നെല്ല് സംഭരണത്തിനുള്ള നോഡൽ ഏജൻസിയായി തുടരാന്‍ സപ്ലൈകോക്ക് അനുമതി

തിരുവനന്തപുരം :നെല്ല് സംഭരണത്തിനുള്ള നോഡൽ ഏജൻസിയായി തുടരാന്‍ സപ്ലൈകോക്ക് മന്ത്രിസഭായോഗം അനുമതി നല്‍കി. സപ്ലൈകോക്ക് അധിക ധനസഹായം നൽകുന്നതിന് കേരളാ ബാങ്കിനുള്ള പരിമിതി കണക്കിലെടുത്ത് ഇതിൽ പുനക്രമീകരണം ഉണ്ടാവുന്നത് വരെ സപ്ലൈകോയും ബാങ്കുകളുടെ കൺസോർഷ്യവും തമ്മിലുള്ള സാമ്പത്തിക ക്രമീകരണം തുടരും.

കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്‍റെ പണം വിതരണം ചെയ്യാനും നെല്ല് സംഭരണത്തിൻ്റെ ക്ലെയിം ഉന്നയിക്കാനും അതിനെത്തുടർന്നുള്ള സംസ്കരണത്തിനും മുൻവർഷങ്ങളിൽ ചെയ്ത പോലെ പൊതുവിതരണ സംവിധാനത്തിലേക്ക് അരി വിതരണം ചെയ്യുന്നതിനും സപ്ലൈകോയെ തുടർന്നും അനുവദിക്കും.

കർഷകർക്കുള്ള പേയ്മെൻറ് തടസമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സപ്ലൈകോ ശ്രദ്ധിക്കണം. സംഭരിച്ച നെല്ലിന് കർഷകർക്ക് പിആർഎസ് വായ്പ വഴി പണം നൽകും. കൺസോർഷ്യം ബാങ്കുകളില്‍ നിലവിലുള്ള പി ആർ എസ് വായ്പ്പകൾ അടയ്ക്കുന്നതിന് സർക്കാരിൽ നിന്നും സപ്ലൈകോക്ക് ലഭിക്കാനുള്ള 200 കോടി ഉപയോഗിക്കാനും മന്ത്രിസഭായോഗം അനുമതി നൽകി.

നെല്ല് സംഭരണത്തിനായി സംസ്ഥാന-കേന്ദ്ര സർക്കാരുകളില്‍നിന്ന് ലഭ്യമാകുന്ന ഫണ്ട് നിലവിലുള്ള പിആർഎസ് വായ്പകൾ അടയ്ക്കുന്നതിനും പുതിയവ എടുക്കുന്നതിനുമായി ഉപയോഗിക്കും. കർഷകർക്കുള്ള പണം സമയബന്ധിതമായി വിതരണം ചെയ്യുന്നുവെന്ന് സപ്ലൈകോ ഉറപ്പുവരുത്തേണ്ടതാണ്. ഈ കാര്യങ്ങൾ സമയബന്ധിതമായി നടക്കുവെന്ന് ഉറപ്പ് വരുത്താൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സെക്രട്ടറിതല സമിതിയെ ചുമതലപ്പെടുത്തും.

കർഷകരിൽ നിന്നും ബാങ്കിൽ നിന്നും പൂർണമായി പിന്തുണയും സഹകരണവും ഉറപ്പാക്കുന്നതിനും സപ്ലൈകോ എല്ലാ പങ്കാളികളുമായി കൃത്യമായ ഇടവേളകളിൽ യോഗങ്ങൾ നടത്തേണ്ടതും സ്ഥിതിഗതികൾ അവലോകനം ചെയ്യേണ്ടതുമാണ്. സപ്ലൈകോയിൽ നെല്ലുസംഭരണം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ എല്ലാ ഡെപ്യൂട്ടേഷൻ ഒഴിവുകളും സമയബന്ധിതമായി നികത്താൻ കൃഷി വകുപ്പിന് നിർദേശം നൽകാനും തീരുമാനിച്ചു. 

Tags:    
News Summary - Supplyco allowed to continue as nodal agency for paddy procurement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.