മുതലമട: മാവിലെ കീടങ്ങളെ തുരത്താൻ വിദഗ്ധാഭിപ്രായം തേടിയ ശേഷം മാത്രമേ കീടനാശിനി പ്രയോഗിക്കാവൂ എന്ന മുന്നറിയിപ്പുമായി കൃഷി വകുപ്പ്. മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, പട്ടഞ്ചേരി എന്നീ പഞ്ചായത്തുകളിൽ ആറായിരത്തിലധികം ഹെക്ടർ പ്രദേശത്താണ് മാവിൻ തോട്ടങ്ങൾ ഉള്ളത്. കീടശല്യം വ്യാപകമായതോടെ കർഷകർ വിവിധ കമ്പനികൾ നിർദേശിക്കുന്ന കീടനാശിനികൾ മാവിൻതോട്ടങ്ങളിൽ പ്രയോഗിക്കുന്നതായി ശ്രദ്ധയിൽപെട്ടതോടെയാണ് വകുപ്പിെൻറ ഇടപെടൽ.
കർഷകർക്ക് ആവശ്യമായ നിർദേശങ്ങൾ കൃഷിഭവനിൽനിന്ന് ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. സർക്കാർ നിരോധിച്ചതും നിയന്ത്രണ ലിസ്റ്റിൽ ഉൾപ്പെട്ടതുമായ കീടനാശിനികളെ കീടനാശിനി വിൽപനക്കാരുടെ നിർദേശാനുസരണം ഉപയോഗിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ വരുത്തുമെന്ന് പട്ടാമ്പി കൃഷി വിജ്ഞാൻ കേന്ദ്രയിലെ വിദഗ്ധർ പറഞ്ഞു. പൂക്കൾ കരിഞ്ഞു ഉണങ്ങുന്നതിന് കാരണമാകുന്ന പുഴുക്കൾക്കും കീടങ്ങൾക്കും എതിരെയാണ് കീടനാശിനി പ്രയോഗം വ്യാപകമായിട്ടുള്ളത്. മാവിന് രോഗങ്ങൾ ഉണ്ടാകുന്ന സമയങ്ങളിൽ കീടനാശിനി കമ്പനികളുടെ പ്രതിനിധികൾ മുതലമടയിലെ മാവ് കർഷകരെ നേരിൽ കണ്ട് നിർദേശിക്കുന്ന കീടനാശിനികളാണ് ഉപയോഗിക്കുന്നതെന്നും ഇതിന് മാറ്റമുണ്ടാവണമെന്നും അധികൃതർ പറയുന്നു.
തമിഴ്നാട്ടിലെത്തി കീടനാശിനികൾ വാങ്ങി വരുന്ന വ്യാപാരികൾ വലിയ കന്നാസുകളിൽ വെള്ളവുമായി കലർത്തിയാണ് മാവിൻതോട്ടങ്ങളിൽ പ്രയോഗിക്കാൻ കൊണ്ടുപോകുന്നത്. മാവ് പൂക്കുന്നതു മുതൽ കായകൾ നെല്ലിക്കയുടെ വലുപ്പം ഉണ്ടാകുന്നതുവരെയുള്ള സമയങ്ങളിലെ കീട ആക്രമണങ്ങൾക്കെതിരെ കൃഷിഭവനുകളെ സമീപിച്ച് അഭിപ്രായം ശേഖരിച്ച ശേഷമേ കീടനാശിനി ഉപയോഗിക്കാവൂ എന്നാണ് അധികൃതരുടെ ആവശ്യം.
സാധാരണ രീതിയിൽ ഒരു സീസണിൽ നാല് തവണകളിലായി കീടനാശിനി ഉപയോഗം നടത്തിയ തോട്ടങ്ങളിൽ നിലവിൽ ഏഴിലധികം തവണകളായി കിടനാശിനി ഉപയോഗിക്കുന്നു.
കർഷകർക്ക് പരിശീലനം
മുതലമട: മാവ് കർഷകർക്ക് പരിശീലനം തിങ്കളാഴ്ച. കീട രോഗനിയന്ത്രണം, മണ്ണ് ഗുണമേന്മ, സസ്യങ്ങലിലെ രോഗങ്ങൾ എന്നീ വിഷയങ്ങളിൽ കാർഷിക സർവകലാശാലയിലെ വിദഗ്ധർ ക്ലാസുകൾ നയിക്കുന്നത്. തിങ്കളാഴ്ച രാവിലെ പത്തിന് കൃഷിഭവന് സമീപത്തുള്ള ഹാളിലാണ് ഏകദിന പരിശീലനം നൽകുന്നത്. ഡോ. ബെറിൻ പത്രോസ്, ഡോ. ഗ്ലീന മേരി, ഡോ. സ്മിത ജോൺ എന്നിവർ മാവ് കർഷകർക്കുള്ള ക്ലാസുകൾ നയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.