കോട്ടയം: അനിയന്ത്രിതമായ ചൂടിൽ നെൽക്കതിരുകൾ പതിരായി. കോട്ടയം, നാട്ടകം കൃഷിഭവനുകൾക്ക് കീഴിലെയും തിരുവാർപ്പ് പഞ്ചായത്തിലെയും പാടശേഖരങ്ങളിലാണ് നെൽക്കതിരുകൾ പതിരായത്. ആരോഗ്യമുള്ള നെൽച്ചെടികളായിരുന്നതിനാൽ മികച്ച വിളവ് കിട്ടുമെന്നായിരുന്നു കർഷകരുടെ പ്രതീക്ഷ. എന്നാൽ കൊയ്ത്ത് തുടങ്ങിയപ്പോഴാണ് നെല്ലില്ലെന്ന് മനസിലായത്. മണിക്കൂറിന് 2100 രൂപയാണ് കൊയ്ത്ത് യന്ത്രത്തിന്. അതിനുള്ള കൂലിപോലും കിട്ടില്ലെന്നായതോടെ കർഷകർ കൊയ്ത്ത് പാതിവഴിയിൽ ഉപക്ഷേിച്ചിരിക്കുകയാണ്. പത്തുശതമാനം പോലും നെല്ല് കിട്ടിയില്ലെന്നാണ് കർഷകർ പറയുന്നത്. 15 വർഷത്തിനിടെ ആദ്യമായാണ് കർഷകർക്ക് ഇത്തരം അനുഭവം. സാധാരണ വേനല്‍ ശക്തമാകുന്ന വര്‍ഷങ്ങളില്‍ നെല്‍ച്ചെടികള്‍ കരിഞ്ഞുണങ്ങുന്നതോ ഉപ്പുവെള്ളം കയറുന്നതോ ആയിരുന്നു കര്‍ഷകര്‍ നേരിട്ടിരുന്ന ഭീഷണി.
വേളൂർ പാറോച്ചാൽ പാടശേഖരത്തിൽ 32 ഏക്കറോളം പാടത്തുനിന്ന് ആകെ കിട്ടിയത് 200 ക്വിന്റൽ നെല്ല് മാത്രമാണ്. എട്ട് കർഷകരാണ് ഇവിടെ കൃഷിചെയ്യുന്നത്. ഒരു ഏക്കറിൽ നെൽക്കൃഷി ഇറക്കാൻ 35,000-40,000 രൂപ ചിലവുണ്ട്. വായ്പയെടുത്തും സ്വർണം പണയുംവെച്ചുമാണ് കർഷകർ ഈ ചിലവ് കണ്ടെത്തുന്നത്. കൃഷി നശിച്ചതോടെ കണ്ണീരിലാണ് കർഷകർ. സർക്കാർ സഹായം ലഭിക്കാതെ മുന്നോട്ടുപോവാൻ കഴിയില്ല. മുനിസിപ്പൽ കൃഷി ഓഫിസർക്കും കൃഷിഭവനിലും പരാതി നൽകാനൊരുങ്ങുകയാണ് ഇവർ. നാട്ടകത്ത് ചൂട് ശക്തമാവുംമുമ്പേ കൊയ്ത്ത് കഴിഞ്ഞവർക്ക് നല്ല നെല്ലാണ് കിട്ടിയത്. വൈകി വിതച്ചവർക്ക് കൊയ്ത്ത് ആയപ്പോഴേക്കും നെല്ല് പതിരായി.
ഒരു ഏക്കറിൽനിന്ന് ശരാശരി 20 ക്വിന്റൽ നെല്ല് കിട്ടേണ്ടിടത്ത് രണ്ട് ക്വിന്റൽ ആണ് കിട്ടിയത്. അയ്മനം, ആര്‍പ്പൂക്കര, കുമരകം, നീണ്ടൂര്‍ പഞ്ചായത്തുകളിലും കോട്ടയം നഗരസഭ പരിധിയിലുമുള്ള നിരവധി കര്‍ഷകരും വിളവ് കുറഞ്ഞതിന്റെ ആഘാതത്തിലാണ്. നാട്ടകം കൃഷിഭവന്റെ കീഴില്‍ വരുന്ന എരവുകരി, അര്ജുനകരി, കോയിപ്പുറം പാടശേഖരങ്ങളിലും തിരുവാര്‍പ്പ് കൃഷിഭവന്റെ കീഴിലെ കേളക്കര മാടപ്പള്ളിക്കാട്, മാടക്കാട്, നടുവിലേകരി പാടശേഖരങ്ങളിലും ഉൽപാദനം എട്ടു ക്വിന്റലില്‍ താഴെയാണെന്ന് കര്‍ഷകര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.