മാംസാഹാരത്തിന് സമാനമായ രുചിയുള്ളതും എന്നാൽ മാംസത്തിന്റെ ദൂഷ്യഫലങ്ങൾ ഇല്ലാത്തതുമായ ആഹാരപദാർഥങ്ങളുടെ ആവശ്യകത ലോകമെങ്ങും വർധിച്ചുവരികയാണ്. വീഗൻ മീറ്റ് (വെജ് മീറ്റ്) റസ്റ്റാറന്റുകൾ നഗരപ്രദേശങ്ങളിൽ ഇടംപിടിക്കുന്ന കാലവും അതിവിദൂരമല്ല. വീഗൻഫുഡ് ഇനത്തിൽ ഉൾപ്പെടുത്താൻ പറ്റിയ ഒരു വിശിഷ്ടഫലമാണ് നമ്മുടെ സംസ്ഥാന ഫലമായ ചക്ക. ജീവിതശൈലീ രോഗങ്ങൾക്കെതിരെ ഉത്തമ പോരാളികൂടിയാണ് ഗ്ലൂട്ടൻ വിമുക്തമായ ഈ ഫലം.
മുലപ്പാലിനോളം പോഷകങ്ങളടങ്ങിയ പഴമാണ് ചക്ക. വിറ്റാമിൻ എ, ഇ എന്നിവക്കു പുറമെ പൊട്ടാസ്യം, കാൽസ്യം, അേയൺ, േപ്രാട്ടീൻ എന്നിവയുടെ കലവറ കൂടിയാണ് ചക്ക. ചക്കക്കുരുവും പ്രധാനംതന്നെ. േപ്രാട്ടീൻ ധാരാളമുള്ള ചക്കക്കുരു കുട്ടികൾക്ക് വളരെ നല്ലതാണ്. ചക്കയിൽ അടങ്ങിയ ജാക്കലിൻ എന്ന രാസവസ്തു കുടലിലെ അർബുദത്തെ ചെറുക്കുന്നതിന് ഉത്തമമായി കരുതപ്പെടുന്നു. തൈറോയ്ഡ് രോഗമുള്ളവർക്കും ദഹനപ്രക്രിയ ഉൾപ്പെടെ മറ്റു പല ശാരീരിക പ്രവർത്തനങ്ങൾക്കും ചക്ക ഉത്തമമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ചക്ക സഹായകമാണ്.
പ്ലാവുകളിൽ വരിക്ക, കൂഴ എന്നീ രണ്ട് പ്രധാന ഇനങ്ങളാണ് കേരളത്തിൽ കണ്ടുവരുന്നത്. ഇതിൽ വരിക്ക ഇനങ്ങളോടാണ് നമുക്ക് കൂടുതൽ പ്രിയം. കൂഴച്ചക്ക (പഴംച്ചക്ക) പച്ചക്കറിയായിട്ടാണ് പ്രസക്തി. ഉറച്ച മാംസളമായതും രുചിയുമുള്ള ചുളകളാണ് വരിക്കക്കെങ്കിൽ കൂഴക്ക് മൃദുമാംസമാണ്.
മുട്ടം വരിക്ക: കേരള കാർഷിക സർവകലാശാല ഇനം, കട്ടിയുള്ള മാംസളവും മധുരമുള്ളതും സുഗന്ധമുള്ളതുമായ ഇനം.
സിന്ധൂർ വരിക്ക (ചെമ്പരത്തി വരിക്ക): കടുത്ത ഓറഞ്ച്നിറം, നല്ല മധുരം.
സിദ്ദു: കർഷകന്റെ പേരിൽ ഐ.ഐ.എച്ച്.ആർ പുറത്തിറക്കിയ ഇനം. ലൈക്കോപീൻ ഘടകം കൂടുതലുള്ള ഇനം, ചുവപ്പുനിറം, വരണ്ട കാലാവസ്ഥക്ക് അനുയോജ്യം.
