വേനൽ മഴ വൈകിയാണ് ലഭിച്ചതെങ്കിലും മണ്ണ് നനവാർന്നതോടെ മഴക്കാല കൃഷിക്കുള്ള മുന്നൊരുക്കത്തിന് കൂടുതൽ സഹായകമായേക്കും. കാലവർഷവും ഇതോടൊപ്പം പതിവിലും മുന്നേ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടൊപ്പം തന്നെ ഓണം മുന്നിൽ കണ്ടുകൊണ്ടുള്ള വിളകളും കൃഷിയിറക്കേണ്ടതാണ്. ഒട്ടുമിക്ക വിളകളും കൃഷി ചെയ്യാൻ പറ്റിയ സമയമാണിത്.
പച്ചക്കറി വിളകൾക്കു അനുയോജ്യമായ സമയമാണ് മഴക്കാലം. ചീര, തക്കാളി ഒഴികെ ഒട്ടുമിക്ക പച്ചക്കറി വിളകളും ഇപ്പോൾ കൃഷി ചെയ്യാം. നല്ല നീർവാർച്ചയുള്ള, സൂര്യപ്രകാശം ലഭിക്കുന്നിടം നോക്കി വേണം സ്ഥലം തിരഞ്ഞെടുക്കേണ്ടത്. അടിസ്ഥാന വളപ്രയോഗത്തിന് രണ്ടാഴ്ച മുമ്പ് കുമ്മായ വസ്തുക്കൾ വിതറി മണ്ണ് പരുവപ്പെടുത്തിയെടുക്കുകയും ശേഷം കമ്പോസ്റ്റ്, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, ൈട്രക്കോഡർമ ചേർന്ന ചാണകപ്പൊടി എന്നിവ ചേർത്ത് അടിസ്ഥാന വളമായി സെന്റ് ഒന്നിന് 80 -100 കി.ഗ്രാം എന്ന തോതിൽ നൽകുകയും ചെയ്യണം. മഴക്കാലത്ത് ചെയ്യാൻ പറ്റിയ പ്രധാന പച്ചക്കറി വിളകൾ പരിശോധിക്കാം.
മഴക്കാലത്ത് അനുയോജ്യമായ മറ്റൊരു വിളയാണ് മുളക്. ഒരുമാസം പ്രായമായ തൈകൾ പറിച്ചു നട്ടാണ് കൃഷി ചെയ്യേണ്ടത്. തൈകൾ നട്ട് അമ്പതാം ദിവസം മുതൽ വിളവെടുപ്പ് തുടങ്ങാം. നീരുറ്റി കുടിക്കുന്ന കീടങ്ങൾ മഴക്കാലത്ത് കുറവായതുകൊണ്ടുതന്നെ നല്ല വിളവും ലഭിക്കും. അനുഗ്രഹ, ഉജ്ജ്വല സിയറ, മഞ്ചേരി എന്നിവ മികച്ച ഇനങ്ങൾ.
മഴക്കാലത്തേക്ക് അനുയോജ്യമായ വിളയാണ് വെണ്ട. കീടരോഗ ബാധകൾ ഈ സമയത്ത് കുറവാണെന്ന് മാത്രമല്ല നല്ല വിളവും ലഭിക്കും. വിത്ത് നേരിട്ട് നട്ടു മുളപ്പിക്കാം. നട്ട് 45 ദിവസം മുതൽ തുടർന്ന് രണ്ടര മാസക്കാലം ഒന്നിടവിട്ട ദിവസങ്ങളിൽ വിളവെടുപ്പ് നടത്താം. അത്യുൽപാദനശേഷിയുള്ള ഇനമായ സൽകീർത്തി, മഞ്ഞളിപ്പിനെതിരെ പ്രതിരോധശേഷിയുള്ള സുസ്ഥിര, ആർക്ക അനാമിക എന്നിവ മികച്ചയിനങ്ങൾ.
