ആയഞ്ചേരി: കനാൽജലം ലഭ്യമാകാത്തതിനാൽ ആയഞ്ചേരിയിലെ പുഞ്ചകൃഷി നശിക്കുന്നു. കാലവർഷം നീണ്ടുപോയതിനാൽ കർഷകർക്ക് ഈ വർഷം വിത്തിറക്കാൻ കഴിഞ്ഞത് വളരെ വൈകിയാണ്. നെല്ല് കതിരിടുന്ന വളർച്ചയുടെ പ്രഥമിക ഘട്ടത്തിൽ ജലലഭ്യത ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമായിരിക്കെ ഏക്കറുകണക്കിന് നെൽപാടം വറ്റി വരണ്ടു കിടക്കുകയാണ്.
പുഞ്ചകൃഷി ഇറക്കുന്ന കർഷകർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് കുറ്റ്യാടി ജലസേചന വകുപ്പിനു കീഴിലുള്ള കനാൽ ജല ലഭ്യതയാണ്. കഴിഞ്ഞ മാസാവസാനം ഇടതുകര കനാൽ തുറന്നുവിട്ടെങ്കിലും വടകര താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ വെള്ളമെത്തിക്കുന്ന വലതുകര കനാൽ തുറന്നിട്ടില്ല.
അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് വലതുകര കനാൽ ജലം തുറന്നുവിടാത്തതെന്നാണ് അധികൃതരുടെ മറുപടി. കനാൽ തുറന്നാൽ പോലും ഇത്തവണ എന്നു വെള്ളമെത്തുമെന്ന് പറയാൻ കഴി യുകയുമില്ല.
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഒരോ വർഷവും കനാൽ ജലം തുറന്നു വിടുന്നതിനു മുമ്പുള്ള ശുചീകരണ പ്രവൃത്തി നടത്തിയിരുന്നത്. ആവർത്തന സ്വഭാവമുള്ള പ്രവൃത്തികൾ തൊഴിലുറപ്പ് ഫണ്ട് ഉപയോഗിച്ച് നടപ്പാക്കരുതെന്ന ജില്ല കലക്റടറുടെ ഉത്തരവ് കാരണം പഞ്ചായത്തുകൾ കനാൽ ശുചീകരണം ഈ വർഷം പൂർത്തിയാക്കിയിട്ടില്ല.
കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് കൃഷിയിറക്കാൻ മടിച്ചുനിന്ന കർഷകർ വിത്തിറക്കി കതിരണിയാൻ പാകമായപ്പോഴാണ് ജലലഭ്യത തിരിച്ചടിയായത്. ആയഞ്ചേരിയിലെ പൊക്ലാറത്ത് താഴ മുതൽ അര തുരുത്ത് വരെയുള്ള ഏക്കര്‍ കണക്കിന് പുഞ്ചകൃഷിഭൂമി വരണ്ടുണങ്ങുകയും ഭാഗികമായി നശിച്ചുതുടങ്ങുകയും ചെയ്തു. കതിരിട്ട് വിളവെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിയിരിക്കെയാണ് വെള്ളം ലഭ്യമാകാതെ നൂറുമേനി വിളയുന്ന പുഞ്ചകൃഷി നശിക്കുന്നത്. തങ്ങളുടെ അധ്വാനത്തിനുപുറമെ ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് നേരിടേണ്ടിവരുന്നത്. വിവിധ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമവും അനുഭപ്പെട്ടുതുടങ്ങി. കനാൽജല ലഭ്യത മുന്നിൽക്കണ്ട് ഇടവിള കൃഷിയായി പച്ചക്കറി കൃഷിയും മറ്റും തുടങ്ങിയ കർഷകരും നിരാശയിലാണ്. ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തര നടപടി കൈക്കൊള്ളണമെന്നാണ് പുഞ്ചകർഷകർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.