പാലക്കാട്: താളം തെറ്റി പെയ്യുന്ന മഴയില്‍ ജില്ലയില്‍ 292.31 ഹെക്ടര്‍ നെല്‍കൃഷി നശിച്ചു. ജൂണ്‍ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 13 വരെയുള്ള കാലയളവിൽ കൃഷി വകുപ്പ് നടത്തിയ കണക്കെടുപ്പിലാണ് 650 കര്‍ഷകരുടെ 292.31 ഹെക്ടര്‍ നെല്‍കൃഷി നശിച്ചതായി കണ്ടെത്തിയത്. 438 കോടിയുടെ നഷ്ടമാണ് ഉണ്ടായത്.
ജില്ലയില്‍ നെല്‍കൃഷി ഉള്‍പ്പെടെ മറ്റ് വിളകള്‍ക്ക് ജൂണ്‍ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 13 വരെ കാലവര്‍ഷക്കെടുതിയില്‍ ഉണ്ടായ നഷ്ടം 3688.93 കോടിയാണെന്ന് കൃഷിവകുപ്പ് അധികൃതര്‍ പറഞ്ഞു. ഇതിന് പുറമെ കാട്ടുമൃഗങ്ങളും കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നത് വ്യാപകമായിട്ടുണ്ട്. ആന, പന്നി, മയില്‍ എന്നിവയാണ് കൃഷി നശിപ്പിക്കുന്നത്. മലയോരമേഖലകളില്‍ കൂട്ടമായി എത്തുന്ന ആന നെല്‍കൃഷി, വാഴ, തെങ്ങ് എന്നിവയാണ് നശിപ്പിക്കുന്നത്. കിഴങ്ങുവര്‍ഗം ഉള്‍പ്പെടെ നെല്‍കൃഷിയും കൂട്ടമായി എത്തുന്ന പന്നികള്‍ നശിപ്പിക്കുന്നുണ്ട്. കൃഷി നശിച്ചതോടെ കൃഷിക്കാരും കടുത്ത ആശങ്കയിലാണ്. കോവിഡില്‍ മറ്റ് വരുമാനം നിലച്ചതോടെ പലരും വായ്പ തരപ്പെടുത്തിയാണ് കൃഷിയിറക്കിയത്. കൃഷി നശിച്ചതോടെ വായ്പ എങ്ങനെ തിരിച്ചടക്കുമെന്ന അങ്കലാപ്പിലാണ് കര്‍ഷകര്‍.
കാലവര്‍ഷക്കെടുതിയില്‍ കൃഷി നശിച്ചവര്‍ക്ക് സര്‍ക്കാര്‍ വിള ഇന്‍ഷുറന്‍സ് നല്‍കുമെങ്കിലും മാസങ്ങള്‍ കഴിഞ്ഞുമാത്രമെ അവ ലഭിക്കുകയുള്ളൂ. മുന്‍വര്‍ഷങ്ങളില്‍ വിള നശിച്ചവര്‍ക്കുള്ള ഇന്‍ഷുറന്‍സ് തുകയാണ് ഇപ്പോള്‍ വിവിധ ഘട്ടങ്ങളില്‍ നല്‍കിവരുന്നത്.
മറ്റ് വിളകളുടെ നാശനഷ്ടം, സംഖ്യ (കോടിയില്‍)
മാവ് (100 ഹെക്ടര്‍) - 1800 കോടി, വാഴ (2.06 ലക്ഷം എണ്ണം) - 1236.83, വാഴ കുല വരാത്തത് (31275 എണ്ണം) - 125, റബര്‍ (634 എണ്ണം) - 12.15, തെങ്ങ് (815 എണ്ണം) - 40, ഞാറ്റടി (രണ്ട് ഹെക്ടര്‍) - 03, കവുങ്ങ് (3925 എണ്ണം) - 12, കുരുമുളക് (2200 എണ്ണം) - 16.50, പച്ചക്കറി (8.6 ഹെക്ടര്‍) - 3.58
നാഥനില്ലാത്ത കൃഷിഭവനുകള്‍
കാര്‍ഷിക ജില്ലയിലെ 16 കൃഷി ഭവനുകളില്‍ കൃഷി ഓഫിസറുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. നിയമനം എന്ന് നടക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തതയില്ല. ഒന്നാം വിള കൊയ്ത്ത് ആരംഭിച്ചതോടെ കൃഷി ഭവനുകളില്‍ നിരവധി പണികളുണ്ട്. കൃഷിഭവനുകളിലെ കൃഷി അസിസ്റ്റൻറുമാരെയാണ് ജോലിക്രമീകരണത്തിലൂടെ സപ്ലൈകോ നെല്ല് സംഭരണത്തിനായി നിമയിക്കാറ്. കൃഷി ഓഫിസര്‍ ഇല്ലാത്തയിടങ്ങളില്‍ സമീപത്തെ കൃഷി ഓഫിസര്‍ക്ക് ചുമതല കൊടുക്കാറാണ് പതിവ്. ഇതോടെ രണ്ട് ഓഫിസുകളിലെയും പണികൾ താളം തെറ്റും.
