പാലക്കാട്: വേനലിന്റെ കാഠിന്യം വർധിച്ചതോടെ മിൽമക്ക് ലഭിക്കുന്ന പാലിന്റെ അളവിൽ ഗണ്യമായ കുറവ്. സംസ്ഥാനത്ത് പാൽ ഉൽപാദനത്തിൽ 10 ശതമാനം കുറവ് വന്നതായാണ് മിൽമയുടെ കണക്ക്. മൂന്ന് മേഖലകളിൽനിന്നുമായി പ്രതിദിനം നാല് ലക്ഷത്തോളം ലിറ്റർ പാലിന്റെ കുറവാണ് അനുഭവപ്പെടുന്നത്.
മലബാർ മേഖല യൂനിയനിൽ 75,000വും തിരുവനന്തപുരം, എറണാകുളം മേഖല യൂനിയനുകളിൽ യഥാക്രമം 2.5ഉം, 1.5ഉം ലക്ഷം ലിറ്ററിന്റെയും കുറവാണ് അനുഭവപ്പെടുന്നത്. കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്ന് പ്രതിദിനം നാല് ലക്ഷം ലിറ്റർ പാൽ മിൽമ ഇറക്കുമതി ചെയ്താണ് പ്രതിസന്ധി മറികടക്കുന്നത്. സംസ്ഥാനത്ത് 17 ലക്ഷം ലിറ്റർ പാൽ പ്രതിദിനം ആവശ്യമുണ്ട്. എന്നാൽ, മൂന്ന് യൂനിയനുകളിലുമായി 13 ലക്ഷം ലിറ്റർ പാൽ മാത്രമാണ് ഇപ്പോൾ ലഭ്യമാകുന്നത്. കൂടുതൽ പാൽ ഉൽപാദിപ്പിക്കുന്ന പാലക്കാട്ടും ഗണ്യമായ കുറവ് വന്നു. രണ്ടര ലക്ഷത്തോളം ലിറ്റർ പാൽ പ്രതിദിനം ലഭിച്ച പാലക്കാട്ട് ഇപ്പോൾ 2,02,000 ലിറ്ററാണ് ലഭിക്കുന്നത്.
പാൽ ഉൽപാദനം വലിയ തോതിൽ കുറഞ്ഞതോടെ ക്ഷീരകർഷകർ കടുത്ത പ്രതിസന്ധിയിലായി. പച്ചപ്പുല്ല് കിട്ടാനില്ലാത്തത് പ്രതിസന്ധി രൂക്ഷമാക്കി. കർഷകർ കൃഷി ചെയ്തിരുന്ന തീറ്റപ്പുല്ലുകളെല്ലാം മിക്കയിടത്തും കരിഞ്ഞുണങ്ങി. കടുത്ത ചൂടിൽ കറവപ്പശുക്കൾ തളർന്നുവീഴുന്നത് പതിവായി. ചൂട് ഉയരുന്നതിനനുസരിച്ച് പശുക്കളുടെ പ്രതിരോധശേഷി നഷ്ടമാകുന്നതും ഭക്ഷണം കഴിക്കാനാകാത്തതുമാണ് പാൽ ലഭ്യതയിൽ കുറവ് വരുത്തുന്നത്. വായിൽനിന്ന് നുരയും പതയും വരുന്നതിനൊപ്പം നീർക്കെട്ടും പനിയും ബാധിക്കുന്നതോടെ കന്നുകാലികൾ അവശരാകുകയാണ്.
ഫാമുകളിൽ ഫാനും തൊഴുത്തിന്റെ മേൽക്കൂര തണുപ്പിക്കാൻ വെള്ളം സ്പ്രേ ചെയ്യുന്ന സംവിധാനവും പലയിടത്തും ഒരുക്കുന്നുണ്ട്. പശുക്കളെ നാലുനേരം വരെ കുളിപ്പിച്ചിട്ടും പാൽ ഉൽപാദനം കുറഞ്ഞു. പുല്ലിന്റെ ലഭ്യതക്കുറവും ജലക്ഷാമവുമാണ് പാൽ ഉൽപാദനം ഇടിയാൻ പ്രധാന കാരണമെന്ന് കർഷകർ പറയുന്നു. ഒരു ലിറ്റർ പാലിന് 50 മുതൽ 60 വരെ രൂപയാണ് ഉപഭോക്താക്കളിൽനിന്ന് മിൽമ വാങ്ങുന്നത്. എന്നാൽ, കർഷകന് ലിറ്ററിന് 40 മുതൽ 45 വരെ രൂപയാണ് ലഭിക്കുന്നത്.01
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.