കേ​മ​നെ​ അറി​ഞ്ഞാ​ൽ ലാ​ഭ​മു​ണ്ടാ​ക്കാം

എല്ലാ വീടുകളിലും സമൃദ്ധമായി വളരുന്ന ഒന്നാണ് പപ്പായ. എന്നാൽ, ഇതിന്റെ വിപണി സാധ്യതകളെക്കുറിച്ച് പലർക്കും അറിയില്ല. പപ്പായ കൃഷിചെയ്യുന്നവർതന്നെ പറയുന്നത് മുടക്കിയ കാശുപോലും തിരികെ കിട്ടുന്നില്ല എന്നാണ്. അതുകൊണ്ടുതന്നെ പപ്പായ കൃഷി കുറഞ്ഞുവരുന്നുണ്ട്. എന്നാൽ, പപ്പായയുടെ അത്യുൽപ്പാദന ശേഷിയുള്ള വിത്തുകളുടെയും കൃഷി രീതികളെക്കുറിച്ചുമെല്ലാം മനസ്സിലാക്കിയാൽ ഈ കൃഷി ലാഭത്തിലാക്കാമെന്ന് കാർഷിക വിദഗ്ധർ പറയുന്നു.

‘റെഡ് ലേഡി’ താരം

മറുനാടൻ ഇനമായ ‘റെഡ് ലേഡി’ ആണ് കൃഷിക്ക് ഏറ്റവും ഉത്തമമെന്നാണ് വിദഗ്ധരുടെ പക്ഷം. ഈ പപ്പായയുടെ ഉൾഭാഗം ചുവന്ന നിറത്തിലായിരിക്കും. ആറുമാസംകൊണ്ട് കായ്ക്കുമെന്നതാണ് പ്രത്യേകത. മാത്രമല്ല ഒരു മരത്തിൽ ഒരേസമയം നാല്പതിലധികം പപ്പായകൾവരെ കായ്ക്കും. ഇവക്ക് നല്ല തൂക്കവും കാണും. പച്ച പപ്പായക്കും പഴുത്ത പപ്പായക്കും എല്ലാ കാലത്തും ആവശ്യക്കാരുണ്ട് എന്നത് വിപണിസാധ്യത വർധിപ്പിക്കുന്നു.

കയറ്റുമതി സാധ്യതയും ഏറെ. ജനുവരി അവസാനം, ഫെബ്രുവരി, മാർച്ച് മാസങ്ങളാണ് പപ്പായ തൈകൾ മുളപ്പിക്കാൻ ഉത്തമം. പോളിത്തീൻ ബാഗിൽ മണലും ചാണകപ്പൊടിയും മണ്ണും ചേർത്തിളക്കി വിത്തുപാകി മുളപ്പിക്കണം. നന ആവശ്യത്തിന് മാത്രമായിരിക്കണം. ഏപ്രിൽ അവസാനം മുതൽ മേയ്, ജൂൺ അവസാനം വരെയാണ് തൈകൾ മാറ്റിനടാൻ പറ്റിയ സമയം. ഒന്നരമാസത്തെ ഇടവേളയിൽ വളം ചേർക്കണം. ചാണകവും കമ്പോസ്റ്റും ഉത്തമം. മിക്ക നഴ്സറികളിലും പപ്പായ തൈകളും വിത്തുകളും ലഭ്യമാണ്. കൃഷി ഓഫിസുമായി ബന്ധപ്പെട്ടും ഇത് ലഭ്യമാകും.

രോഗങ്ങളിൽ ശ്രദ്ധ വേണം

ഫംഗസ് മൂലം തടയഴുകല്‍, വൈറസ് മൂലം ഇലചുരുളൽ, വാട്ടം എന്നിവയാണ് പപ്പായ ചെടികളെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍. കൂടാതെ തൈകള്‍ പെട്ടെന്ന് വാടിപ്പോകുന്നതും കണ്ടുവരാറുണ്ട്. പാകുന്നതിനുമുമ്പ് സ്യൂടോമോണസ് ലായനിയില്‍ മുക്കിയ ശേഷം നടുന്നത് തൈകളിലെ ഫംഗസ് രോഗങ്ങള്‍ ഇല്ലാതാക്കാൻ വളരെ നല്ലതാണ്. മഴക്കാലമാകുന്നതിനു മുമ്പുതന്നെ ഇലകള്‍ക്ക് താഴെ വരെ തണ്ടില്‍ ബോഡോ മിശ്രിതം പുരട്ടുന്നതും നല്ലതാണ്.

ഇത് തണ്ട് ചീയല്‍പോലുള്ള പ്രശ്നങ്ങളെ തടയും. ചെടികളുടെ തടത്തില്‍ വെള്ളം കെട്ടിക്കിടക്കുന്നതുമൂലമാണ് ചീയൽ പ്രശ്നങ്ങൾ കൂടുതലുണ്ടാകുന്നത്. ഇലകളിലെ പുള്ളിപ്പൊട്ട് രോഗത്തിനും ബോഡോ മിശ്രിതം തളിക്കുന്നത് നല്ലതാണ്. പാകമായ ഫലങ്ങള്‍ മൂര്‍ച്ചയുള്ള കത്തികൊണ്ടു സാവധാനം മുറിച്ച് പെട്ടിയില്‍ തലകീഴായി വെക്കുന്നത് കറപോകാനും കായ്കള്‍ തമ്മില്‍ തട്ടി കേടുവരാതിരിക്കാനും സഹായിക്കും.

Tags:    
News Summary - Papaya-Farming-Red-Lady

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.