളി, കരിന്തക്കാളി തുടങ്ങിയവയാണ് മറ്റു പേരുകൾ.
പണ്ടുകാലത്ത് പറമ്പിൽ വ്യാപകമായുണ്ടായിരുന്ന ഈ മണിത്തക്കാളി, ഇന്ന് പലയിടങ്ങളിലും വ്യവസായികാടിസ്ഥാനത്തിൽ കൃഷിചെയ്തുവരുന്നു. തമിഴ്നാട്ടിൽ ഇത് വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്. ചെറിയ വെളുത്ത പൂക്കളും കായ്കളുമാണ് മണിത്തക്കാളിക്കുണ്ടാവുക. ഇലയും പൂവും മുളകിന്റെ രൂപത്തിലായിരിക്കും.
പൊതുവേ രണ്ടിനങ്ങളുണ്ട്. കായ്കൾ പഴുത്തുകഴിയുമ്പോൾ ഒന്നിന് കറുപ്പും മറ്റൊന്നിന് ചുവപ്പും നിറമായിരിക്കും. കയ്പും പുളിയും കലർന്ന മധുരമാണ് ഇതിന്റെ രുചി. ഭക്ഷ്യവസ്തുവായും ഔഷധമായും മണിത്തക്കാളി ഉപയോഗിക്കുന്നു. വലിയ പരിചരണമില്ലാതെ വളർത്തിയെടുക്കാമെന്നതാണ് പ്രത്യേകത. ഏതു സീസണിലും കായ്ക്കുകയും ചെയ്യും.
വിത്ത് പാകിയാണ് ഇവ മുളപ്പിച്ചെടുക്കുക. ഒരു കായ്ക്കുള്ളിൽ ഒരുപാട് വിത്തുകളുണ്ടാകും. 30 ദിവസത്തിനുള്ളിൽതന്നെ തൈ നടാൻ പാകമാകും. ശേഷം ചട്ടികളിലോ ഗ്രോബാഗുകളിലോ അല്ലെങ്കിൽ നിലമൊരുക്കിയോ നടാം. തണ്ട് മുറിച്ചും ഇവ നടാം. അടുക്കളത്തോട്ടത്തിലും ടെറസിലുമെല്ലാം വളർത്താം. ഏതു കാലാവസ്ഥയിലും വളരും. രോഗബാധയൊന്നും ചെടിയിൽ കണ്ടുവരാറില്ല. ചീര ഉപയോഗിക്കുന്നതുപോലെ മണിത്തക്കാളിയുടെ ഇലയും തണ്ടും പാചകം ചെയ്ത് കഴിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.