ശങ്കര: കർഷകന്റെ പേരിൽ ഐ.ഐ.എച്ച്.ആർ പുറത്തിറക്കിയ മറ്റൊരിനം. വരണ്ട കാലാവസ്ഥക്ക് അനുയോജ്യം.
തമിഴ്നാട് കാർഷിക സർവകലാശാല ഇനങ്ങൾ: തഞ്ചാവൂർ വരിക്ക, പാലൂർ 1 (പി.എൽ.ആർ 1), ബർലിയാർ 1
പാത്താമുട്ടം വരിക്ക: ചുവന്ന ചുളകൾ, നല്ല മധുരം, പഴത്തിനും പാചകത്തിനും അനുയോജ്യം.
സിംഗപ്പൂർ/ ശ്രീലങ്ക ജാക്ക്: രണ്ടര വർഷത്തിനുള്ളിൽ കായപിടുത്തം. രണ്ടു സീസണുകളിലായി കായ്ഫലം കിട്ടും. 7-10 കി.ഗ്രാം വരെ തൂക്കം.
തേൻവരിക്ക, റോസ് വരിക്ക, സ്വാമിയാർ വരിക്ക, വാകത്താനം വരിക്ക, പടവലം വരിക്ക, താമര വരിക്ക എന്നിവ പ്രധാനപ്പെട്ട ചില പ്രാദേശിക വരിക്ക ഇനങ്ങളിൽ ഉൾപ്പെടുന്നു.
ധാരാളം പ്രാദേശിക ഇനങ്ങൾ ഉണ്ടെങ്കിലും വെള്ളക്കൂഴ, ചെമ്പൻകൂഴ, ചെറുപയർ കൂഴ, തേൻകൂഴ എന്നിവ സാധാരണ അറിയപ്പെടുന്നവയാണ്. പ്രാദേശിക ഇനങ്ങൾ ഓരോ പ്രദേശത്തിന്റെയും കാലാവസ്ഥക്ക് അനുയോജ്യമായത് കൊണ്ട്തന്നെ അത്തരം ഇനങ്ങൾ കൂടുതൽ പ്രാധാന്യം കൊടുത്ത് നടീലിനായും ഉൽപന്ന നിർമിതിക്കായും തിരഞ്ഞെടുക്കാവുന്നതാണ്.
നല്ല നീർവാഴ്ചയുള്ള മണ്ണാണ് തൈകൾ നടാൻ അനുയോജ്യം. കാലവർഷത്തിനു മുമ്പ് നടുകയാണെങ്കിൽ ഉത്തമം. രണ്ട് അടി വീതം നീളം, വീതി, ഉയരമുള്ള കുഴികളെടുത്ത് ജൈവവളവും മേൽമണ്ണും ചേർത്ത് കുഴികൾ മുക്കാൽ ഭാഗം നിറച്ചശേഷം അതിൽ തൈകൾ നടാം. അടിവളമായി 10 കി.ഗ്രാം ജൈവവളമെങ്കിലും നൽകുകയും വേണം. വളരെ വേഗം കായപിടുത്തം ലഭിക്കുന്നതിനായി ഗ്രാഫ്റ്റ് ചെയ്ത തൈകളാണ് സാധാരണയായി ഉപയോഗിക്കാറുള്ളത്.
സാധാരണ നമ്മുടെ നാട്ടിൽ പ്ലാവിന് വളപ്രയോഗം ചെയ്യാറില്ലെങ്കിലും വിയറ്റ്നാം ഏർളി പോലുള്ള വിദേശ ഇനങ്ങൾക്ക് വളപ്രയോഗം അത്യന്താപേക്ഷിതമാണ്. വളരെ വേഗത്തിൽ കായ് പിടുത്തം ഉണ്ടാകുന്നതുകൊണ്ടും ഒന്നിൽ കൂടുതൽ സീസണിൽ ഫലം ഉണ്ടാകുന്നതിനാലും അതിനനുസരിച്ചുള്ള വളപ്രയോഗവും നൽകേണ്ടതുണ്ട്. ഇവക്ക് ചെടി ഒന്നിന് ആദ്യവർഷം 10 കി.ഗ്രാം കമ്പോസ്റ്റ്/ ചാണകപ്പൊടി നൽകണം. പിന്നെയുള്ള വർഷങ്ങളിൽ 10 കി.ഗ്രാം വീതം കൂട്ടി അഞ്ചാം വർഷം മുതൽ 50 കി.ഗ്രാം ചെടി ഒന്നിന് പ്രതിവർഷം നൽകണം.
