അമ്പലപ്പുഴ: രണ്ടാം കൃഷി വെള്ളത്തില്മുങ്ങിയതിന്റെ നഷ്ടം ബാധ്യതയായതിന് പിന്നാലെ കിളിശല്യത്തിൽ പുഞ്ചകൃഷിയും കര്‍ഷകരെ കണ്ണീരിലാഴ്ത്തി. പുന്നപ്ര കൃഷിഭവന്റെ പരിധിയില്‍ തെക്കേ പൂന്തുരം, പൂന്തുരം, നൂറ്റമ്പത്, പൊന്നാകരി തുടങ്ങിയ ആയിരത്തിലേറെ ഏക്കറുള്ള പാടശേഖരങ്ങളിലാണ് കിളിശല്യം രൂക്ഷമായത്. കൊയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോൾ കൂട്ടത്തോടെയെത്തുന്ന കിളികള്‍ കതിരില്നിന്നും അരിമണികള്‍ കൊത്തിതിന്നുകയാണ്. നേരം പുലരുമ്പോള്‍ മുതല്‍ ഉച്ചവരെയും പിന്നീട് വൈകീട്ട് നാലുമുതല്‍ സന്ധ്യവരെയും തുടര്‍ച്ചയായിട്ടാണ് ഇവയുടെ ശല്യം.
ഒച്ചവെച്ചും പടക്കംപൊട്ടിച്ചും തോരണങ്ങള്‍ വലിച്ചുകെട്ടിയും നെല്‍കൃഷി സംരക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കിളിശല്യത്തിന് കുറവില്ല. പാടശേഖരത്തിന്റെ പുറംബണ്ടിലെ കരകം കാടുകളിലാണ് കുരുവി ഇനത്തില്‍പ്പെട്ട പക്ഷികള്‍ ചേക്കേറുന്നത്. ഇത് വെട്ടിക്കളയണമെന്ന ആവശ്യം കൃഷിഭവന് ഉദ്യോഗസ്ഥരോട് പലതവണ ആവശ്യപ്പെട്ടതായി കര്‍ഷകര്‍ പറയുന്നു. കിളിശല്യത്തെപ്പറ്റി പലതവണ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന് ആക്ഷേപമുണ്ട്.
കഴിഞ്ഞ രണ്ടാംകൃഷി വെള്ളം കയറി നശിച്ചതിന്റെ നഷ്ടപരിഹാരം ഇതുവരെ ലഭിച്ചില്ല. ഏക്കറിന് 40,000 രൂപയായിരുന്നു ചെലവ്. കടവും കാര്‍ഷിക വായ്പ എടുത്താണ് പലരും കൃഷിയിറക്കിയത്. എന്നാല്‍, പലരുടെയും തിരിച്ചടവ് മുടങ്ങിയിരിക്കുകയാണ്. വായ്പ മുടങ്ങിയതിനാല്‍ പലിശയിളവും കിട്ടുകയില്ല. ഇതിനിടയിലാണ് പ്രതീക്ഷയോടെ പുഞ്ച കൃഷി ആരംഭിച്ചത്. നല്ല വിളവായിരുന്നെങ്കിലും കിളിശല്യം മൂലം കര്‍ഷകരുടെ പ്രതീക്ഷയുടെ ചിറകറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.