മഴ കനക്കുന്നതിനു മുമ്പ് തൈകൾ നടണം. ഒരു മാസം പ്രായമായ തൈകൾ പറിച്ചുനട്ടാണ് കൃഷി ചെയ്യേണ്ടത്. ആവശ്യമെങ്കിൽ താങ്ങുകൾ നൽകണം. നിലമൊരുക്കുമ്പോൾ കുമ്മായം ചേർക്കുന്നത് വാട്ടരോഗത്തെ തടയും. തൈകൾ ഉയർന്ന വാരങ്ങളിലോ തടത്തിലോ നടാം. കുറ്റിവിള സമ്പ്രദായം അനുവർത്തിക്കുകയാണെങ്കിൽ ഒരു വർഷത്തോളം വിളവെടുക്കാം. വാട്ടരോഗ പ്രതിരോധ ശേഷിയുള്ള ഹരിത, നീലിമ, സൂര്യ, ശ്വേത എന്നിവ മികച്ച ഇനങ്ങളാണ്. കായും തണ്ടും തുരക്കുന്ന പുഴുക്കളെ നിയന്ത്രിക്കാൻ വേപ്പധിഷ്ഠിത കീടനാശിനികൾ ഉപയോഗിക്കാം.
ചാക്കുകളിലോ/തടത്തിലോ വിത്ത് നേരിട്ട് പാകിവളർത്തി/പന്തലിൽ കയറ്റിവളർത്താം. പയറിന്റെ പ്രധാന ശത്രു മുഞ്ഞയാണ്. വേപ്പെണ്ണ-ആവണക്കെണ്ണ മിശ്രിതവും ബ്യുവേറിയയും ഇതിനെതിരെ പ്രയോഗിക്കാം. നട്ട് അമ്പതാം ദിവസം മുതൽ രണ്ടര മാസക്കാലം ഒന്നിടവിട്ട ദിവസങ്ങളിൽ വിളവെടുക്കാം. പച്ച നിറമുള്ള ലോല, വയലറ്റ് നിറത്തിലുള്ള വൈജയന്തി, സങ്കര ഇനങ്ങളായ സുമന്ത്, റീനു എന്നിവ മികച്ചയിനങ്ങളാണ്.
തുടർമഴക്ക് മുമ്പായി പാവൽ, പടവലം, കുമ്പളം, മത്തൻ, ചുരക്ക എന്നീ വെള്ളരിവർഗ വിളകൾ നട്ടുപിടിപ്പിക്കാം. പാവൽ, പടവലം എന്നിവ നിശ്ചിത അകലത്തിൽ ഉയർന്ന തടങ്ങളിൽ നടണം. ഓരോ തടത്തിനും അഞ്ചു കിലോ ഉണക്കിപ്പൊടിച്ച ചാണകം അടിവളമായി നൽകണം. മത്തൻ, കുമ്പളം, ചുരക്ക എന്നിവക്കും ഉയർന്ന തടം അനിവാര്യമാണ്. നിലമൊരുക്കുേമ്പാൾ കുമ്മായം ചേർക്കുന്നത് പല രോഗങ്ങളും തടയാൻ സഹായിക്കും. കായീച്ചയെ നിയന്ത്രിക്കാൻ പൂവിടുമ്പോൾ തന്നെ ഫെറമോൺ കെണികൾ സ്ഥാപിക്കുക. ചെടികൾ അൽപം വളർന്നാൽ ആഴ്ചയിലൊരിക്കൽ രണ്ട് ശതമാനം വീര്യത്തിൽ സ്യൂഡോമോണാസ് തളിക്കുന്നത് രോഗങ്ങൾക്കെതിരെ പ്രതിരോധം നൽകും.
പച്ചക്കറികൾക്കു മാത്രമല്ല മറ്റുവിളകൾക്കും അനുയോജ്യമായ സമയമാണ് മഴക്കാലം. ഫലവർഗ വിളകളുടെയും സുഗന്ധവിളകളുടെയും തൈകൾ മഴ ലഭിച്ചു തുടങ്ങിയതുകൊണ്ടുതന്നെ ഈ സമയം വെച്ചുപിടിപ്പിക്കാം. മഴ ശക്തി പ്രാപിക്കുന്നതിനു മുമ്പ് വേരോട്ടം പിടിച്ചുകിട്ടും.
തെങ്ങിൻതൈകൾ വച്ചുപിടിപ്പിക്കുന്നതിനും ഈ സമയം അനുയോജ്യം തന്നെ. മേടം 10നാണ് ഏറ്റവും കൂടുതൽ കർഷകർ തെങ്ങിൻ തൈകൾ നടുന്നതെങ്കിലും വേനൽ മഴ ലഭിച്ചുതുടങ്ങിയാൽ അതിനുശേഷവും തൈനടീൽ തുടർന്ന് മഴക്കാലാരംഭം വരെ ഇത് ചെയ്യാവുന്നതാണ്.
