ക്ഷീരമേഖലയെ നയിക്കുന്നത് ഇന്ത്യയുടെ സ്ത്രീശക്തി -നരേന്ദ്ര മോദി

ന്യൂഡൽഹി: ക്ഷീരമേഖലയെ നയിക്കുന്നത് ഇന്ത്യയുടെ സ്ത്രീശക്തിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്രേറ്റര്‍ നോയിഡയില്‍ അന്താരാഷ്ട്ര ക്ഷീര ഫെഡറേഷന്റെ ലോക ക്ഷീര ഉച്ചകോടി 2022 ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ ക്ഷീരമേഖലയിലെ തൊഴില്‍ ശക്തിയില്‍ സ്ത്രീകള്‍ക്ക് 70 ശതമാനം പ്രാതിനിധ്യമുണ്ട്. ഇന്ത്യയുടെ ക്ഷീരമേഖലയുടെ യഥാര്‍ത്ഥ നേതാക്കള്‍ സ്ത്രീകളാണ്. ക്ഷീര സഹകരണ സംഘങ്ങളിലെ മൂന്നിലൊന്ന് അംഗങ്ങളും സ്ത്രീകളാണ്. എട്ടരലക്ഷംകോടി രൂപയിലധികം വിനിമയം നടക്കുന്ന ക്ഷീരമേഖലയുടെ മൂല്യം, ഗോതമ്പിന്റെയും അരിയുടെയും സംയുക്തമൂല്യത്തേക്കാള്‍ കൂടുതലാണ് -അദ്ദേഹം പറഞ്ഞു.

2014 മുതല്‍ ഇന്ത്യയുടെ ക്ഷീരമേഖലയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കാന്‍ ഗവണ്‍മെന്റ് അക്ഷീണം പ്രയത്നിക്കുന്നുണ്ട്. അതിലൂടെ പാലുല്‍പ്പാദനം വര്‍ധിപ്പിക്കുകയും, കര്‍ഷകരുടെ വരുമാനം വർധിക്കുകയും ചെയ്തു. 2014ല്‍ 146 ദശലക്ഷം ടണ്‍ പാലാണ് ഇന്ത്യ ഉല്‍പ്പാദിപ്പിച്ചത്. ഇപ്പോള്‍ അത് 210 ദശലക്ഷം ടണ്ണായി ഉയര്‍ന്നു. അതായത് ഏകദേശം 44 ശതമാനം വര്‍ധന - പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആഗോളതലത്തിലെ 2 ശതമാനം ഉല്‍പാദന വളര്‍ച്ചയുമായി താരതമ്യം ചെയ്യുമ്പോള്‍, ഇന്ത്യയില്‍ പാലുല്‍പാദന വളര്‍ച്ചാ നിരക്ക് 6 ശതമാനത്തില്‍ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ മറ്റു വികസിത രാജ്യങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇന്ത്യയിലെ ക്ഷീരമേഖലയുടെ ചാലകശക്തി ചെറുകിട കര്‍ഷകരാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 'വന്‍തോതിലുള്ള ഉല്‍പാദനം' എന്നതിനേക്കാള്‍ 'ജനകീയ ഉല്‍പാദനം' എന്നതാണ് ഇന്ത്യയുടെ ക്ഷീരമേഖലയുടെ സവിശേഷത. ഒന്നോ രണ്ടോ മൂന്നോ കന്നുകാലികളുള്ള ഈ ചെറുകിട കര്‍ഷകരുടെ പരിശ്രമത്തിലൂടെയാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമായത്. ഈ മേഖല രാജ്യത്തെ 8 കോടിയിലധികം കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ടെന്നും മോദി പറഞ്ഞു.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര മൽസ്യബന്ധന-മൃഗസംരക്ഷണ-ക്ഷീരോൽപ്പാദന മന്ത്രി പർഷോത്തം രൂപാല, സഹമന്ത്രി ഡോ. എൽ മുരുകൻ, കേന്ദ്ര കൃഷി, ഭക്ഷ്യസംസ്കരണ സഹമന്ത്രി സഞ്ജീവ് കുമാർ ബല്യാൻ, എം.പിമാരായ സുരേന്ദ്ര സിങ് നഗർ, ഡോ. മഹേഷ് ശർമ, അന്താരാഷ്ട്ര ക്ഷീര ഫെഡറേഷൻ പ്രസിഡന്റ് പി ബ്രസാലെ, ഡയറക്ടർ ജനറൽ കരോലിൻ ഇമോണ്ട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

Tags:    
News Summary - PM inaugurates International Dairy Federation World Dairy Summit 2022 in Greater Noida

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.