ചക്കച്ചുള മാത്രമല്ല ചക്കക്കുരുവും പോളയും ചവിണിയുമെല്ലാം തന്നെ മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റിയെടുക്കാം. ചക്ക ഹൽവ, മിക്സ്ചർ, സ്ക്വാഷ്, ജാം, ചക്കക്കുരു ചമ്മന്തിപ്പൊടി, ബർഫി, മുറുക്ക്, ഐസ്ക്രീം, ചക്കപ്രഥമൻ, ഇടിച്ചക്കത്തോരൻ, ചക്കപ്പുഴുക്ക്, ബജി, ചക്ക ഉപ്പേരി, അച്ചാർ, ചക്കക്കുരു കട്ലറ്റ്, ചക്ക എരിശ്ശേരി, ജാക്ക് ഫ്രൂട്ട് പോറിഡ്ജ്, ടാക്കോസ് തുടങ്ങിയ നൂറിലധികം ഉൽപന്നങ്ങൾ ചക്കയിൽ നിന്ന് നിർമിക്കാം.
റെഡി ടു ഈറ്റ്, റെഡി ടു കുക്ക് വിഭവങ്ങൾക്കാണ് ഏറ്റവും കൂടുതൽ ഡിമാൻഡ്. സാധാരണ പാക്കറ്റുകളിൽ ആർ.ടി.സി (റെഡി ടു കുക്ക്) വിഭവങ്ങൾക്ക് സൂക്ഷിപ്പുകാലം കുറവാണ്. കോൾഡ്ചെയിൻ സംവിധാനത്തിൽ മൂന്ന് ദിവസം വരെ സൂക്ഷിക്കാം. എന്നാൽ, ഉയർന്ന ഊഷ്മാവിലും മർദത്തിലും ഉൽപന്നങ്ങൾ അണുവിമുക്തമാക്കി തണുപ്പിച്ചെടുത്ത് റിട്ടോർട്ട് പൗച്ചുകളിൽ പാക്ക് ചെയ്താൽ ദീർഘകാലം സൂക്ഷിക്കാം.
എണ്ണയുടെ ഉപയോഗം പരമാവധി കുറച്ച് പഴുത്ത ചക്കപ്പഴം സ്വാഭാവിക രുചിയിലും നിറത്തിലും വറുത്തെടുക്കുന്ന രീതിയാണ് വാക്വം ൈഫ്രയിങ്. വിദേശ വിപണിയിൽ ഇതിനു നല്ല ഡിമാൻഡാണ്. കുർകുറെ പോലുള്ള എക്സ്ട്രൂടഡ് ഉൽപന്നങ്ങൾ കഴിക്കാത്തവരായി ആരുമില്ല. ഇവിടെ മറ്റു ധാന്യ പൊടികൾക്ക് പകരം ചക്കക്കുരു പൊടി ചേർത്ത് ഉൽപന്നങ്ങൾ തയാറാക്കിയാൽ എങ്ങനെയിരിക്കും? പോഷകസമൃദ്ധമായ ഇവ കുട്ടികൾ യഥേഷ്ടം കഴിക്കുകയുംചെയ്യും. പഴുത്ത ചക്കച്ചുളകൾ രൂപമാറ്റമോ നിറവ്യത്യാസമോ കൂടാതെ ജലാംശം നീക്കി ശീതീകരിച്ച് ഉണക്കിയെടുക്കുന്ന രീതിയാണ് ഫ്രീസ് ൈഡ്രയിങ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.