പന്തളം: ജലക്ഷാമം മൂലം കടക്കാട്, തോന്നല്ലൂർ, തുമ്പമൺ, മുട്ടം മേഖലകളിലെ ഏലയിലെ ഏക്കർ കണക്കിന് കൃഷി നാശത്തിന്റെ വക്കിലെന്നു കർഷകരുടെ പരാതി. വേനൽക്കാലത്ത് കനാൽ ജലം പ്രതീക്ഷിച്ചാണ് കർഷകർ കൃഷിയിറക്കുന്നത്. സമയത്ത് കനാൽ തുറന്നില്ലെങ്കിൽ വൻ നഷ്ടമാണു സംഭവിക്കുന്നത്. ഇത്തവണ ജനുവരി പകുതിയോടെ വേനൽ കടുത്തു തുടങ്ങിയതിനാൽ ജലക്ഷാമം രൂക്ഷമായി.
സ്ഥിതി പ്രതികൂലമാകും എന്നു ബോധ്യപ്പെട്ടതോടെ കനാൽ ജലസേചനം ആരംഭിക്കണം എന്നു കർഷകർ ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഫെബ്രുവരി പകുതി പിന്നിട്ടിട്ടും ഈ ഭാഗത്തേക്കുള്ള കനാൽ തുറക്കാൻ നടപടി ഉണ്ടായിട്ടില്ല. കെ.എ.പി കനാലുകളുടെ ഉപകനാലുകൾ വഴിയാണ് ഈ മേഖലകളിലേക്ക് വെള്ളം എത്തിക്കുന്നത്.
കനാൽ വൃത്തിയാക്കാത്തതാണ് ജലസേചനം വൈകാൻ കാരണമെന്നാണ് കർഷകർക്കു ലഭിച്ച വിവരം. കാലാകാലങ്ങളായുള്ള മുട്ടാപ്പോക്കു ന്യായമാണിതെന്നു കർഷകർ പറയുന്നു. വേനൽക്കാലത്ത് കനാലുകൾ വൃത്തിയാക്കണം എന്നു മുൻകൂട്ടി അറിയാമെങ്കിലും സമയബന്ധിതമായി ഇതു പൂർത്തിയാക്കാറില്ല. ഇതു മൂലം ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടാകുന്നത്. കൃഷി നശിച്ച ശേഷം കനാൽ തുറന്നിട്ട് എന്തു പ്രയോജനം എന്നാണു കർഷകരുടെ ചോദ്യം.
പ്രദേശത്ത് കിണറുകളും വറ്റിത്തുടങ്ങിയ അവസ്ഥയിലാണ്. കനാൽ തുറന്നാൽ ഇതിനും പരിഹാരം ആകുമായിരുന്നു. എത്രയും വേഗം കനാൽ തുറക്കണം എന്നാണു കർഷകരുടെയും നാട്ടുകാരുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.