ആലപ്പുഴ: രണ്ടാംകൃഷിയിൽ കർഷകർക്ക് ജില്ലയിൽ സപ്ലൈകോ നൽകാനുള്ളത് 36 കോടി രൂപ. ശനിയാഴ്ചവരെയുള്ള കണക്കനുസരിച്ച് കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിൽ രണ്ടാംകൃഷിയിലെ 12,981 മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്. നെല്ല് സംഭരിച്ചതിന്റെ പണം എത്രയും വേഗം കൊടുക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ സീസണിൽ കിലോക്ക് 28.32 രൂപയാണ് നൽകിയിരുന്നത്.
രണ്ടാംകൃഷിയുടെ കൊയ്ത്തും സംഭരണവും തകൃതിയാണ്. എന്നാൽ, എടുത്ത നെല്ലിന്റെ പണം എന്നു കിട്ടുമെന്ന കാര്യത്തിൽ അനിശ്ചിതത്വമുണ്ട്. പ്രസാദിന്റെ ആത്മഹത്യക്ക് പിന്നാലെ നടപടി അതിവേഗത്തിലാക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. കഴിഞ്ഞ സീസണിൽ പണം കിട്ടാൻ മാസങ്ങളോളം കാത്തിരിക്കേണ്ടിവന്നു.
ചീഫ് സെക്രട്ടറി തലത്തിൽ നടത്തിയ അനുനയ നീക്കം പൊളിഞ്ഞതോടെ നെല്ലുസംഭരണത്തിന്റെ പണംനൽകാൻ ബാങ്കുകളുടെ കൂട്ടായ്മ (കൺസോർഷ്യം) തയാറാവില്ലെന്ന് ഉറപ്പായി. മില്ലുകാർ, സപ്ലൈകോ, സഹകരണബാങ്ക് ആർക്കുവേണമെങ്കിലും നെല്ല് നൽകാൻ തയാറാണ്. പണം നൽകുന്നതിൽ കാലതാമസം ഒഴിവാക്കണമെന്നാണ് കർഷകരുടെ ആവശ്യം.
കഴിഞ്ഞ സീസണിൽ എസ്.ബി.ഐ, കാനറ, ഫെഡറൽ ബാങ്ക് എന്നിവയുടെ കൂട്ടായ്മ വഴിയാണ് പണം നൽകിയത്. ഇക്കുറി ഫെഡറൽ ബാങ്ക് പട്ടികയിൽ ഇല്ലെന്നാണ് വിവരം. നെല്ലുവില ലഭിക്കാൻ ഓരോതവണയും ബാങ്ക് മാറി അക്കൗണ്ട് എടുക്കേണ്ട ദുരവസ്ഥയിലാണ് കർഷകർ.
ഒന്നാം കൃഷിയുടെ നെൽവില പി.ആർ.എസ് വായ്പയായി നൽകാൻ ബാങ്കുകളുടെ കൂട്ടായ്മ 200 കോടി രൂപയാണ് നൽകിയത്. അക്കൗണ്ട് തുറന്ന കേരളബാങ്ക് വഴി നെൽവില കിട്ടിയില്ല. പലർക്കും മിനിമം ബാലൻസ് തുകയായ 1000 രൂപ നിക്ഷേപിക്കേണ്ടതായും വന്നു.
ജില്ലയിൽ ഒക്ടോബർ ആദ്യവാരമാണ് കൊയ്ത്തും സംഭവണവും തുടങ്ങിയത്. നെല്ല് നൽകിയ കർഷകർക്ക് പണം നൽകിത്തുടങ്ങിയിട്ടില്ല. നേരിട്ട് വിലനൽകാൻ സപ്ലൈകോയുടെ കൈയിൽ പണമില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കും. ഈ സീസണിൽ ബാങ്കുകളുടെ കൂട്ടായ്മ നെല്ലെടുപ്പിന് വായ്പ നൽകേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചിട്ടുണ്ട്.
ആലപ്പുഴ: നെല്ലുവിലയുടെ തുകയായി കഴിഞ്ഞ സീസണിൽ പ്രസാദിന് പി.ആർ.എസ് കിട്ടിയത് 1.38 ലക്ഷം രൂപ. കഴിഞ്ഞവർഷം ഡിസംബർ ഒമ്പത് മുതൽ പേഓഡറിന്റെ അടിസ്ഥാനത്തിൽ കേരളബാങ്ക് വഴിയാണ് തുക കൈമാറിയതെന്ന് അധികൃതർ പറഞ്ഞു. തകഴി കൃഷിഭവനിലെ മൂന്നിടത്തായിരുന്നു പ്രസാദിന്റെ കൃഷി. കുന്നുമ്മ പടിഞ്ഞാറ്, നാനൂറിൽപാടം, കരിയാർമുടിയിലക്കരി എന്നീ പാടശേഖരങ്ങളിൽനിന്ന് സംഭരിച്ച നെല്ലിന്റെ തുകയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.