കാസര്‍കോട്: പൂക്കളില്‍ തേൻ നുകരാനെത്തുന്ന ഉറുമ്പുകള്‍ പരാഗണം തടയുന്നുതായി പഠനം. കേരള കേന്ദ്ര സര്‍വകലാശാല സുവോളജി വിഭാഗം അസി. പ്രഫസര്‍ ഡോ. പി.എ. സിനുവിെൻറ നേതൃത്വത്തില്‍ രണ്ടു വര്‍ഷത്തോളം കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ പച്ചക്കറിത്തോട്ടങ്ങളില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ലോകം പരാഗണവാഹകരുടെ കുറവ് നേരിടുന്നുവെന്ന് യു.എന്‍ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഇൻറര്‍നാഷനല്‍ പാനല്‍ ഫോര്‍ ബയോഡൈവേഴ്സിറ്റി ആൻഡ് ഇക്കോസിസ്റ്റം സർവിസസ് (ഐ.പി.ബി.ഇ.എസ്) റിപ്പോര്‍ട്ട് വ്യക്തമാക്കുമ്പോഴാണ് പുതിയ കണ്ടെത്തലും പുറത്തുവരുന്നത്.
ഉറുമ്പുകള്‍ കാരണം പരാഗണക്കുറവ് കൂടുതലായി കാണുന്നത് മത്തനിലാണെന്ന് ഡോ. സിനു പറയുന്നു. മത്തനില്‍ ആണ്‍-പെണ്‍ പൂക്കള്‍ വെവ്വേറെ തണ്ടുകളിലാണ് ഉണ്ടാകുക. മൊത്തം പൂക്കളില്‍ 90 ശതമാനവും ആണ്‍ പൂക്കളാണ്. രണ്ടുതരം പൂക്കളിലും മാറിമാറി പറക്കുന്ന തേനീച്ചകളാണ് പരാഗണം നടത്തുക. പൂക്കളില്‍ സ്വതവേ ഉറുമ്പുകള്‍ വരുക കുറവാണെന്നാണ് പൊതുവെയുള്ള വിലയിരുത്തലെങ്കിലും, മത്തെൻറ പൂക്കളില്‍ 10ഓളം തരത്തിലുള്ള ഉറുമ്പുകള്‍ തേന്‍ നുകരാനെത്തും. നാടന്‍ ഉറുമ്പുകള്‍ ഒന്നുമുതല്‍ 10 വരെ ഒരു പൂവില്‍ കാണുമ്പോള്‍ കടന്നാക്രമണം നടത്തുന്ന ഇന്‍വസിവ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഭ്രാന്തന്‍ ഉറുമ്പുകള്‍ (yello crazy ant, black crazy ant) 100ലധികം ഒരു പൂവില്‍ കാണപ്പെടുന്നു.
പഠന സംഘത്തിലുണ്ടായിരുന്ന അഞ്ജന ഉണ്ണി, പ്രശാന്ത് ബല്ലൂല്ലായ, സജാദ് മിര്‍, ടി.പി. രാജേഷ്, തോമസ് ജോസ് എന്നിവര്‍ ഉറുമ്പുകള്‍ ഉള്ളതും ഇല്ലാത്തതുമായ ആണ്‍, പെണ്‍ പൂക്കളില്‍ തേനീച്ചകളുടെ സ്വഭാവം നിരീക്ഷിച്ചു. ഉറുമ്പുകളുള്ള പൂക്കളിൽ തേനീച്ചകള്‍ സന്ദര്‍ശിക്കുന്നില്ലെന്ന് കണ്ടെത്തി. ഉറുമ്പുകള്‍ കുറവുള്ള പൂക്കളില്‍ തേനീച്ചകള്‍ തേന്‍ നുകരാന്‍ ശ്രമിക്കുമെങ്കിലും പലപ്പോഴും ഇവയെ ഉറുമ്പുകള്‍ പിടിക്കുകയാണ് ചെയ്യുന്നത്. ഉറുമ്പുകള്‍ ഉള്ള പെണ്‍പൂക്കള്‍ ഒന്നുപോലും കായ് ഉത്പാദിപ്പിച്ചു കണ്ടില്ല. പല സസ്യങ്ങളിലും ഉറുമ്പ് ഒരു പരാഗണ വാഹക ആകാമെങ്കിലും മത്തനുള്‍പ്പെടെയുള്ള കുക്കുര്‍ബിറ്റേസിയ (cucurbitaceae) ഗണത്തില്‍ ഉള്‍പ്പെടുന്ന ചെടികളില്‍ ഇത് അസാധ്യമാണെന്ന് ഡോ. സിനു ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.