രുചികരവും ആരോഗ്യഗുണങ്ങളും അടങ്ങിയ ഭക്ഷണങ്ങളിലെ മുമ്പനാണ് മധുരക്കിഴങ്ങ്. പേരുപോലെതന്നെ മധുരമുള്ള കിഴങ്ങിൽ ധാരാളം ഫൈബറും വിറ്റമിനുകളും മിനറലും ആന്റി ഓക്സിഡൻസും അടങ്ങിയിട്ടുണ്ട്. വിറ്റമിൻ സി ധാരാളം അടങ്ങിയ ഭക്ഷണമായതിനാൽ ഡയറ്റ് ഭക്ഷണ ക്രമത്തിലും മധുരക്കിഴങ്ങ് ഉൾപ്പെടുത്താറുണ്ട്. പലയിടങ്ങളിലും ചക്കരക്കിഴങ്ങെന്നും ഉണ്ടക്കിഴങ്ങെന്നും ഇതിനെ വിളിക്കും.
എല്ലാതരം മണ്ണിലും വളരെ എളുപ്പത്തിൽ വളരുകയും നല്ല വിളവ് തരുകയും ചെയ്യുന്നവയാണ് മധുരക്കിഴങ്ങ്. ജൂൺ-ജൂലൈ, സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ മധുരക്കിഴങ്ങ് കൃഷിയിറക്കാം. നന സൗകര്യമുണ്ടെങ്കിലും വയലുകളിലും നവംബർ, ജനുവരി-ഫെബ്രുവരി മാസങ്ങളിലും കൃഷിയിറക്കാറുണ്ട്. കിഴങ്ങും വള്ളിയുമാണ് മധുരക്കിഴങ്ങ് കൃഷിയുടെ നടീൽ വസ്തുവായി ഉപയോഗിക്കുക.
നിലം ഉഴുത് നിരപ്പാക്കിയശേഷം വാരങ്ങളെടുത്ത് വള്ളികളോ കിഴങ്ങുകളോ നടാം. കീടബാധയില്ലാത്ത വള്ളികളും കിഴങ്ങുകളും വേണം നടാനായി തെരഞ്ഞെടുക്കാൻ. കിഴങ്ങാണ് വിത്തായി ഉപയോഗിച്ചതെങ്കിൽ നട്ട് 15 ദിവസം കഴിയുമ്പോഴും 30 ദിവസം കഴിയുമ്പോഴും യൂറിയ ഇട്ട് നൽകുന്നത് വളർച്ച നിരക്ക് കൂട്ടും. വള്ളികളാണ് നടാനായി തെരഞ്ഞെടുക്കുന്നതെങ്കിൽ അവയുടെ മുകളിലുള്ള ഭാഗമാണ് നടാൻ നല്ലത്. വാരങ്ങളിൽ 20 സെ.മീറ്റർ അകലത്തിൽ വള്ളികൾ നടാം. വള്ളികൾ നട്ടതിനുശേഷം വാരങ്ങളിൽ ആവശ്യത്തിന് വെള്ളം ഉണ്ടായിരിക്കണം. എന്നാൽ, മണ്ണിൽ വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കുകയും വേണം. വളർച്ചക്ക് അനുസരിച്ച് യൂറിയ ഇട്ടുനൽകുന്നത് നന്നായിരിക്കും.
കാലിവളം, പച്ചിലവളം, എല്ലുപൊടി തുടങ്ങിയ ജൈവവളങ്ങൾ നൽകി നല്ല വിളവ് ഉൽപാദിപ്പിക്കാം. പൊതുവെ രോഗബാധകൾ കുറവുള്ള വിളയാണ് മധുരക്കിഴങ്ങ്. എന്നാൽ, മധുരക്കിഴങ്ങിനെ നശിപ്പിക്കുന്ന പ്രധാനി ചെല്ലിയുടെ ആക്രമണമാണ്. ചെല്ലി ആക്രമണമുണ്ടായാൽ കിഴങ്ങുകളിൽ വ്യാപകമായി സുഷിരങ്ങൾ കാണും. ഇവയുടെ ആക്രമണമുണ്ടായാൽ കിഴങ്ങുകൾ ഭക്ഷ്യയോഗ്യമല്ലാതാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.