മൂവാറ്റുപുഴ: കൃഷി വകുപ്പ് നേതൃത്വത്തിൽ മൂവാറ്റുപുഴ ഇ.ഇ.സി മാർക്കറ്റിൽ ഭൂമി പാട്ടത്തിനെടുത്തുള്ള പച്ചക്കറി കൃഷി വെള്ളം കിട്ടാതെ ഉണങ്ങിനശിച്ചു.
മാർക്കറ്റിന്റെ രണ്ടേക്കർ ഭൂമിയിൽ കൃഷിനടത്തി വരുന്ന സംസ്ഥാന കർഷക അവാർഡ് നേടിയ കാലാമ്പൂര് കടയ്ക്കോട് ദേവദാസിന്റെ പച്ചക്കറി കൃഷിയാണ് ഉണങ്ങിനശിച്ചത്. പാവൽ, പയർ, ടിഷ്യൂകൾചർ വാഴ എന്നിവയാണ് ഉണങ്ങിയത്. പോളിഹൗസിൽ കൃഷിചെയ്ത പാവലും 40 സെന്റ് സ്ഥലത്ത് ഇറക്കിയ പയറും ഒന്നരയേക്കറിലെ 1200 വാഴകൃഷിയുമാണ് ഉണങ്ങിയത്.
നാലുദിവസമായി മാർക്കറ്റിൽനിന്ന് വെള്ളം ലഭിക്കാത്തതാണ് കൃഷിയുണങ്ങാൻ കാരണം. ജലസേചനത്തിന് സംവിധാനം ഒരുക്കണമെന്ന് പലവട്ടം അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും വൈദ്യുതി തടസ്സം ഉള്ളതിനാൽ കഴിയുന്നില്ലെന്നാണ് മറുപടി നൽകിയത്. പോളിഹൗസിലെ പാവൽ പൂർണമായ ഉണങ്ങിനശിച്ചു. കിലോക്ക് 80 രൂപ ലഭിച്ച പയർ കൃഷിയും നശിച്ചു. ടിഷ്യൂകൾചർ വാഴകളും നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായതെന്നു ദേവദാസ് പറഞ്ഞു.
വിഷു വിപണി ലക്ഷ്യമാക്കി കൃഷിചെയ്ത കണിവെള്ളരിയും പയറും നശിക്കാതിരിക്കാൻ വെള്ളം പല സ്ഥലങ്ങളിൽനിന്ന് കുടത്തിലും മറ്റും എത്തിച്ചാണ് നനക്കുന്നത്. മൂന്നു കിണറുകളുള്ള മാർക്കറ്റിൽ ആവശ്യത്തിന് വെള്ളമുണ്ട്. നാലുദിവസം മാർക്കറ്റിനുള്ളിലുള്ള ട്രാൻസ്ഫോർമർ കേടായതാണ് ജലസേചനത്തിനുള്ള വഴിയടഞ്ഞത്.
നന്നാക്കാൻ നടപടി സ്വീകരിക്കണമെന്ന് മാർക്കറ്റ് അധികൃതരോട് ആവശ്യപ്പെട്ടങ്കിലും നടപടിയില്ല. മാർക്കറ്റിൽ വാടകക്ക് ഇരിക്കുന്ന മറ്റ് സ്ഥാപനങ്ങളിൽ ജനറേറ്റർ ഉപയോഗിച്ച് വെള്ളം നൽകുന്നുണ്ടെങ്കിലും തനിക്ക് ലഭിക്കുന്നില്ലെന്നും ദേവദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.