പാലക്കാട്: ഒന്നാംവിള കൊയ്ത്ത് ആരംഭിച്ചിട്ടും നെല്ല് സംഭരണ മുന്നൊരുക്കങ്ങളിൽ കാലതാമസം വരുത്തി സപ്ലൈകോ കർഷകരെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ ആദ്യവാരം സംഭരണം തുടങ്ങിയെങ്കിൽ, ഈ വർഷം ഒരുക്കം എങ്ങുമെത്തിയിട്ടില്ല.
സംസ്ഥാനത്തെ മില്ലുടമകളുമായി ഇതുവരെ കരാറിലെത്താൻ കഴിഞ്ഞിട്ടില്ല. നാമമാത്ര മില്ലുകൾ മാത്രമാണ് സപ്ലൈകോയുമായി സഹകരിക്കുന്നത്. ജില്ലയിലെ പടിഞ്ഞാറൻ മേഖലകളിലും ആലത്തൂർ താലൂക്കിലെ മലയോര മേഖലകളിലിലെ ചിലയിടങ്ങളിലും കൊയ്ത്ത് തുടങ്ങി. എന്നാൽ, സംഭരണം നീണ്ടുപോകുന്നത് ജില്ലയിലെ കർഷകരെ സാരമായി ബാധിച്ചുതുടങ്ങി. ഓരോ വർഷവും 52 സ്വകാര്യ മില്ലുകളാണ് സപ്ലൈകോക്ക് വേണ്ടി കർഷകരിൽനിന്ന് നെല്ല് സംഭരിച്ച് അരിയാക്കി തിരികെ നൽകുന്നത്. സഹകരണമേഖലയുടെ സഹകരണത്തോടെയായിരിക്കും ഒന്നാം വിള നെല്ല് സംഭരണം എന്ന് പറയുന്നുണ്ടെങ്കിലും വ്യക്തയില്ല.
മുൻവർഷങ്ങളിൽ ഈ രീതി നടപ്പാക്കാൻ ശ്രമിച്ചെങ്കിലും പാതിവഴിയിൽ മുടങ്ങി. സപ്ലൈകോ- സഹകരണ വകുപ്പുകളുടെ ഏകോപനമില്ലായ്മയായിരുന്നു കാരണം. സംഭരണം സുഗമമായി നടത്താൻ കൃഷി വകുപ്പിലെ കൃഷി അസിസ്റ്റന്റുമാരെ പാഡി പ്രൊക്യുർമെന്റ് ജീവനക്കാരായി ഡെപ്യൂട്ടേഷനിൽ നിയമിക്കാറാണ് പതിവ്. എന്നാൽ, ഈ വർഷം ഈ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്താനാണ് തീരുമാനം. ഇതിനായി അപേക്ഷ ക്ഷണിച്ചതേയുള്ളൂ. ഇതോടെ സംഭരണം വീണ്ടും നീണ്ടുപോകും. വിളവെടുപ്പ് നടത്തിയ കർഷകർ മഴയിൽ നെല്ല് ഉണക്കി സൂക്ഷിക്കാൻ കഴിയാതെ പ്രയാസപ്പെടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.