നാടൻ കിഴങ്ങുകളും വിദേശ കിഴങ്ങുകളും സംരക്ഷിച്ച് വളർത്തുകയും വിൽക്കുകയും ചെയ്യുന്ന നിരവധി കർഷകരുണ്ടെങ്കിലും ഭക്ഷ്യയോഗ്യമായ കാട്ടുകിഴങ്ങുകൾ കണ്ടെത്തി സംരക്ഷിക്കുന്നവരെ കുറിച്ച് നാം അധികം കേൾക്കാറില്ല. എന്നാൽ, വയനാട്ടിൽ കുറച്ച് അമ്മമാർ വർഷങ്ങളായി ഇത്തരം കാട്ടുകിഴങ്ങുകൾ സംരക്ഷിച്ചു വരുന്നുണ്ട്. കാട്ടിക്കുളം ബാവലി റോഡരികിലായി ഇരുമ്പുപാലം കോളനിയിലാണ് നുറാങ്ക് എന്ന കിഴങ്ങ് സംരക്ഷണ കേന്ദ്രമുള്ളത്.
കുടുംബശ്രീ വഴി ഒരേക്കറോളം സ്ഥലത്ത് പത്ത് ഗോത്രസ്ത്രീകളാണ് കാട്ടുകിഴങ്ങുകളെ സംരക്ഷിക്കുന്നത്. ശാരദ, ലക്ഷ്മി, സുനിത, ശരണ്യ, ബിന്ദു, റാണി, കമല, സരസ്വതി തുടങ്ങിയവരാണ് കിഴങ്ങ് സംരക്ഷകർ. 180 വ്യത്യസ്തങ്ങളായ കിഴങ്ങുവർഗങ്ങളാണ് നുറാങ്കിലൂടെ സംരക്ഷിക്കുന്നത്. നാരക്കിഴങ്ങ്, നൂറ കിഴങ്ങ്, കാട്ടുചേന, തൂണ് കാച്ചില് തുടങ്ങി ഭക്ഷ്യയോഗ്യവും പോഷകദായകവുമായ കിഴങ്ങുകളുടെ ശേഖരംതന്നെ നുറാങ്കിലുണ്ട്. കാച്ചിൽ, കൂർക്ക, ചേമ്പ്, മഞ്ഞൾ, കൂവ എന്നിവയുടെ വ്യത്യസ്തമായ ഇനങ്ങൾ വേറെയും.
സുഗന്ധ കാച്ചിൽ, പായസ കാച്ചിൽ, കരിന്താള്, വെട്ടുചേമ്പ്, വെള്ള കൂവ, നീല കൂവ, കാച്ചിൽ, ആറാട്ടുപുഴ കണ്ണൻ ചേമ്പ്, തൂൺ കാച്ചിൽ തുടങ്ങിയ വൈവിധ്യമാർന്ന കിഴങ്ങുകളുടെ ശേഖരംതന്നെയുണ്ടിവിടെ. ആദിവാസി സമഗ്ര വികസനത്തിന്റെ ഭാഗമായി അഞ്ചുവർഷമായി പദ്ധതി തുടങ്ങിയിട്ട്. നിലവിൽ വിത്ത് ആവശ്യമുള്ളവർക്ക് മാത്രമേ കൊടുക്കാറുള്ളൂ. പൈതൃക കൃഷി, വിത്ത് സംരക്ഷണം, വിള സംരക്ഷണം എന്നീ പ്രവർത്തനങ്ങൾ നടത്തുന്ന മികച്ച ആദിവാസി ഊരിനുള്ള സർക്കാറിന്റെ കഴിഞ്ഞ വർഷത്തെ പുരസ്കാരവും ഇരുമ്പുപാലം ആദിവാസി ഊരിന് ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.