പാലക്കാട്: ജില്ല ക്ഷീരവികസന വകുപ്പ് ഈ വർഷത്തെ ക്ഷീരകർഷക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പ്രസ് ക്ലബിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എൻ. ബിന്ദു ആണ് വിജയികളെ പ്രഖ്യാപിച്ചത്. 2022-23 വർഷത്തിലെ പാൽ സംഭരണം അടിസ്ഥാനമാക്കിയാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മികച്ച ക്ഷീര കർഷകർക്കായുള്ള ക്ഷീരദ്യുതി പുരസ്കാരങ്ങളിൽ കുമരന്നൂർ ക്ഷീര സംഘത്തിലെ കർഷകനായ എൻ. സേതുരാമലിംഗം ആണ് ജനറൽ വിഭാഗത്തിൽ മികച്ച ക്ഷീര കർഷകൻ.
എൺപതിൽപ്പരം കറവപ്പശുക്കളിൽ നിന്നായി 2,73,750 ലിറ്റർ പാൽ അളന്നാണ് ചിറ്റൂർ ബ്ലോക്കിലെ ഈ ക്ഷീരകർഷകൻ ഈ നേട്ടം സ്വന്തമാക്കിയത്. പരിശിക്കൽ ക്ഷീര സംഘത്തിലെ ലീമ റോസ്ലിൻ മികച്ച വനിത ക്ഷീരകർഷകയായി തെരഞ്ഞെടുക്കപ്പെട്ടു. അമ്പതോളം പശുക്കളിൽ നിന്നും 1,82,830 ലിറ്റർ പാൽ അളക്കുന്ന ഈ ക്ഷീര കർഷക വനിത ക്ഷീര കർഷകർക്ക് ഉത്തമ മാതൃകയാണ്. വെള്ളാരം കൽമേട് ക്ഷീരസംഘത്തിലെ എ. രാജദുരൈ ആണ് മികച്ച എസ്.സി ക്ഷീര കർഷകൻ (80 പശുക്കളിൽ നിന്നും 80380 ലിറ്റർ പാൽ).
മുതലമട കിഴക്ക് സംഘത്തിലെ എം. കമലം എസ്.ടി വിഭാഗത്തിലെ മികച്ച കർഷകയായി. 13 പശുക്കളിൽ നിന്നും 8540 ലിറ്റർ പാലാണ് ഈ ക്ഷീര കർഷക സംഘത്തിൽ എത്തിക്കുന്നത്. ക്ഷീരകർഷക ക്ഷേമനിധി അംഗമായ മികച്ച കർഷകൻ അവാർഡിന് കുന്നംകാട്ടുപതി ക്ഷീര സംഘത്തിലെ കെ. ശിവസുബ്രഹ്മണ്യം അർഹനായി. 230554 ലിറ്റർ പാലാണ് ഇദ്ദേഹം ക്ഷീരസംഘത്തിൽ നൽകുന്നത്.
ജില്ലയിലെ മികച്ച യുവ കർഷകനായി മൂലത്തറ ക്ഷീര സംഘത്തിലെ എസ്. മോഹനൻ, ജില്ലയിലെ മികച്ച യുവ സംരംഭകനായി എലവഞ്ചേരി ക്ഷീര സംഘത്തിലെ സി.വൈ. അജിത്കുമാർ എന്നിവരെ തെരഞ്ഞെടുത്തു. മികച്ച തീറ്റപ്പുൽ തോട്ട ഉടമയായി ശ്രീകൃഷ്ണപുരം ക്ഷീരസംഘത്തിലെ കെ. സുരേഷ് തെരഞ്ഞെടുക്കപ്പെട്ടു.
ക്ഷീര സംഘങ്ങൾക്കായുള്ള ക്ഷീര ബന്ധു പുരസ്കാരങ്ങളിൽ ഏറ്റവും കൂടുതൽ പാൽ അളന്ന ആപ്കോസ് സംഘമായി ചിറ്റൂർ ബ്ലോക്കിലെ കുന്നംകാട്ടുപതി സംഘത്തെയും ഏറ്റവും കൂടുതൽ പാൽ അളന്ന നോൺ ആപ്കോസ് സംഘമായി കൊല്ലങ്കോട് ബ്ലോക്കിലെ മുതലമട (കിഴക്ക്) ക്ഷീര വ്യവസായ സംഘത്തേയും തെരഞ്ഞെടുത്തു. അവാർഡ് ജേതാക്കളെ ജില്ല ക്ഷീര കർഷക സംഗമത്തിൽ അനുമോദിക്കും.
പാലക്കാട്: ജില്ല ക്ഷീര കർഷക സംഗമം ജനുവരി 9, 10, 11 തീയതികളിൽ നടക്കും. ഒറ്റപ്പാലം ബ്ലോക്കിലെ ലക്കിടി ക്ഷീര സംഘത്തിന്റെ ആതിഥേയത്വത്തിൽ ലക്കിടിയിൽ നടക്കുന്ന സംഗമത്തിൽ മുപ്പതോളം സ്റ്റാളുകൾ അടങ്ങിയ ക്ഷീര പ്രദർശനം, കർഷകർക്കായുള്ള സെമിനാറുകൾ, കന്നുകാലി പ്രദർശനം, കുട്ടികൾക്ക് രചന മത്സരങ്ങൾ, ഡെയറി ക്വിസ്, കർഷകർക്കും ക്ഷീരസംഘം ജീവനക്കാർക്കും ബോധവത്കരണ പരിപാടികൾ, ക്ഷീര സംഘം ജീവനക്കാരുടെ പാർലമെന്റ്, കല സന്ധ്യ എന്നിങ്ങനെ വിവിധ പരിപാടികൾ നടക്കും.
ജനുവരി 11ന് നടക്കുന്ന പൊതുസമ്മേളനം അഡ്വ. കെ. പ്രേംകുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ ക്ഷീര വികസന മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, എം.ബി. രാജേഷ് എന്നിവർ പങ്കെടുക്കും. ഗോപാൽ രത്ന പുരസ്കാരം ലഭിച്ച പരിശിക്കൽ ക്ഷീരോൽപ്പാദക സഹകരണ സംഘത്തെയും ദേശീയ തലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ക്ഷീര കർഷകരുടെ മക്കളായ വിദ്യാർഥികളെയും അനുമോദിക്കും.
പാലക്കാട് ക്ഷീര വികസന വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടർ (ഇൻ ചാർജ്) സി.സി. ജയപ്രകാശ്, ഒറ്റപ്പാലം ബ്ലോക്ക് ക്ഷീര വികസന ഓഫിസർ വി.പി. ശ്രീലത, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ടി. അലി, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ കെ.എ. ബാബുരാജ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.