തുറവൂർ: രണ്ടര പതിറ്റാണ്ട് മുമ്പുവരെ അരൂർ മേഖലയിൽ നെൽകൃഷി സമൃദ്ധമായിരുന്നു. കാർഷിക മേഖലയായിരുന്ന അരൂരിൽ നടന്ന സാമൂഹിക പരിവർത്തനങ്ങളത്രയും കൃഷിയുമായി ബന്ധപ്പെട്ടതായിരുന്നു. പുന്നപ്ര-വയലാർ പോലുള്ള സമരങ്ങളും കർഷകജനങ്ങളുടെ മേൽ നടന്ന അടിച്ചമർത്തലിന്റെയും ഉയർത്തെഴുന്നേൽപിന്റെയും ചരിത്രമാണ്.
ജനായത്ത ഭരണം ശക്തിപ്രാപിച്ചപ്പോൾ നെൽകൃഷിക്ക് സംസ്ഥാന സർക്കാർ ചെറുതല്ലാത്ത പ്രാധാന്യം നൽകിയതിന്റെ തെളിവാണ് കലക്ടർ ചെയർമാനായി കരിനില വികസന ഏജൻസിയും കൃഷി വകുപ്പിന്റെ അസിസ്റ്റന്റ് ഡയറക്ടർ ഓഫിസും അരൂർ മണ്ഡലത്തിൽ പ്രവർത്തനമാരംഭിച്ചത്. കൃഷിയുടെ വികസനത്തിനുവേണ്ടി സർക്കാറും ത്രിതല പഞ്ചായത്ത് സംവിധാനങ്ങളും കോടികൾ ഓരോവർഷവും മുടക്കിയെങ്കിലും നെൽകൃഷി പച്ചപിടിച്ചില്ല.
ആറുമാസം നെൽകൃഷിയും ആറുമാസം മത്സ്യകൃഷിയുമായിരുന്നു പതിവ്. ആദ്യമൊക്കെ മത്സ്യകൃഷി വ്യാവസായിക അടിസ്ഥാനത്തിലല്ല നടന്നത്.
നെൽകൃഷി കഴിയുമ്പോൾ ഒഴിഞ്ഞുകിടക്കുന്ന പാടത്ത് വളരുന്ന മത്സ്യങ്ങൾ കർഷക തൊഴിലാളികൾതന്നെ പിടിച്ചെടുക്കുകയായിരുന്നു പതിവ്. മത്സ്യകൃഷി എന്ന ആശയം ആദായവുമായി ബന്ധപ്പെട്ട് വളർന്നുവന്നതാണ്. പിന്നീട് നെൽകൃഷി കഴിയുന്ന പാടം മത്സ്യകൃഷിക്ക് കരാർ ചെയ്തു സ്വകാര്യ വ്യക്തികൾക്ക് കൊടുക്കാൻ തുടങ്ങിയതോടെ മത്സ്യകൃഷി വ്യാവസായിക അടിസ്ഥാനത്തിലായി. ആദ്യമൊക്കെ മത്സ്യകൃഷിയും നെൽകൃഷിയും ഒരുപോലെ നടന്നു.
മത്സ്യകൃഷി കഴിഞ്ഞ് നിലം നെൽകൃഷിക്ക് വിട്ടുകൊടുക്കാൻ മത്സ്യകൃഷി ഏറ്റെടുത്ത കരാറുകാർ തയാറാകാത്തതാണ് ആദ്യം ഉണ്ടായ തടസ്സം. നെൽകൃഷിയെക്കാൾ ആദായകരമായ മത്സ്യകൃഷി നടത്താൻ നെല്ലുൽപാദക സഹകരണ സംഘങ്ങളും വാശിപിടിച്ചു. കർഷകരും മത്സ്യകൃഷിക്കൊപ്പം ആയതോടെ, നെൽകൃഷി ഉപേക്ഷിക്കപ്പെട്ട് തുടങ്ങി.
