പന്തളം: ചേരിക്കൽ കരിങ്ങാലി പാടശേഖരങ്ങളിൽ നെല്ല് സംഭരണം മുടങ്ങി. രണ്ട് ദിവസത്തെ മഴ പാടത്തെ മുക്കിയതോടെ കർഷകർ വീണ്ടും കണ്ണീരിലായി. പന്തളം നഗരസഭയുടെ പടിഞ്ഞാറൻ മേഖലയായ കരിങ്ങാലി പാടശേഖരങ്ങളിൽനിന്ന് ഒരാഴ്ച മുമ്പ് കൊയ്ത നെല്ലാണ് കിഴിവ് കൂടുതൽ വേണമെന്ന് ആവശ്യമുന്നയിച്ച് മില്ലുകാർ എടുക്കാതിരിക്കുന്നത്. നെല്ലിൽ മൂന്നുശതമാനംവരെ പതിരിന്റെ അളവ് അനുവദനീയമാണ്. എന്നാൽ, ഇവിടെങ്ങളിൽ പ്രദേശത്ത് കൊയ്തിട്ടിരിക്കുന്ന നെല്ലിൽ 12.83 ശതമാനം വരെ പതിര് ആണെന്നാണ് സപ്ലൈകോ അധികൃതർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.ഇതു കാരണം മില്ലുകാർ എല്ലാവരും സംഭരണത്തിൽനിന്ന് പിന്മാറിയതായി കത്ത് നൽകി.
ഇവിടെ 13 ലോഡ് നെല്ലാണ് പല സ്ഥലത്തായി കെട്ടിക്കിടക്കുന്നത്. ഇതിനകം ജില്ലയിൽ 1,05,897.78 ടൺ നെല്ല് സംഭരിച്ചു. 59 മില്ലുകാർ ആദ്യം സംഭരണ രംഗത്തുണ്ടായിരുന്നു. പാലക്കാട് നിന്നുള്ള മിക്ക മില്ലുകാരും സംഭരണത്തിൽനിന്ന് പിന്മാറിയിരിക്കുകയാണ്. പതിരു കൂടുതലുള്ള നെല്ല് സംഭരിച്ചാൽ സപ്ലൈകോയുടെ നിർദേശപ്രകാരമുള്ള അരി നൽകാൻ കഴിയില്ലെന്ന കാരണം പറഞ്ഞാണ് മാറിയത്.
ഒരു ക്വിന്റൽ നെല്ല് സംഭരിച്ചാൽ 68 കിലോ അരി തിരികെ കൊടുക്കണമെന്നാണ് വ്യവസ്ഥ. കർഷകരുടെയും പാടശേഖര സമിതിയുടെയും പരാതിയെ തുടർന്ന് ജില്ല പാഡി ഓഫിസറും മറ്റു ഉദ്യോഗസ്ഥരും പാടശേഖരത്തിലെത്തി മില്ലുകാരും കർഷകരുമായി ധാരണയിലെത്തിയിട്ടുപോലും മില്ലുകാർ വാക്കുപാലിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി. സർക്കാർ നിശ്ചയിച്ച ന്യായമായ കിഴിവ് നൽകാമെന്ന് കർഷകർ പറഞ്ഞിട്ടും 10 മുതൽ 15 ശതമാനംവരെ കിഴിവ് വേണമെന്നാണ് മില്ലുകാരുടെ ആവശ്യം.
ഞായറാഴ്ച പതിവിലും വ്യത്യസ്തമായി ഒന്നര മണിക്കൂറുകളോളം തുടർച്ചയായി പെയ്ത കനത്ത മഴ കർഷകരുടെ ആശങ്ക വർധിപ്പിക്കുന്നു. പുഞ്ചകൃഷി വിളവെടുപ്പ് അവസാനഘട്ടത്തിലാണ്. ഇതിനകം 93.88 ശതമാനം (26961.32 ഹെക്ടർ) പാടത്തും കൊയ്ത്ത് കഴിഞ്ഞു. ഇതുവരെ 27,505 കർഷകരിൽനിന്ന് 314.57 കോടിയുടെ നെല്ലാണ് സംഭരിച്ചത്. 203.28 കോടിയുടെ ലിസ്റ്റ് ബാങ്കുകൾക്ക് നൽകിയിട്ടുണ്ട്. കനറാ ബാങ്കിൽ 9564 കർഷകർക്കുള്ള 127.14 കോടിയുടെയും എസ്.ബി.ഐയിൽ 6776 കർഷകർക്കായി 76.14 കോടിയുടെയും ലിസ്റ്റാണ് നൽകിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.