സംഭരണസൗകര്യമില്ല; നാളികേരക്കര്‍ഷകര്‍ക്ക് ദുരിതം

കല്‍പറ്റ: സംഭരണത്തിനു സര്‍ക്കാര്‍തലത്തില്‍ സംവിധാനം ഇല്ലാത്തതു ജില്ലയിലെ നാളികേര കര്‍ഷകര്‍ക്കു വിനയാകുന്നു. ഉത്പാദനച്ചെലവിനു ആനുപാതികമായ വില പൊതുവിപണിയില്‍ നാളികേരത്തിനു ലഭിക്കുന്നില്ല. ഇതു കൃഷിക്കാര്‍ക്കു കനത്ത നഷ്ടത്തിനു കാരണമാകുകയാണ്.

നാളികേരം വിപണിയില്‍ വില്‍ക്കുമ്പോള്‍ കിലോഗ്രാമിനു 20 രൂപ വരെയാണ് കർഷകര്‍ക്കു ഇപ്പോള്‍ ലഭിക്കുന്നത്. തെങ്ങുകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്ന സര്‍ക്കാരും കൃഷി വകുപ്പും നാളികേരത്തിനു ന്യായവില ഉറപ്പാക്കുന്നതില്‍ വരുത്തുന്ന വീഴ്ച ജില്ലയില്‍ കര്‍ഷകര്‍ക്കിടയില്‍ കനത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.

ന്യായ വില നിശ്ചയിച്ച് ജില്ലയിലെ മുഴുവന്‍ നഗരസഭകളിലും പഞ്ചായത്തുകളിലും നാളികേര സംഭരണത്തിനു സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുകയാണ്. തനിവിളയായും ഇടവിളയായും തെങ്ങ് കൃഷി ചെയ്യുന്ന അനേകം കര്‍ഷകര്‍ ജില്ലയിലുണ്ട്. നാലു തെങ്ങെങ്കിലും നട്ടുപരിപാലിക്കുന്നവരാണ് 10 സെന്റോ അതില്‍ താഴെയോ ഭൂമി മാത്രം ഉള്ളവര്‍ പോലും.

ഒരു അണുകുടുംബത്തെ സംബന്ധിച്ചിടത്തോളം ഒരു വര്‍ഷത്തെ ഗാര്‍ഹിക ഉപയോഗത്തിനു രണ്ടു തെങ്ങില്‍ വിളയുന്ന നാളികേരം മതിയാകും. ബാക്കി തെങ്ങുകളില്‍നിന്നു ലഭിക്കുന്ന തേങ്ങ വില്‍പനക്കുള്ളതാണ്. ഉപജീവന മാര്‍ഗമെന്ന നിലയില്‍ തെങ്ങുകൃഷി ചെയ്യുന്നവരും ജില്ലയില്‍ നിരവധിയാണ്.

ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 194 നാളികേര ഉത്പാദക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ശരാശരി 100 കര്‍ഷകരടങ്ങുന്നതാണ് ഓരോ സംഘവും. കായ്ഫലമുള്ള നാലായിരത്തോളം തെങ്ങ് ഓരോ സംഘത്തിന്റെയും പരിധിയിലുണ്ട്. ഇതില്‍നിന്നുതന്നെ വ്യക്തമാണ് ജില്ലയിലെ നാളികേര കൃഷിയുടെ വ്യാപ്തി.

തെങ്ങുകൃഷി ഒരു തരത്തിലും ലാഭകരമല്ലാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളതെന്ന് കർഷകർ പറയുന്നു. ഒരു തെങ്ങില്‍ കയറി തേങ്ങയിടുന്നതിനു തൊഴിലാളിക്കു 50 രൂപയാണ് കൂലി. ഒരു തേങ്ങ പൊതിക്കുന്നതിനു ഒരു രൂപ നല്‍കണം.

തെങ്ങില്‍നിന്നു ഇറക്കുന്ന നാളികേരം പെറുക്കിക്കൂട്ടുന്നതിനും പൊതിച്ച തേങ്ങ വിപണിയില്‍ എത്തിക്കുന്നതിനുമുള്ള ചെലവ് പുറമേയാണ്. ഉത്പാദനച്ചെലവിന്റെ പാതി പോലും നാളികേരം വില്‍ക്കുമ്പോള്‍ ലഭിക്കുന്നില്ലെന്നും കർഷകർ പറയുന്നു.

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സില്‍(വി.എഫ്.പി.സി.കെ) നാളികേര സംഭരണം നടത്തുന്നുണ്ട്. എന്നാല്‍ സാമ്പത്തിക കാരണങ്ങളാല്‍ വി.എഫ്.പി.സി.കെ ജില്ലയില്‍ നാളികേര സംഭരണത്തിനു ഇറങ്ങിയിട്ടില്ല.

മാനന്തവാടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നേരിട്ടു നാളികേര സംഭരണം നടത്തുന്നുണ്ടെങ്കിലും അതിന്റെ പ്രയോജനം ഭൂരിഭാഗം കര്‍ഷകര്‍ക്കും ലഭിക്കുന്നില്ല.

ജൈവ സര്‍ട്ടിഫിക്കേഷനുള്ള കൃഷിയിടങ്ങളില്‍ വിളയുന്ന തേങ്ങ മാത്രമാണ് സൊസൈറ്റി കിലോഗ്രാമിനു 35 രൂപ നിരക്കില്‍ സംഭരിക്കുന്നത്. ഏകദേശം 18,000 കര്‍ഷകരില്‍നിന്നാണ് സൊസൈറ്റി നാളികേരം സംഭരിക്കുന്നത്.

സര്‍ക്കാര്‍തലത്തില്‍ സംഭരണത്തിനു സംവിധാനം അടിയന്തരമായി ഒരുക്കുകയാണ് ജില്ലയില്‍ തെങ്ങുകര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിക്കു പരിഹാരമെന്നു നാളികേര ഉത്പാദക ഫെഡറേഷന്‍ ഭാരവാഹികൾ പറയുന്നു. തെങ്ങുകൃഷി വ്യാപനത്തിന് പ്രോത്സാഹനം നല്‍കുന്നുവെന്ന് പ്രഖ്യാപിക്കുന്ന സര്‍ക്കാരും കൃഷി വകുപ്പും നാളികേര ഉത്പാദനം ആദായകരമാക്കുന്നതിനുള്ള നടപടികൾ ജില്ലയിൽ സ്വീകരിക്കണമെന്നാണ് ആവശ്യം.

Tags:    
News Summary - No storage facility-coconut farmers in crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.