തിരുവനന്തപുരം: എലിക്കെണി വിതരണത്തിലെ ക്രമക്കേടിൽ ആലപ്പുഴ മാരാരിക്കുളം തെക്ക് മുൻ കൃഷി ഓഫിസറിൽനിന്ന് 34,160 രൂപ തിരിച്ചു പിടിക്കണമെന്ന് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ട്. ക്രമക്കേട് നടന്ന കാലത്ത് കൃഷി ഓഫിസറായിരുന്ന എം. ജിഷാമോളിൽനിന്ന് തിരിച്ചുപിടിക്കണമെന്ന് റിപ്പോർട്ടിലെ ശിപാർശ.
ഗുണമേന്മയുള്ള കാർഷിക വിളകളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനാണ് മാരാരിക്കുളം ഗ്രാമപ്പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2016-17 സാമ്പത്തിക വർഷത്തിൽ എലിക്കെണി വിതരണ പ്രോജക്ട് നടപ്പാക്കിയത്. മാരാരിക്കുളം സൗത്ത് കൃഷിഭവൻ വഴിയാണ് "കർഷകർക്ക് എലിക്കെണി വിതരണം" എന്ന പദ്ധതി നടപ്പാക്കിയത്. വിവിധ വാർഡുകളിലായി 325 കർഷകർക്ക് എലിക്കെണികൾ വിതരണം ചെയ്ത് കാർഷികവിളകളെ സംരക്ഷിക്കുകയായിരുന്നു ലക്ഷ്യം.
പദ്ധതിക്ക് 2016 ആഗസ്റ്റ് 31ന് അസിസ്റ്റന്റ് ഡയറക്ടർ അംഗീകാരം നൽകി. 97,500 രൂപ അടങ്കൽത്തുകയായി ഭരണാനുമതി ലഭിച്ച പദ്ധതിയുടെ നിർവഹണോദ്യോഗസ്ഥയായി കൃഷി ഓഫീസറെ ചുമതലപ്പെടുത്തി. പദ്ധതിച്ചിലവിന്റെ 50 ശതമാനം വികസന ഫണ്ടിൽനിന്നും ബാക്കി 50 ശതമാനം ഗുണഭോക്തൃവിഹിതമായും കണ്ടെത്തി പദ്ധതി പൂർത്തീകരിക്കണമെന്നായിരുന്നു വ്യവസ്ഥ.
പദ്ധതി നടത്തിപ്പിൽ നിർവഹണോദ്യോഗസ്ഥയുടെ ഭാഗത്ത് നിന്ന് ഗുരതചര വിഴ്ചയുണ്ടായി എന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. സർക്കാരിന് 34, 160 രൂപയുടെ നഷ്ടം സംഭവിച്ചു. ചട്ടവിരുദ്ധമായി പ്രവർത്തിച്ചതിനാൽ കൃഷി ഓഫിസറുടെ വ്യക്തിഗത ബാധ്യതയാണ്. വിതരണം ചെയ്യാത്തതും കണക്കിൽപെടാത്തതുമായ എലിക്കെണികൾ ഉൾപ്പെടെ അധികമായി വാങ്ങിയ എലിക്കെണികൾ (271 എണ്ണം) വഴി 37,940 രൂപയുടെ ധനനഷ്ടം സംഭവിച്ചു. ഗുണഭോക്തൃവിഹിതമായി ശേഖരിച്ച 3780 രൂപ കുറച്ചാൽ ധനനഷ്ടം 34,160 രൂപയാണെന്ന് പരിശോധനയിൽ കണ്ടെത്തി.
നിർവഹണോദ്യോഗസ്ഥ ചട്ടവിരുദ്ധമായി പ്രവർത്തിച്ചതുമൂലമുണ്ടായ സാമ്പത്തിക നഷ്ടമായതിനാൽ ഈ തുക കൃഷി ഓഫീസറുടെ വ്യക്തിഗത ബാധ്യതയായി നിശ്ചയിച്ച് ഈ കാലയളവിൽ കൃഷി ഓഫീസുടെ ചുമതല വഹിച്ചിരുന്ന എം. ജിഷാമോളിൽനിന്ന് തിരിച്ചുപിടിക്കണമെന്നാണ് ധനകാര്യ റിപ്പോർട്ടിലെ ശിപാർശ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.