ഒരു നെല്ലും ഒരു മീനും നയമാക്കി സർക്കാർ നെൽകൃഷിയെ വീണ്ടെടുക്കാൻ നിർബന്ധപൂർവം ശ്രമിച്ചപ്പോൾ സർക്കാറിന്റെ ആനുകൂല്യങ്ങൾ എങ്ങനെയെങ്കിലും വസൂലാക്കാൻ പദ്ധതികൾ തയാറാക്കി ഉദ്യോഗസ്ഥരുമായി ഒത്തുകളിച്ച് ആനുകൂല്യങ്ങൾ വാങ്ങിയെടുത്തു. കൃഷി പേരിന് മാത്രമാക്കി. ഉദ്യോഗസ്ഥർക്കും സംഘങ്ങൾക്കും അറിയാവുന്ന ഇക്കാര്യം എല്ലാവരും മറച്ചുവെച്ചു.
അരൂർ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ ഹെക്ടർ കണക്കിന് പാടശേഖരങ്ങളിൽ മുഴുവൻ സമയ മത്സ്യകൃഷിക്ക് നെൽകൃഷി പൂർണമായും വഴിമാറി. കൃഷി ജോലികൾക്ക് ആളെ കിട്ടാനില്ലെന്നും കൃഷിക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നില്ലെന്നും കാലാവസ്ഥ പ്രതികൂലമായി നിൽക്കുന്നതിനാൽ കൃഷി അസാധ്യമാണെന്നും വരുത്തിത്തീർക്കാൻ നിരന്തരം ശ്രമങ്ങൾ നടന്നുകൊണ്ടിരുന്നു.
ഒരുതരത്തിലുള്ള യന്ത്രവും വെള്ളത്തിൽ നടത്തുന്ന നെൽകൃഷിയുടെ വികസനത്തിനും നടത്തിപ്പിനും കൊയ്ത്തിനുപോലും ഉപയോഗിക്കാൻ കഴിയാത്തത് ഒരു പ്രധാന കാരണമായി കർഷകർ ചൂണ്ടിക്കാട്ടി. നെൽകൃഷിയിൽനിന്ന് ഒളിച്ചോടാൻ കർഷകർക്ക് ഒത്തിരി കാരണങ്ങളുണ്ടായി.
തുടർച്ചയായ മത്സ്യകൃഷി ഭൂമിക്ക് ഹിതമല്ലാതായി. മുഴുവൻ സമയവും ഉപ്പുവെള്ളം കെട്ടിക്കിടക്കുന്നതുമൂലം എവിടെയും കുടിവെള്ളം കിട്ടാതായി. പച്ചക്കറി കൃഷിപോലും നെൽപാടങ്ങൾക്കരികിൽ വളരില്ലെന്നായി. വീടുകളിലേക്കും ഉപ്പു കടന്ന് വീടുകൾ ദ്രവിക്കുന്ന അവസ്ഥയുണ്ടായി.
നാട്ടുകാരും കർഷക സംഘങ്ങളും സംഘർഷത്തിൽ എത്തി. ജില്ല ഭരണകൂടത്തിന് പലപ്പോഴും ഇടപെടേണ്ടി വന്നു. പൊക്കാളി സംരക്ഷണ സമിതി എന്ന പേരിൽ പരിസ്ഥിതി സംഘടന ശക്തമായി. കേരളത്തിലെ പ്രമുഖരായ പലരും പ്രക്ഷോഭത്തിന് പിന്തുണ നൽകി.
ഒടുവിൽ കൃഷി ചെയ്തില്ലെങ്കിൽ നിലം ആറുമാസം വെറുതെ ഇടണമെന്ന് തീരുമാനത്തിലെത്തി. അതിനും തയാറാകാത്ത മത്സ്യകൃഷിക്കാർ സംഘങ്ങളുടെ സഹായത്തോടെ നെൽവയലുകളിലേക്ക് ഉപ്പുവെള്ളം കയറ്റി. ഇതാണ് ഇപ്പോഴത്തെ സംഘർഷങ്ങൾക്ക് കാരണം.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.