ഒന്നാം വിള നെല്ല് സംഭരണം: മാർഗനിർദേശങ്ങളായി
ആലത്തൂർ: ഒന്നാം വിള നെല്ല് സംഭരണത്തിനായി സപ്ലൈകോ പോർട്ടലിൽ കർഷകർ രജിസ്റ്റർ ചെയ്യണമെന്ന് ആലത്തൂർ കൃഷി ഓഫിസർ അറിയിച്ചു. രജിസ്റ്റർ ചെയ്തതിന് ശേഷം ലഭിക്കുന്ന അപേക്ഷയുടെ പ്രിൻറ് ഔട്ട്, കൈവശാവകാശ സർട്ടിഫിക്കറ്റിെൻറയോ അല്ലെങ്കിൽ കരം അടച്ച രസീതിയുടെയോ കോപ്പി, ബാങ്ക് പാസ്ബുക്ക് കോപ്പി, ആധാർ കാർഡ് കോപ്പി എന്നിവ സഹിതം കൃഷിഭവനിൽ എത്തിക്കണം.
പാട്ടത്തിന് എടുത്ത ഭൂമിയാണെങ്കിൽ ഉടമയുമായുള്ള കരാറിെൻറ കോപ്പിയും സമർപ്പിക്കണം. പാട്ട കർഷകർ കഴിഞ്ഞ വർഷം 200 രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ സപ്ലൈകോക്ക് നൽകിയ സത്യവാങ്മൂലം ഇക്കുറി നൽകേണ്ടതില്ല.
ഒരു പാടശേഖരത്തിലെ കർഷകരുടെ രജിസ്ട്രേഷൻ പൂർത്തിയാവുകയും കൃഷി ഓഫിസർ അപേക്ഷകൾ അംഗീകരിക്കുകയും ചെയ്താൽ മാത്രമേ ആ പാടശേഖരത്തിന് മിൽ അലോട്ട് ചെയ്യുകയുള്ളൂ.
വിളനാശം സംഭവിച്ച സ്ഥലത്തിന് നഷ്ടപരിഹാരത്തിന് അപേക്ഷിച്ച കർഷകർ ആ സ്ഥലത്ത് സപ്ലൈകോ മുഖാന്തരം നെല്ല് സംഭരണത്തിനായി അപേക്ഷ സമർപ്പിക്കേണ്ടതില്ല.
ഒന്നാം വിളക്കാലത്ത് നെൽകൃഷിയിൽ വിളവ് വർധിക്കുന്ന സാഹചര്യങ്ങൾ ഇല്ലാത്തതിനാൽ ക്രോപ് കട്ടിങ് സർവേ നടത്തുന്നില്ല. നെൽകൃഷി ഇറക്കിയ എല്ലാ കർഷകരും നെല്ല് സംഭരണത്തിനായി സപ്ലൈകോ പോർട്ടലിൽ നേരിട്ട് രജിസ്റ്റർ ചെയ്യണം. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ഈ വർഷം പുതുതായി കൃഷി ചെയ്ത കർഷകരും സപ്ലൈകോ പോർട്ടലിൽ നേരിട്ട് രജിസ്റ്റർ ചെയ്യേണ്ടതാണ്. സപ്ലൈകോ രജിസ്ട്രേഷൻ സംബന്ധിച്ച കർഷകരുടെ സംശയങ്ങൾക്ക് കൃഷിഭവനുമായി ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.