പുല്ലൂർ സീഡ് ഫാം: നാളീകേരത്തിന്റെ സംഭരണത്തിലും ലേലത്തിലും ക്രമക്കേടെന്ന് റിപ്പോർട്ട്

കോഴിക്കോട് : കാസർകോട് ജില്ലാ പഞ്ചായത്തിന്റെ അധീനയിലുള്ള പുല്ലൂർ സീഡ് ഫാമിൽ നാളീകേരത്തിന്റെ സംഭരണത്തിലും ലേലത്തിലും ക്രമക്കേടെന്ന് റിപ്പോർട്ട്. ഫാമിൽ നിന്ന് ലഭിക്കുന്ന നാളീകേരത്തിന്റെ തൂക്കം കൃത്യമായി രേഖപ്പെടുത്താതെയാണ് ഇവ ലേലം ചെയ്ത് നൽകുന്നതെന്ന് ധനകാര്യ പരിശോധനയിൽ കണ്ടെത്തി. നാളീകേരത്തിന്റെ സംഭരണം, ലേലം എന്നിവ രേഖപ്പെടുത്തുന്ന രജിസ്റ്റർ പരിശോധിച്ചതിൽ ഫാമിൽ നിന്നും ആകെ സംഭരിക്കുന്ന നാളീകേരത്തിന്റെ തൂക്കം മാത്രമാണ് രേഖപ്പെടുത്തിയത്. ഇവ പൊതിച്ച ശേഷം ലേലം ചെയ്യുന്ന സമയത്തുള്ള തൂക്കമോ എണ്ണമോ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ല.

ഫാം ഉൽപ്പന്നങ്ങൾ ഫാമിലെ സ്റ്റോക്ക് രജിസ്റ്ററിൽ ഉൾക്കൊള്ളിക്കുന്നതിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥനായ കൃഷി അസിസ്റ്റൻറ് മണിമോഹനന് പ്രിൻസിപ്പൽ കൃഷി ഓഫീസർ നിർദേശം നൽകിയിട്ടും ഫാം ഉൽപ്പന്നങ്ങളുടെയും ഫാമിലെ ആവശ്യത്തിനായി വാങ്ങുന്ന കാർഷികോപാധികളുടെയും സ്റ്റോക്ക് വരവുവെക്കൽചെയ്തില്ല. ഇത് ഫാമിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിച്ചുവെന്നാണ് റിപ്പോർട്ട് പറയുന്നത്.

സീഡ് ഫാമിൽ നിന്നും 1734 കിലോ നാളീകേരം സംഭരിച്ച് കോട്ടച്ചേരി കോ ഓപ്പറേറ്റീവ് മാർക്കറ്റിങ് സൊസൈറ്റി എന്ന സ്ഥാപനത്തിൽ എത്തിക്കുകയും ഇതിൽ നിന്നും 80 കിലോഗ്രാം കുറവ് വരുത്തി 1654 കിലോ നാളികേരത്തിന്റെ തുക മാത്രം ഫാമിലേക്ക് നൽകുകയുമാണ് കൃഷി അസിസ്റ്റൻറായ മണിമോഹനൻ ചെയ്തത്. 80 കിലോ നാളികേരത്തിന്റെ വില ഓഫീസ് അറ്റൻഡൻറായ കൃഷ്ണൻ മറ്റൊരു ബിൽ തയാറാക്കി തുക കൈപ്പറ്റുകയും ചെയ്തു.

നാളീകേരത്തിന്റെ സംഭരണം, വിൽപ്പന എന്നീ ജോലികൾക്ക് മേൽനോട്ടം വഹിക്കുന്നതിനും സ്റ്റോക്ക് രജിസ്റ്ററിൽ ഉൾക്കൊള്ളിക്കുന്നതിനും ചുമതലപ്പെട്ട ഉദ്യോഗസ്ഥനാണ് ബോധപൂർവം ഈ ക്രമക്കേടിന് കൂട്ടുനിന്നത്. ജില്ലാ പഞ്ചായത്തിലേക്ക് അടക്കേണ്ടുന്ന ഫാം വരുമാനം ജീവനക്കാരുടെ ഇത്തരം പ്രവർത്തികൾ കാരണം നഷ്ടപ്പെട്ടു. ഈ സാഹചര്യത്തിൽ പല്ലൂർ ഫാമിലെ കൃഷി അസിസ്റ്റൻറ് മണിമോഹനൻ, പ്രിൻസിപ്പൽ കൃഷി ഓഫീസിൽ നിലവിൽ ജോലി ചെയ്യുന്ന ഓഫീസ് അറ്റൻഡൻറ് ശ്രീകൃഷ്ണൻ എന്നിവർക്കെതിരെ ഭരണവകുപ്പ് ഉചിതമായ നടപടികൾ സ്വീകരിക്കണം. ഫാമിലെ നിലവിലെ കൃഷി അസിസ്റ്റന്റിനെ മാറ്റി ഈ തസ്തികയിൽ പുതിയ നിയമനം നടത്തമെന്നും കൃഷി അസിസ്റ്റന്റിന്റെ പ്രവർത്തനങ്ങൾ സീനിയർ കൃഷി ഓഫീസർ വിലയിരുത്തണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

ഈ ഫാമിൽ ഉപയോഗിക്കുന്ന ട്രാക്ടർ, ട്രില്ലർ എന്നീ വാഹനങ്ങളുടെ ലോഗ് ബുക്കുകൾ കൃത്യമായി എഴുതി സൂക്ഷിക്കണം. ഫാമിൽ പുതിയ രജിസ്റ്റർ ആരംഭിക്കണം. സീനിയർ കൃഷി ഓഫീസർ ഈ രജിസ്റ്ററിലെ എൻട്രികൾ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണം. ലഭിക്കുവാനുള്ള തുകകളുടെ മാസാന്ത്യ സംഗ്രഹം തയാറാക്കി സൂക്ഷിക്കണം. കോക്കനട്ട് ഹാർവെസ്റ്റ് രജിസ്റ്ററിൽ നാളീകേരത്തിന്റെ വിൽപ്പന സമയത്തുള്ള കൃത്യമായ തൂക്കവും എണ്ണവും രേഖപ്പെടുത്തണം. സീനിയർ കൃഷി ഓഫീസർ ഈ രജിസ്റ്റർ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണമെന്നും ശിപാർശ ചെയ്തു.

Tags:    
News Summary - Pullur Seed Farm: Irregularity reported in procurement and auction of coconuts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.