കോഴിക്കോട്: ജില്ലയിൽ വാഴകൃഷിക്ക് വ്യാപക വെല്ലുവിളിയുയർത്തി പുഴുശല്യം. ദിവസങ്ങൾ നീണ്ട മഴക്കുപിന്നാലെയാണ് പുഴുക്കൾ വാഴകളിൽ പ്രത്യക്ഷപ്പെട്ടത്. ഇവ പെട്ടെന്ന് പെരുകി ഇലകൾ മുഴുവൻ തിന്ന് തീർക്കുകയാണ്. ഇവ കാഷ്ഠിക്കുന്ന ഇല ഭാഗം കരിഞ്ഞുപോകുന്നുമുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള നിരവധി വാഴ കർഷകരാണ് പുഴുശല്യം കാരണം പ്രതിസന്ധിയാലായത്. ആയിരക്കണക്കിന് വാഴകളാണ് പുഴുതിന്നുതീർക്കുന്നത്.
ചേളന്നൂർ, കക്കോടി, എടക്കര, ചീക്കിലോട്, ബാലുശ്ശേരി, വെള്ളിമാടുകുന്ന്, താമരശ്ശേരി ഭാഗങ്ങളിലെല്ലാം വാഴയിൽ പുഴുശല്യം രൂക്ഷമാണെന്നാണ് കർഷകർ പറയുന്നത്. നൂറുകണക്കിന് വാഴ വെച്ചവർ കൃഷിഭവനുകളിലടക്കം വിവരം അറിയിച്ചപ്പോൾ ഓലതുച്ചം കത്തിച്ച് വാഴയുടെ പുഴു ഉള്ള ഇലഭാഗം ഭാഗം കരിച്ചുകളയാനാണ് നിർദേശിച്ചത്. കാര്യമായ കീടനാശിനിയൊന്നും ലഭിക്കാത്തതോടെ ചൂട്ട് കത്തിച്ച് പുഴുക്കളെ കരിച്ചുകളയുന്ന തിരക്കിലാണിപ്പോൾ കർഷകർ. കടുത്ത വെയിൽ ഉണ്ടാകുന്നതോടെ പുഴുശല്യം കുറയുമെന്ന പ്രതീക്ഷയാണ് ഇവർക്കുള്ളത്.
ചെറിയതു മുതൽ കുലക്കാറായ വാഴകളെ വരെ പുഴുക്കൾ അപ്പാടെ നശിപ്പിച്ചിട്ടുണ്ട്. തൂമ്പിലകളിലാണ് ഇവ പെരുകുന്നത് എന്നതിനാൽ വാഴ കൂമ്പടച്ചപോലെയാവുകയാണ്. വളർച്ചയടക്കം പൂർണമായും മുരടിച്ചും പോകുന്നു. കൂമ്പിലയിലാണ് ആദ്യം പുഴുക്കളെത്തുന്നത് എന്നതിനാൽ ഇലവെട്ടിമാറ്റാനും കർഷകർ മടിക്കുകയാണ്. ചേന, ചേമ്പ്, ചീര അടക്കമുള്ള ഇടവിളകളുടെയും ചെമ്പരത്തി, നന്ദ്യാർവട്ടം, തുളസി ഉൾപ്പെടെ ചെടികളുടെ ഇലകളും വ്യാപകമായി പുഴുക്കൾ നശിപ്പിക്കുന്നുണ്ട്.
നിശാശലഭങ്ങളുടെ കുട്ടികളാണ് ഇവയെന്നാണ് വിദഗ്ധർ പറയുന്നത്. ബനാന സ്കിപ്പർ എന്ന ശലഭമടക്കം വിവിധയിനങ്ങൾ ഇപ്പോൾ കോഴിക്കോട് മേഖലയിൽ സുലഭമാണ്. 15 ദിവസം കൊണ്ട് ഇവ പരിണാമ ദിശ കഴിഞ്ഞ് ശലഭമായി പറന്ന് പോവുമെന്നും ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.