വെള്ളക്കെട്ടില്ലാത്ത നീർവാർച്ചയുള്ള പ്രദേശങ്ങളിൽ വർഷകാല ആരംഭത്തോടെ തെങ്ങിൻതൈകൾ നടാം. നിലവിലെ തെങ്ങിൻ തൈകൾക്കും വലിയ തെങ്ങുകൾക്കും മഴ കിട്ടിത്തുടങ്ങിയതിനാൽ തടങ്ങൾ തുറന്നു വളപ്രയോഗം ആരംഭിക്കാം. മഴക്കാല രോഗങ്ങൾക്കെതിരെ മുന്നൊരുക്കങ്ങൾ നടത്തി പ്രതിരോധ മാർഗങ്ങളും ഈ സമയത്ത് സ്വീകരിക്കണം. കമുകിനും ഇതേ മുറകൾ പാലിക്കാം. മഹാളി രോഗത്തിനെതിരെ ബോഡോമിശ്രിതവും ഈ സമയം തളിക്കേണ്ടതുണ്ട്.
കശുമാവ്, ജാതി, കൊക്കോ എന്നിവയുടെയും തൈകൾ നടാൻ ഉചിതമായ സമയമാണിത്. കൊക്കോയുടെ രണ്ടുവർഷം പ്രായമുള്ള ബഡ്സ് തൈകൾ പ്രൂണിങ് നടത്തേണ്ടതും ഈ സമയത്താണ്. ഈ വിളകളിൽ വളപ്രയോഗവും രോഗപ്രതിരോധ സംവിധാനങ്ങളും മഴ കനക്കുന്നതിനു മുമ്പേ ചെയ്യണം. മറ്റൊരു പ്രധാന വിളയാണ് കുരുമുളക്. തിരുവാതിര ഞാറ്റുവേലയിലാണ് കൊടികൾ നടാറെങ്കിലും കാലവർഷത്തിനു മുമ്പുള്ള ഈ സമയവും ഉചിതം തന്നെ. ദ്രുതവാട്ടത്തിനെതിരെ തോട്ടങ്ങളിൽ മുൻകരുതലും കൊടികളിൽ വളപ്രയോഗവും നടത്താം. റബർ കർഷകർ പുതുകൃഷിക്കും ആവർത്തന കൃഷിക്കും തയാറെടുപ്പുകൾ നടത്തേണ്ടതും ഈ സമയത്താണ്. മഴക്കാല രോഗങ്ങൾക്കെതിരെ പ്രതിരോധ നടപടികളും ഈ സമയത്ത് സ്വീകരിക്കേണ്ടതുണ്ട്.
വേനൽ മഴ ലഭിച്ചതിനാൽ പൂക്കൃഷിക്ക് നിലമൊരുക്കി കൃഷി ആരംഭിക്കുന്നതുകൊണ്ട് രണ്ടു നേട്ടങ്ങൾ ഉണ്ട്. ഒന്ന്, ഓണക്കാലത്തെ മുന്നിൽ കണ്ടുകൊണ്ട് പൂക്കൃഷി ചെയ്യുന്നത് വ്യാവസായികാടിസ്ഥാനത്തിൽ ലാഭം കൊയ്യാം. രണ്ട്, പച്ചക്കറിത്തോട്ടങ്ങളിൽ പുഷ്പവിളകൾ കൂടി ഉൾപ്പെടുത്തേണ്ടത് പാരിസ്ഥിതിക എൻജിനീയറിങ് (ഇക്കോളജിക്കൽ എൻജിനീയറിങ്) പ്രാവർത്തികമാക്കാനും കീടങ്ങളെ തുരത്താനും ഫലപ്രദമായിരിക്കും. മേരിഗോൾഡ്, ബന്തി എന്നിവ വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്ത് ലാഭം കൊയ്യാവുന്ന വിളകളാണ്. വിളവെടുപ്പിന് കുറഞ്ഞത് മൂന്ന് മൂന്നര മാസമെങ്കിലും വേണമെന്നുള്ളതിനാൽ തന്നെ അതിനനുസരിച്ച് കൃഷിയിറക്കണം.
ഫാം ഇൻഫർമേഷൻ ബ്യൂറോയിൽ അഗ്രികൾചറൽ ഓഫിസറാണ് ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.