പാലക്കാട്: രണ്ടു പതിറ്റാണ്ടിനുശേഷം നെല്ലുസംഭരണം വീണ്ടും സഹകരണ സംഘങ്ങളുടെ കൈകളിലേക്ക്. 2018ൽ സി.പി.എം മുൻകൈ എടുത്ത് ആവിഷ്കരിച്ച പദ്ധതി സി.പി.ഐയുടെ എതിർപ്പിനെ തുടർന്ന് കടലാസിലൊതുങ്ങുകയായിരുന്നു. നെല്ലുസംഭരണവും പണം നൽകുന്നതും സംബന്ധിച്ച് ഇടതുമുന്നണിയിൽ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നതിനിടെയാണ് ജില്ലയിൽ വീണ്ടും പദ്ധതിക്ക് ജീവൻ വെക്കുന്നത്. സപ്ലൈകോയെ ഒഴിവാക്കി പ്രാഥമിക സഹകരണ സംഘങ്ങളെ നെല്ലുസംഭരണം ഏൽപിക്കാൻ വിഭാവനം ചെയ്യുന്നതായിരുന്നു പദ്ധതി. ഇത് സമയാധിഷ്ടിതമായി പണം നൽകുന്നതിനും സംഭരണം കാര്യക്ഷമമാക്കാനും ഉപകരിക്കുമെന്നായിരുന്നു വിലയിരുത്തൽ. ഇതിനുള്ള പണം പ്രാഥമിക സഹകരണസംഘങ്ങളുടെ കൺസോർട്യം രൂപവത്കരിച്ച് സ്വരൂപിക്കാനും ലക്ഷ്യമിട്ടിരുന്നു. എന്നാൽ, സർവിസ് സംഘടനകളുടെയും സി.പി.ഐയുടെയും ഇടപെടലിനെ തുടർന്ന് പദ്ധതി കടലാസിൽ മാത്രമായി ഒതുങ്ങി. സപ്ലൈകോയും കൃഷിവകുപ്പും സംയുക്തമായി ചെയ്യുന്ന പദ്ധതിയിൽ പ്രാഥമിക സഹകരണ സംഘങ്ങളെ ഉൾപ്പെടുത്തുന്നതിൽ ശക്തമായ വിയോജിപ്പും ഉയർന്നു.
ഇതിനെല്ലാം പുറമെ കൃഷിയും സപ്ലൈകോയും കൈയാളുന്ന സി.പി.ഐയും സഹകരണവകുപ്പ് കൈയാളുന്ന സി.പി.എം തമ്മിലുള്ള ചക്കളത്തിപ്പോരും പദ്ധതിക്ക് തുരങ്കം വെച്ചു. സഹകരണ സംഘങ്ങളുടെ പ്രവർത്തന പരിധിയിൽ വരുന്ന നെല്ല് അതത് സംഘങ്ങൾ സംഭരിക്കാനാണ് തീരുമാനം. സർക്കാർ നിശ്ചയിച്ച താങ്ങുവിലയായ കിലോക്ക് 28.20 രൂപ സംഭരിച്ചതിന്റെ അടുത്ത ദിവസം കർഷകർക്ക് നൽകും. സപ്ലൈകോയുമായി കരാറിൽ ഏർപ്പെടുന്ന മില്ലുകാർക്കോ പുറത്തുള്ള മില്ലുകാർക്കോ നെല്ല് വിൽക്കാൻ സഹകരണ സംഘങ്ങൾക്ക് അധികാരമുണ്ടാകും. സംഘങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ അരിയാക്കി നൽകാം. ഇതിനുള്ള നടപടക്രമത്തിനും ചട്ടങ്ങൾക്കും ഉടൻ രൂപം നൽകാനും കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന മന്ത്രിസഭ ഉപസഭസമിതി തീരുമാനിച്ചു. 2003ലാണ് സംഭരണം സപ്ലൈകോ ഏറ്റടുത്തത്. 2001 രണ്ടാം സീസൺ മുതൽ നെല്ല് സംഭരണത്തിന് സഹകരണസംഘങ്ങളെ ചുമതലപ്പെടുത്തിയെങ്കിലും പദ്ധതി നടത്തിപ്പിലെ വീഴ്ചയും ചില അനാരോഗ്യ പ്രവണതകളും കാരണം സംഭരണം സപ്ലൈകോവിനെ ഏൽപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.