കോട്ടയം: റബറിന് വിപണിയിൽ വില ഉയരാൻ തുടങ്ങിയതോടെ കർഷകരും പ്രതീക്ഷയിൽ. വില വീണ്ടും വർധിക്കുമെന്ന കരുതലിൽ കൃഷിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കർഷകർ. തോട്ടങ്ങളിലും ആ ഉണർവ് പ്രകടമായി തുടങ്ങി. ചൂടിനെ പ്രതിരോധിക്കാൻ റബർ മരങ്ങളിൽ തുരിശും നീറ്റുകക്കയും ചേർന്ന മിശ്രിതം തളിക്കുന്ന തിരക്കിലാണ് കർഷകർ. വർഷങ്ങളായി കാടുപിടിച്ചുകിടന്ന തോട്ടങ്ങൾ വെട്ടിത്തെളിക്കാനും ആരംഭിച്ചു. വിലയിടിവിനെത്തുടർന്ന് കുറച്ചുകാലമായി ഇത്തരം പ്രവൃത്തികൾ ഉപേക്ഷിച്ച മട്ടിലായിരുന്നു കർഷകർ.
അതേസമയം, തുരിശും നീറ്റുകക്കയും സബ്സിഡി വിലയ്ക്ക് നൽകുന്നതു നിർത്തിയത് കർഷകർക്ക് തിരിച്ചടിയാണ്. നീറ്റുകക്ക 10 കിലോ പാക്കറ്റിന് 220 രൂപയാണ് വില. ഒരു കിലോ തുരിശിന് 350 രൂപയും. റബർ ഉൽപാദക സഹകരണ സംഘങ്ങളിലൊന്നും ഇവ കിട്ടാനില്ല. ചൂടിൽ മരങ്ങൾ ഉണങ്ങാതിരിക്കാനാണ് കക്കയും തുരിശും ചേർത്ത് തളിക്കുന്നത്. കൃഷിയിലേക്കു തിരിച്ചുവരുമ്പോൾ തങ്ങളെ പിന്തുണക്കുന്ന നടപടിയൊന്നും ബോർഡിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്നാണ് കർഷകരുടെ പരാതി.
സബ്സിഡി നിരക്കിൽ വളം നൽകിയിരുന്നു. അതും ഇപ്പോഴില്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് ഈ ആനുകൂല്യങ്ങളെല്ലാം നൽകുന്നുണ്ട്. കേരളത്തിനോട് മാത്രമാണ് ഈ നയമെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു. വേനൽ മഴ എത്തിയതോടെ റബറിന് മഴമറ ഇടാൻ തുടങ്ങണം. ഇതിനുള്ള പ്ലാസ്റ്റിക്കും പശയും കഴിഞ്ഞതവണ വിപണി വിലയെക്കാൾ കൂടിയ നിരക്കിനാണ് ബോർഡ് നൽകിയത്. പ്രതികൂല കാലാവസ്ഥയിൽ പ്രത്യേക പരിചരണം നൽകിയാലേ മികച്ച ഉൽപാദനം ലഭിക്കൂ. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് കർഷകന് ഒറ്റക്ക് ഇത് സാധ്യമല്ല.
സർക്കാർ സഹായം കൂടി വേണം. റബർ മേഖലയിലെ ഉണർവ് കണക്കിലെടുത്ത് ബോർഡ് സഹായിക്കണം എന്നാണ് കർഷകരുടെ ആവശ്യം. കഴിഞ്ഞ ആഴ്ചയിൽ റബറിന് 183 രൂപവരെ കിട്ടിയിരുന്നു. എന്നാൽ, ഈയാഴ്ച 178 രൂപയിലേക്ക് താഴ്ന്നു. ഏപ്രിൽ ആദ്യവാരത്തോടെ മികച്ചവില ലഭിക്കുമെന്നാണ് കരുതുന്നത്. മഴക്കാലത്തിന് മുമ്പ് വളപ്രയോഗവും മഴമറ ഇടലും തുടങ്ങാനിരിക്കെ സബ്സിഡി നിരക്കിൽ ഇവ ലഭ്യമാക്കാൻ റബർ ബോർഡ് നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.