പന്തളം: ഏറെ പ്രതിസന്ധിയെ അതിജീവിച്ച് കർഷകർ നെല്ലുവിളയിക്കുന്ന പാടത്ത് ട്രാക്ടറും കൊയ്ത്തുയന്ത്രവും എത്തിക്കുന്നതു മുതൽ നെല്ല് സംഭരിച്ച് മില്ലുകളിൽ എത്തിക്കുന്നതുവരെ എല്ലാം നിയന്ത്രിക്കുന്നത് ഏജന്റുമാർ. ചില വർഷങ്ങളിൽ മികച്ച വിളവുണ്ടെങ്കിലും ആവശ്യത്തിന് കൊയ്ത്തുയന്ത്രങ്ങൾ കിട്ടാതെ വരും. അപ്പോൾ ഏജന്റുമാർ യന്ത്രവാടക കൂട്ടും. മിക്കവാറും യന്ത്രങ്ങൾ തമിഴ്നാട്ടിൽനിന്ന് കൊണ്ടുവരുന്നവയാണ്. തമിഴ്നാട്ടിലും പാലക്കാടൻ പാടങ്ങളിലും കൊയ്ത്തുകാലമായാൽ യന്ത്രങ്ങൾ കിട്ടാൻ ബുദ്ധിമുട്ടും. അപ്പോൾ ഏജന്റുമാർ വിലപേശൽ തുടങ്ങും. മഴക്കോളുണ്ടായാൽ നെല്ല് വീണു നശിക്കുമെന്നതിനാൽ എങ്ങനെയും കൊയ്തെടുക്കാൻ കർഷകർ നിർബന്ധിതരാകും. മണിക്കൂറിന് 1500-1600 രൂപ വാടക ഉണ്ടായിരുന്നപ്പോൾ 2000 രൂപക്ക് മുകളിൽ ചോദിച്ചവരുണ്ട്. ഈ വർഷം 1800-1850 രൂപ വാടകക്ക് ആവശ്യത്തിന് യന്ത്രങ്ങൾ ലഭ്യമായതിനാൽ കൊയ്ത്തിനു വലിയ പ്രയാസം നേരിട്ടില്ല.
ന്യായവില ഉറപ്പുനൽകാതെ സ്വകാര്യ മില്ലുകാർ കൃഷിക്കാരെ ചൂഷണം ചെയ്യുന്നതു തടയുന്നതിനാണ് സപ്ലൈകോ വഴി വികേന്ദ്രീകൃത നെല്ലുസംഭരണം തുടങ്ങിയത്. അറുപതോളം മില്ലുകളാണ് സംഭരണത്തിന് സർക്കാറുമായി കരാറുണ്ടാക്കിയിരിക്കുന്നത്. ഈ മില്ലുകൾക്ക് സംസ്കരണ ശേഷിയുടെ അടിസ്ഥാനത്തിൽ സംഭരണ അലോട്മെന്റ് ലഭിക്കും. പക്ഷേ, പാടശേഖരങ്ങളിൽനിന്ന് നെല്ല് ശേഖരിച്ച് മില്ലിൽ എത്തിക്കുന്നത് ഏജന്റുമാരാണ്. അവരാണ് നെല്ലിലെ ഈർപ്പത്തിന്റെയും മറ്റും പേരിൽ കർഷകരുമായി വിലപേശുന്നത്. ആദ്യം ശേഖരിക്കുന്ന നെല്ലിന്റെ കാര്യത്തിൽ വലിയ സമ്മർദങ്ങളുണ്ടാകില്ല. ഇത്തവണ ആദ്യം കൊയ്ത്തു നടന്ന പന്തളത്തിന് പടിഞ്ഞാറുവശത്ത് ചില പാടശേഖരങ്ങളിൽ കിഴിവില്ലാതെ തന്നെ നെല്ല് സംഭരിച്ചു.
പിന്നീട് നിരവധി പാടശേഖരങ്ങളിൽനിന്ന് കരാർ സമ്മതിച്ച് മൂന്ന് ലോഡ് നെല്ലു കൊണ്ടുപോയ ഏജന്റ് ബാക്കി നെല്ല് നിറക്കാനുള്ള ചാക്കും നൽകി പോയിട്ട് പിന്നെ വന്നില്ല. എട്ട് ശതമാനം കിഴിവ് വേണമെന്നായി പിന്നെ. കൃഷി വകുപ്പ് ഉദ്യോഗസ്ഥരും പാഡി മാർക്കറ്റിങ് ഓഫിസറും ഇടപെട്ടെങ്കിലും വഴങ്ങിയില്ല. ഒടുവിൽ എട്ടു ശതമാനം കിഴിവ് നൽകാൻ കർഷകർ നിർബന്ധിതരായി. ചാക്കിൽ കെട്ടി പാടവരമ്പത്തും റോഡിലും വെച്ചിരുന്ന നെല്ല് കഴിഞ്ഞദിവസമാണ് കൊണ്ടുപോയത്.
ഗുണനിലവാര പരിശോധനക്കുശേഷം 7.5 ശതമാനം കിഴിവ് നിർദേശിച്ച സ്ഥാനത്ത് 10 ശതമാനംവരെ നൽകാൻ തയാറായിട്ടും നെല്ലു കൊണ്ടുപോകാൻ മില്ലുകാർ തയാറായില്ല. പല മില്ലുടമകളുമായി സംസാരിച്ചിട്ടും 15 ശതമാനം കിഴിവുകിട്ടാതെ നെല്ലെടുക്കില്ലെന്ന നിലപാടിലായിരുന്നു ഏജന്റുമാർ. ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടതോടെയാണ് 10 ശതമാനം കിഴിവോടെ എടുക്കാമെന്ന് സമ്മതിച്ചെങ്കിലും ചാക്കില്ല, വണ്ടിയില്ല തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് വീണ്ടും കർഷകരെ സമ്മർദത്തിലാക്കി.
കേന്ദ്രം നിശ്ചയിച്ച 68 ശതമാനം ഔട്ട് ടേൺ റേഷ്യോയുടെ അടിസ്ഥാനത്തിലാണ് മില്ലുകൾ നെല്ലു സംഭരിക്കുന്നത്. സംഭരിക്കുന്നതിന്റെ 68 ശതമാനം അരിയായി തിരികെ നൽകണം. സംഭരിക്കുന്ന ഓരോ ക്വിന്റൽ നെല്ലിനും 68 കിലോ അരി വീതം സപ്ലൈകോക്ക് തിരികെ നൽകണമെന്നാണ് വ്യവസ്ഥ. അഞ്ചു വർഷം സർക്കാർ മില്ലുടമകളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ അത് 64 ശതമാനമായി കുറച്ചിരുന്നു.
ഈ വർഷം 68 ശതമാനം എന്ന വ്യവസ്ഥ പുനഃസ്ഥാപിച്ചു. ഈ വ്യവസ്ഥ പാലിക്കേണ്ടതുള്ളതിനാലാണ് സംഭരിക്കുന്ന നെല്ലിന്റെ ഗുണനിലവാരം അനുസരിച്ച് മില്ലുകാർ കിഴിവ് ചോദിക്കുന്നത്. ഈർപ്പവും പതിരും കൂടുതലാണെങ്കിൽ 100 കിലോ നെല്ലു സംസ്കരിക്കുമ്പോൾ 68 കിലോ അരി കിട്ടില്ലെന്നതാണ് കാരണം. പക്ഷേ, ഇതിന്റെ പേരിൽ ഏജന്റുമാരുടെ മുതലെടുപ്പ് നടക്കുന്നെന്നാണ് കർഷകർ ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.