പത്തനംതിട്ട: കാർഷിക മേഖലയിൽ നാശംവിതക്കുന്ന കാട്ടുപന്നികളെ നിബന്ധനകൾക്കുവിധേയമായി വെടിെവച്ച് കൊല്ലുന്നതിനുള്ള പദ്ധതിയിൽ കോന്നിയിൽ പാനലിൽ ഉൾപ്പെടാൻ ആളില്ല. വനംവകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം അംഗീകൃത തോക്ക് ലൈസൻസുള്ളവരെയും പാനലിൽ ഉൾപ്പെടുത്തുന്നുണ്ട്.
സർവിസിൽപ്പെട്ട ഉദ്യോഗസ്ഥർക്കു പുറമെ, അതത് വനംറേഞ്ച് പരിധിയിൽ തോക്ക് ഉപയോഗിക്കുവാൻ ലൈസൻസുള്ളവരും ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുവാൻ സന്നദ്ധരായവരുമായ വ്യക്തികളുടെ പാനലാണ് തയാറാക്കുന്നത്. ഈ പാനൽ ബന്ധപ്പെട്ട ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ തയാറാക്കി സൂക്ഷിക്കുന്നതിനാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. കോന്നി ഡിവിഷനിൽ ഇത്തരത്തിൽ രൂപവത്കരിച്ചിട്ടുള്ള പാനലിൽ നിലവിൽ മൂന്നു വ്യക്തികൾ മാത്രമാണുള്ളത്. കോന്നി, തണ്ണിത്തോട്, അരുവാപ്പുലം, കലഞ്ഞൂർ, പ്രമാടം, വള്ളിക്കോട്, മലയാലപ്പുഴ, മൈലപ്ര, എനാദിമംഗലം, കൊടുമൺ, ഏഴംകുളം, പള്ളിക്കൽ, ഏറത്ത് പഞ്ചായത്തുകളുടെയും പത്തനംതിട്ട, അടൂർ നഗരസഭയുടെയും പരിധിയിൽ വരുന്ന തോക്ക് ലൈസൻസുള്ളവരും സർക്കാർ ഉത്തരവിലെ വ്യവസ്ഥകൾ അനുസരിച്ച് പ്രവർത്തിക്കാൻ സന്നദ്ധരുമായ വ്യക്തികൾ എം പാനൽ ചെയ്യപ്പെടാൻ താൽപര്യമുള്ളപക്ഷം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിെൻറ തലവൻ മുഖേനയോ, കോന്നി (ഫോൺ: 8547600610), നടുവത്തുമൂഴി (ഫോൺ: 8547600555) റേഞ്ച് ഓഫിസർമാരെയോ ബന്ധപ്പെടണമെന്ന് കോന്നി ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ കെ.എൻ. ശ്യാം മോഹൻലാൽ അറിയിച്ചു.
കൃത്യം നിർവഹിക്കുമ്പോൾ അറിഞ്ഞാ, അറിയാതെയോ മനുഷ്യ ജീവനോ, സ്വത്തിനോ സംഭവിക്കുന്ന അപായങ്ങൾക്കും നാശനഷ്ടങ്ങൾക്കും വെടിവെക്കുന്നയാൾക്ക് മാത്രമാകും ഉത്തരവാദിത്തമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
എം.പാനൽ ചെയ്യപ്പെടുന്ന വ്യക്തി കൃത്യം നിർവഹിക്കുന്ന മുറക്ക് ഓരോ കാട്ടുപന്നിയുടെ കാര്യത്തിലും ചെലവിനത്തിൽ 1000 രൂപ പ്രതിഫലം അനുവദിക്കാനും ഉത്തരവിൽ വ്യവസ്ഥയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.