കൊല്ലങ്കോട്: കൊയ്ത നെല്ല് ഒന്നര മാസം കഴിഞ്ഞിട്ടും കൊണ്ടുപോകാത്തതിനാൽ ദുരിതം പേറി കർഷകൻ. പല്ലശ്ശന കൂടല്ലൂർ മുതിരപറമ്പിൽ പ്രഭാകരന്റെ രണ്ടേക്കറിൽ കൊയ്തെടുത്ത നെല്ലാണ് സിവിൽ സപ്ലൈസ് സംഭരിക്കാത്തതിനാൽ മഴയിൽ നനഞ്ഞ് മുളക്കുന്ന അവസ്ഥയിലെത്തിയത്. വെള്ളാരംകുളം പാടശേഖര സമിതിയിൽ എല്ലാ കർഷകരുടെയും നെല്ല് സിവിൽ സപ്ലൈസ് സംഭരിക്കാൻ നിർദേശിച്ച സ്വകാര്യ മില്ലിന്റെ ഏജന്റ് സംഭരിച്ചപ്പോൾ പ്രഭാകരന്റെ 47 ചാക്ക് ഉമ ഇനത്തിൽ ഉൾപ്പെട്ട നെല്ല് സംഭരിച്ചില്ല. ഇതോടെ നെല്ല് റോഡരികിൽ കെട്ടിക്കിടക്കാൻ തുടങ്ങി.
പ്ലാസ്റ്റിക്ക് ഷീറ്റ് ഉപയോഗിച്ച് മറച്ചിട്ടുണ്ടെങ്കിലും മഴവെള്ളം റോഡിലൂടെ ഒഴുകുന്നതിനാൽ അടിവശത്തെ ചാക്ക് നനഞ്ഞ് നെല്ല് മുളക്കുന്ന ഘട്ടത്തിലായെന്ന് പ്രഭാകരൻ പറഞ്ഞു.
നെല്ല് ഏജന്റിന്റെ സമീപനത്തിനെതിരെ കൃഷിമന്ത്രിക്കും കലക്ടർക്കും പരാതി നൽകി കാത്തിരിക്കുകയാണ് ഇദ്ദേഹം. എന്നാൽ, കൊയ്ത സമയത്ത് നെല്ല് സംഭരിക്കുന്ന വാഹനം എത്തിയപ്പോൾ നെന്മാറ ചാത്തമംഗലത്ത് ആയിരുന്നതിനാലാണ് സംഭരിക്കാൻ സാധിക്കാത്തതെന്നും നിലവിൽ നെല്ല് മുതിരപ്പറമ്പിൽ എത്തിച്ചതിനാൽ തിങ്കളാഴ്ച രാവിലെ സംഭരിക്കുമെന്ന് സിവിൽ സപ്ലൈസ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.