മികച്ച വരുമാനം നൽകുന്ന, അധികം റിസ്ക് ഇല്ലാത്ത കൃഷിയേതാണെന്ന് ചോദിച്ചാൽ ആദ്യത്തെ ഉത്തരം ‘ജാതി കൃഷി’ എന്നതായിരിക്കും. നല്ല വിളവ് നൽകുന്ന ഒരു സുഗന്ധവ്യജ്ഞനമാണ് ജാതി. നല്ല വിളവ് തരുന്ന തൈകൾ തെരഞ്ഞെടുക്കണമെന്ന് മാത്രം. തൈകൾ നട്ട് മൂന്നുവർഷം കഴിയുമ്പോൾ മുതൽ വിളവ് ലഭിച്ചു തുടങ്ങും എന്നതാണ് ഇതിന്റെ പ്രത്യേകതകളിലൊന്ന്. റബ്ബർ, തെങ്ങ് തുടങ്ങിയവയാണെങ്കിൽ നല്ല രീതിയിൽ വരുമാനം നൽകാൻ പിന്നെയും വർഷങ്ങൾ വേണ്ടിവരും.
പത്തുവർഷം പഴക്കമുള്ള നല്ല കായ്ഫലം തരുന്ന ജാതിചെടികൾ ബഡ് ചെയ്യാനായി തെരഞ്ഞെടുക്കാം. അധികം കീടബാധകളോ രോഗങ്ങളോ ഇല്ലാത്ത ആരോഗ്യമുള്ള മാതൃവൃക്ഷങ്ങളാകാൻ ശ്രദ്ധിക്കണം എന്നുമാത്രം. ബഡ് ചെയ്ത് നാലു മാസം കഴിയുമ്പോഴേക്കും നന്നായി മുള വന്നിട്ടുണ്ടാകും. ആ സമയം പറമ്പിലേക്കോ ചട്ടിയിലേക്കോ ഇത് മാറ്റിനടാം. ജാതിയിൽ പെൺ-ആൺ വൃക്ഷങ്ങളുള്ളതിനാൽ കുരു നട്ട് മുളപ്പിച്ചെടുക്കുകയാണെങ്കിൽ ചിലപ്പോൾ കായ്ഫലം നൽകാത്ത വൃക്ഷമാകാനുള്ള സാധ്യതയുണ്ടാകും. ആൺമരങ്ങളാണെങ്കിൽ വെട്ടികളയുകയാണ് ചെയ്യുക. അതിനാൽ ബഡ്, ഗ്രാഫ്റ്റിങ് രീതികൾ തൈകൾ മുളപ്പിക്കാനായി ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.
ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയാണ് ജാതികൃഷിക്ക് അനുയോജ്യം. എക്കൽ കലർന്ന മണ്ണിൽ ജാതി നന്നായി വളരും. കൃഷിചെയ്യുന്ന മണ്ണിൽ ജൈവാംശവും നനയും ആവശ്യമാണ്. എന്നാൽ, മണ്ണിൽ വെള്ളം കെട്ടിനിൽക്കാൻ പാടില്ല. പടർന്നു കുടപോലെ വളരുന്നതിനാൽ തൈകൾ തമ്മിൽ 30 അടി അകലത്തിൽ വേണം നടാൻ. സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്നതിനേക്കാൾ വെയിൽ അരിച്ചിറങ്ങുന്നതാണ് ജാതി കൃഷിക്ക് അനുയോജ്യം. അതിനാൽതന്നെ ഇടവിളയായും ജാതി കൃഷിചെയ്യാം. തെങ്ങിൻതോപ്പിൽ ഇടവിളയായി കൃഷിചെയ്യാനാണ് തയാറാവുന്നതെങ്കിൽ നാല് തെങ്ങിന് നടുവില്‍ ഒന്ന് എന്ന രീതിയില്‍ വേണം ജാതി നടാൻ. ജലസേചനസൗകര്യം കൂടുതലുണ്ടാകുന്ന തെങ്ങ്, കവുങ്ങ് തോട്ടങ്ങളിൽ ജാതി നന്നായി വളരുകയും ചെയ്യും. മാത്രമല്ല തെങ്ങും കവുങ്ങും സൂര്യപ്രകാശത്തെ നേരിട്ട് ജാതിയിലേക്ക് എത്തിക്കുകയുമില്ല.
ജാതി മാത്രമാണ് നടുന്നതെങ്കിൽ ശീമക്കൊന്ന മുരുക്ക്, വാക തുടങ്ങിയവ തണലിനായി നടണം. ജൈവവളങ്ങൾ മാത്രം മതി ജാതി നല്ല വിളവുതരാൻ. കാലിവളം, കമ്പോസ്റ്റ്, പച്ചിളവളം തുടങ്ങിയവ ഉപയോഗിക്കാം. കൂടാതെ മറ്റു ചെടികളും ഇലകളുമെല്ലാം ജാതിയുടെ ചുവട്ടിൽ ഇട്ടുനൽകുന്നതും നല്ലതാണ്. ജാതി ചുവട്ടിൽ ഈർപ്പം നിലനിർത്താൻ ചകിരിത്തൊണ്ട് നിരത്താം. ഏതു സമയവും കായ്കൾ ഉണ്ടാകുന്ന മരമാണ് ജാതി. ഡിസംബർ, മെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ കൂടുതൽ കായ്കളുണ്ടാകും. ജാതിയുടെ വിളവെടുപ്പ് പല ഘട്ടങ്ങളിലായാണ് നടക്കുക. കായ്കൾ പറിച്ച് വിത്തുകൾ ശേഖരിക്കുകയാണ് ചെയ്യുക. വിത്തിന്റെ കട്ടിയുള്ള ഭാഗത്തിന്റെ പുറത്തായി ചുവന്ന നിറത്തിൽ ജാതിപത്രിയുണ്ടാകും. വിത്തിനെക്കോൾ കൂടുതൽ വില ലഭിക്കുക ജാതിപത്രിക്കാണ്. ജാതിപത്രിയും വിത്തും ഉണക്കിയാണ് വിൽക്കുക. വെയിലത്തുവെച്ച് ഉണക്കുന്നതാണ് നല്ലത്. ജാതിപത്രി ഉണങ്ങികഴിയുമ്പോഴും നല്ല ചുവപ്പ് നിറമായിരിക്കും. നിറം കൂടുന്നതിനനുസരിച്ച് വിലയും കൂടും. ജാതിപത്രി ഒരു കിലോക്ക് 1000 ത്തിലധികം രൂപയും ജാതിക്ക കിലോക്ക് 500 രൂപയോളവുമാണ് വില. മാത്രമല്ല വിപണിയിൽ ജാതിക്ക് വലിയ ഡിമാൻഡ് ആണ് ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.