പൊന്നാനി: തീരദേശത്തിന്റെ പഞ്ചാരമണലിൽ ഏറെ ഔഷധ പ്രാധാന്യമുള്ള രാമച്ചത്തിന് വിപണിയിൽ വില വർധിച്ചതോടെ തീരദേശത്തെ രാമച്ച കർഷകർ ആശ്വാസത്തിൽ. തീരദേശത്തിന്റെ പ്രധാന കൃഷികളിലൊന്നായ രാമച്ചത്തിന്റെ വിളവെടുപ്പ് ഏറെ പ്രതീക്ഷയോടെയാണ് കർഷകർ നോക്കികാണുന്നത്. ഈ വർഷത്തെ വിളവെടുപ്പിൽ തുടക്കത്തിൽ അൽപ്പം വിലയിടിവ് ഉണ്ടായെങ്കിലും വിപണിയിൽ ഇപ്പോൾ ഡിമാന്റ് ഏറി.
കിലോക്ക് 95 മുതൽ 105 വരെയാണ് വില. ഇത് ഏറെ ആശ്വാസകരമായാണ് കാണുന്നതെന്നും ഈ വില നിലനിൽക്കുകയാണെങ്കിൽ ഒരുപരിധി വരെ പിടിച്ചുനിൽക്കാനാകുമെന്നും കർഷകർ പറയുന്നു. ഒക്ടോബറിൽ തുടങ്ങിയ വിളവെടുപ്പ് ഫെബ്രുവരി അവസാനവാരത്തോടെ അവസാനിക്കും.
വില വർധിച്ചതോടെ രാമച്ചം കെട്ടുകളാക്കി സ്റ്റോക്ക് ചെയ്യുകയാണ് കർഷകർ. പൊന്നാനി മുതൽ ചാവക്കാട് വരെ എടക്കഴിയൂർ, പഞ്ചവടി, നാലാംകല്ല്, അകലാട്, മൂന്നൈയിനി, ബദർപള്ളി, മന്ദലാംകുന്ന്, പാപ്പാളി, അണ്ടത്തോട്, പെരിയമ്പലം, തങ്ങൾപ്പടി, കാപ്പിരിക്കാട്, പാലപ്പെട്ടി, വെളിയങ്കോട്, തുടങ്ങിയ തീരദേശത്തിന്റെ പഞ്ചാരമണലിൽ കൃഷിചെയ്യുന്ന രാമച്ചത്തിന് പുറംനാടുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നല്ല മാർക്കറ്റാണുള്ളത്.
ആയൂർവേദ ഉൽപന്നങ്ങൾക്കും വിശറി, ബെഡ്, തലയണ മുതലായവ നിർമിക്കുന്നതിന് ഏറെ സുഗന്ധമുള്ള രാമച്ചം ഉപയോഗിക്കുന്നുണ്ട്. കൃഷി ഇടത്തിൽനിന്ന് തന്നെ 50 കിലോ വരുന്ന കെട്ടുകളാക്കി കയറ്റി വിടുകയാണ്. പലകർഷകരും പാട്ടത്തിന് സ്ഥലമെടുത്താണ് കൃഷി ഇറക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.