മതിലകം: അതിശയോക്തി വേണ്ട. മനസ്സുവെച്ചാൽ തീരദേശമണ്ണിലും തുവരപരിപ്പ് നന്നായി വിളവുതരും. ഇതിന്റെ കൗതുകരമായ നേർകാഴ്ച മതിലകത്ത് കാണാം. മതിലകം പൊലീസ് ക്വാർട്ടേഴ്സിന് പടിഞ്ഞാറ് വശം കുഴിക്കണ്ടത്തിൽ നൗഷാദ്-ഷംല ദമ്പതികളുടെ പുരയിട കൃഷിയിടത്തിലാണിത്.
തുവരപരിപ്പ് വിളഞ്ഞ് നിൽക്കുന്നത് അപൂർവ കാഴ്ചയാണെങ്കിലും സമ്മിശ്ര കൃഷിയുടെ വൈവിധ്യവും ഇവരുടെ വിസ്തൃതമായ പുരയിടത്തിൽ കാണാം. കോളി ഫ്ലവർ കാബേജ്, ചീര, പച്ചമുളക്, തക്കാളി, ചുരക്ക, പടവലം, പീച്ചിങ്ങ, കുമ്പളം തുടങ്ങിയ ഇനങ്ങളെല്ലാം നല്ല നിലയിൽ വളർന്ന് വരുന്നുണ്ടിവിടെ. ആടുകളും കോഴികളും മീനുകളുമുണ്ട്. പ്രകൃതിദത്തമായ രീതിയിൽ ഇവർ ഉൽപാദിപ്പിക്കുന്ന പച്ചക്കറികളുടെ ഗുണഭോക്താക്കളിൽ നാട്ടുകാരുമുണ്ട്. ആവശ്യക്കാർക്ക് വീട്ടിലും എത്തിച്ചുകൊടുക്കും. വർഷങ്ങളായി ഇത് തുടരുന്നു.
വിത്ത് പാകി മുളപ്പിച്ച പരിപ്പ് തൈകളിൽ അഞ്ചെണ്ണമാണ് വളർന്ന് വലുതായി വിളവ് നൽകിയിരിക്കുന്നത്. അതും വെറും എട്ട് മാസം കൊണ്ട്. ആട്ടിൻ കാഷ്ടവും മൂത്രവുമായിരുന്നു വളം. നൗഷാദിന്റെ പിതാവും ക്ഷീരകർഷകനുമായ അബ്ദുൽകാദർ എന്ന അന്തുലുവും മാതാവ് നഫീസയും മതിലകം സ്കൂളിലെ ബാല കർഷക അവാർഡിനർഹരായ മക്കൾ മുഹമ്മദ് സുഹൈലും മുഹമ്മദ് ഫയാസും പുരയിട കൃഷിയിലെ സഹായികളാണ്.
പാലക്കാട് അതിർത്തിയിലും തമിഴ്നാട്ടിലുമാണ് തൂവരപരിപ്പ് കൃഷി ചെയ്ത് വരുന്നത്. എന്നാൽ തീരദേശമേഖലയിൽ ആദ്യമായാണ് തൂവരപരിപ്പ് വിളവ് കാണുന്നതെന്നും മതിലകം അസി. കൃഷി ഓഫിസർ എൻ.വി. നന്ദകുമാർ പറഞ്ഞു. കർഷകസംഘം കമ്മറ്റി അംഗങ്ങളായ പി.എച്ച്. അമീർ, അജിത് കുമാർ തുടങ്ങിയവരും സ്ഥഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.