അടിമാലി: കൊക്കോ വില കുതിച്ചുയരുമ്പോൾ ജില്ലയിലെ കർഷകർക്ക് നിരാശ. കാലാവസ്ഥ വ്യതിയാനവും വിലയിലെ ചാഞ്ചാട്ടവും വന്യമൃഗശല്യവും മൂലം കൃഷിയിടത്തിലെ കൊക്കോ വെട്ടിമാറ്റി മറ്റു കൃഷികൾ ഇറക്കിയവരാണു കൊക്കോ പരിപ്പിന് മുമ്പെങ്ങുമില്ലാത്തവിധം വില ഉയർന്നതോടെ നിരാശയിലായത്.
നിലവിൽ കൊക്കോ കൃഷി ഉള്ളവർക്ക് ഇക്കുറി വിളവിൽ അൽപം കുറവുണ്ടെങ്കിലും വിലയിൽ ഒട്ടും കുറവില്ലാത്തതിനാൽ കൈ നിറയെ കാശ് നേടാം. വിവിധ കാരണങ്ങളാൽ ഉൽപാദനത്തിലുണ്ടായ കുറവാണ് വില വർധനക്ക് ഇടയാക്കിയതെന്ന് പറയപ്പെടുന്നു.
കഴിഞ്ഞ ദിവസം ജില്ലയിലെ ചില വ്യാപാര സ്ഥാപനങ്ങൾ കർഷകരിൽ നിന്ന് ഉണക്കിയ കൊക്കോ പരിപ്പ് കിലോക്ക് 360 രൂപക്കാണ് വ്യാഴാഴ്ച ശേഖരിച്ചത്. ചരിത്രത്തിൽ ലഭിക്കാത്ത വിലയാണിതെന്ന് കർഷകർ പറയുന്നു. മുൻകാലങ്ങളിൽ 250 രൂപ വരെ വില വന്നിരുന്നു. എന്നാൽ ആദ്യമായാണ് 300 കടക്കുന്നതെന്ന് വ്യാപാരികളും പറയുന്നു.
ഉണക്ക പരിപ്പിന് ഉള്ളതുപോലെ തന്നെ കൊക്കോ കായ് മുഴുവനായും പച്ചപ്പരിപ്പിനും നല്ല വില ലഭിക്കുന്നുണ്ട്. പൾപ്പിന് സെഞ്ചുറിയിലേക്ക് വില ഉയർന്ന് ലഭിക്കുന്ന ഘട്ടത്തിൽ പല കർഷകർക്കും വിപണിയിലെത്തിക്കാൻ കൊക്കോ ഇല്ലാത്ത അവസ്ഥയാണ്. ഒരു കാലത്ത് ജില്ലയിലെ കൃഷിയിടങ്ങളിൽ ഒട്ടേറെ കർഷകർ കൊക്കോ കൃഷി ഇറക്കിയിരുന്നു.
എന്നാൽ കീടബാധയും കുരങ്ങ്, മലയണ്ണാൻ എന്നിവയുടെ ശല്യവും വിളവ് നഷ്ടപ്പെടുന്നതും ശരാശരി വില ലഭിക്കാതെയും വന്നതോടെയാണ് കർഷകർ കൊക്കോ കൃഷിയിൽ നിന്നു പിന്തിരിഞ്ഞ് ഏലം , ജാതി, കുരുമുളക്, അടയ്ക്ക, കാപ്പി അടക്കമുള്ളവയിലേക്ക് മാറിയത്. എന്നാൽ ചില കർഷകർ കുറഞ്ഞ രീതിയിൽ കൃഷി തുടർന്നിരുന്നു. ഇത്തരക്കാർക്കാണ് ഇപ്പോഴുണ്ടായ വിലവർധന മൂലം കോളടിച്ചത്.
അയൽ സംസ്ഥാനങ്ങളിലും വേണ്ടത്ര ഉൽപാദനം ഇല്ലാത്തതിനാൽ പുറത്തുനിന്ന് കൊക്കോ പരിപ്പ് എത്താത്ത സാഹചര്യത്തിൽ വില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നു പറയപ്പെടുന്നു. രാജ്യത്തെ കൊക്കോ ഉൽപാദനത്തിന്റെ 40 ശതമാനത്തോളം സംസ്ഥാനത്താണ്.
നിലവിൽ ഇടുക്കിയിലാണ് കൂടുതൽ കൃഷിയുള്ളത്. ഒന്നുരണ്ടു വർഷമായി പുതുതായി കൊക്കോ കൃഷിയിലേക്ക് ഇറങ്ങിയവരുമുണ്ട്. കാലാവസ്ഥാ വ്യതിയാനവും കീടബാധയുടെ അതിപ്രസരവും മൂലം പരമ്പരാഗതമായി കൃഷി ചെയ്തു വരുന്ന ആഫ്രിക്കൻ രാജ്യങ്ങളിൽ കൊക്കോ ഉൽപാദനം കുറഞ്ഞതാണ് ഇപ്പോഴത്തെ വില വർധനക്ക് കാരണമെന്നും പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.