പെരിന്തൽമണ്ണ: സപ്ലൈകോക്ക് നെല്ല് നൽകുന്നവരിൽ എസ്.ബി.ഐ, കനറ ബാങ്കുകളിൽ അക്കൗണ്ടില്ലാത്ത കർഷകർ പുതിയ അക്കൗണ്ട് തരപ്പെടുത്തുന്ന തിരക്കിൽ. സപ്ലൈകോക്ക് എസ്.ബി.ഐ, കനറ ബാങ്കുകളുമായി മാത്രമാണ് ഈ വർഷം മുതൽ കരാർ. എന്നാൽ, ഗ്രാമീണ ബാങ്കിലാണ് ബഹുഭൂരിപക്ഷം കർഷകർക്കും അക്കൗണ്ടുള്ളത്.
രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന രജിസ്ട്രേഷനിൽ ആദ്യഘട്ടം നവംബർ മധ്യത്തോടെയും രണ്ടാംഘട്ടം ജനുവരി ഒന്ന് മുതലും ആരംഭിച്ചെങ്കിലും കരാറുള്ള രണ്ട് ബാങ്കുകളിലൊന്നിൽ അക്കൗണ്ടില്ലാത്ത കർഷകർ പുതുതായി അക്കൗണ്ട് തുടങ്ങാൻ നിർബന്ധിതരായി. സീറോ ബാലൻസ് അക്കൗണ്ട് തുറക്കാൻ എസ്.ബി.ഐ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതിനായി കൃഷി ഭവനുകൾ കേന്ദ്രീകരിച്ച് ബാങ്കുകളുടെ കാമ്പയിൻ നടത്താനും ധാരണയുണ്ട്.
സർക്കാർ കണക്കിൽ നെൽകൃഷിക്ക് വിരിപ്പ്, മുണ്ടകൻ, പുഞ്ച എന്നിങ്ങനെ മൂന്ന് ഘട്ട കൃഷിയുണ്ടെങ്കിലും സപ്ലൈകോ ഇത് രണ്ടായാണ് കണക്കാക്കുന്നത്. വിരിപ്പും മുണ്ടകനും കൃഷിയിറക്കുന്നവരാണ് നവംബർ മധ്യത്തോടെ രജിസ്റ്റർ ചെയ്തത്. പുഞ്ച കൃഷിക്ക് ജനുവരി ഒന്നിന് രജിസ്ട്രേഷൻ ആരംഭിച്ചു.
ഈ കർഷകരിൽ എസ്.ബി.ഐ, കനറ ബാങ്കുകളിൽ അക്കൗണ്ടില്ലാത്തവർ പുതുതായി അക്കൗണ്ട് തുറക്കണമെന്നും അവരെ സപ്ലൈകോ നേരിട്ട് വിളിക്കുമെന്നും കൃഷിവകുപ്പ് അറിയിച്ചു. കാർഷിക ബാങ്കെന്ന നിലയിൽ ഗ്രാമീണ ബാങ്കിലാണ് കർഷകർ പലരും അക്കൗണ്ട് തുടങ്ങിയത്. അങ്ങാടിപ്പുറത്തെ 300 കർഷകരിൽ 250 ഓളം പേരും ഏലംകുളത്തെ 319 പേരും ഗ്രാമീണ ബാങ്കിൽ അക്കൗണ്ടുള്ളവരാണെന്ന് കൃഷി ഓഫിസർമാർ പറഞ്ഞു.
ഈ അനുപാതത്തിലാണ് മിക്ക പഞ്ചായത്തുകളിലും കർഷകരുടെ അക്കൗണ്ട്. കർഷകന്റെ പേരിലാണ് സപ്ലൈകോ തുക അനുവദിക്കുകയെന്നതിനാൽ വ്യക്തിയുടെ പേരിൽ തന്നെ അക്കൗണ്ട് വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.