ന്യൂഡൽഹി: അഞ്ച് വർഷത്തിനിടെ നഗരത്തിൽ നട്ട മരത്തൈകളുടെയും പരിപാലനത്തിന്‍റെയും ചെലവിന്‍റെയും വിശദാംശങ്ങൾ തേടിയുള്ള ഹരജിയിൽ ഡൽഹി സർക്കാറിന് നോട്ടീസ് അയച്ച് ഡൽഹി ഹൈകോടതി. സർക്കാറിനെ കൂടാതെ പരിസ്ഥിതി മന്ത്രാലയം, ഡൽഹി വികസന അതോറിറ്റി എന്നിവക്കും നോട്ടീസ് അയച്ചു. അധികൃതർ പല പരിപാടികളുടെയും ഭാഗമായി കൂട്ടമായി വൃക്ഷത്തൈകൾ നടുന്നത് എണ്ണം തികക്കാനായി മാത്രമാണെന്നാണ് ഹരജിയിലെ ആക്ഷേപം. ഡൽഹിയിൽ അവസാന അഞ്ച് വർഷം എത്ര തൈകൾ നട്ടു, ഇതിന്‍റെ ചെലവ്, പരിപാലനം എന്നിവയെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
മരത്തൈകൾ നടുന്ന ഏജൻസികളൊന്നും തന്നെ ഇതിന് കൃത്യമായ പരിചരണം നൽകാനോ എണ്ണം, നട്ട മേഖലകൾ, ചെലവായ പണം, അവശേഷിക്കുന്ന മരങ്ങൾ തുടങ്ങിയതിന്‍റെ കണക്ക് സൂക്ഷിക്കുന്നില്ല. ഇതുസംബന്ധിച്ച ഒരു വിവരവും മരം നടുന്ന ഏജൻസികളുടെ വെബ്സൈറ്റിൽ ലഭ്യമല്ല. സാധാരണക്കാരന് ഈ വിവരങ്ങൾ ലഭ്യമാക്കാനോ ഫീഡ്ബാക്ക് തേടാനോ അവർ തയാറാകുന്നില്ല. തെറ്റായ നടീൽ രീതി കാരണം വളരെ കുറഞ്ഞ തൈകൾ മാത്രമേ അവശേഷിക്കാറുള്ളൂ. ഒറ്റ ദിവസം കൂട്ടമായി നടുകയാണ് ചെയ്യാറ്. അധിനിവേശ സസ്യങ്ങളെ നടുന്നത് പലപ്പോഴും ജൈവസമ്പത്തിന് ഭീഷണിയുമാകുന്നു -പരിസ്ഥിതി പ്രവർത്തകൻ ദിവാൻ സിങ് നൽകിയ ഹരജിയിൽ പറയുന്നു.
ഭാവിയിൽ തൈകൾ നടുന്ന പരിപാടികളുടെ മേൽനോട്ടത്തിന് വിദഗ്ധസമിതിയെ രൂപീകരിക്കണമെന്നും ഹരജിയിൽ അഭ്യർഥിക്കുന്നു. തുടർന്നാണ് ഹരജിയിൽ ഹൈകോടതി നോട്ടീസ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.