ആലപ്പുഴ: പച്ചക്കറികൾക്ക് വിപണിയിൽ പൊള്ളുന്ന വില. സാധാരണക്കാർക്ക് സഹായമാകേണ്ട ഹോർട്ടികോർപ്പിലാകട്ടെ വിപണിയിലേക്കാൾ വില ഈടാക്കുന്നതും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. ചില സാധനങ്ങൾക്ക് വിപണിയിലും ഹോർട്ടികോർപ്പിലും ഒരേ വിലയാണ്. മറ്റു ചിലതിന് നേരിയ വ്യത്യാസം മാത്രവും.
കറിവേപ്പിലക്ക് വിപണിയിൽ 45 രൂപ മുതലാണ് വിലയെങ്കിൽ ഹോർട്ടികോർപിൽ 70 രൂപയാണ് ഈടാക്കുന്നത്. വെള്ളരിക്ക് വിപണിയിൽ 30-40 രൂപക്ക് ലഭിക്കുമ്പോൾ ഹോർട്ടികോർപ്പിൽ അമ്പത് രൂപ. ഏത്തക്കായ, കപ്പ, കാബേജ്, പടവലം, ഇഞ്ചി, കോവക്ക തുടങ്ങിയവക്ക് ഹോർട്ടികോർപ്പിൽ വിപണിവിലയിലും കുറവാണ്. മല്ലിയിലയ്ക്ക് 120 രൂപയാണ് ഹോർട്ടികോർപിലും പൊതുവിപണിയിലും വില. കാരറ്റ് വില സെഞ്ചുറിക്ക് തൊട്ടടുത്ത് നിൽക്കുന്നു. 93 രൂപവരെയാണ് വില. പച്ചക്കറിക്ക് തോന്നുംപടിയാണ് പലയിടത്തും വില.
സർക്കാർ ഇടപെടൽ ഉണ്ടാകാത്തതാണ് വില കുതിക്കാൻ കാരണം. കനത്ത മഴയെത്തുടർന്ന് ഇതര സംസ്ഥാനങ്ങളിൽ വ്യാപക കൃഷിനാശം ഉണ്ടായതും പച്ചക്കറി ലഭ്യത കുറഞ്ഞതുമാണ് തിരിച്ചടിയായി.
നാടൻ പച്ചക്കറിക്കാണ് വിപണിയിൽ വിലക്കൂടുതൽ. അയൽസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പച്ചക്കറിക്ക് പൊതുവെ വില കുറവാണ്. അവയുടെ ലഭ്യത കുറഞ്ഞതിനെത്തുടർന്ന് വില കൂടിയെങ്കിലും ഇപ്പോഴും നാടൻ ഇനങ്ങൾക്കു തന്നെയാണ് ആവശ്യക്കാർ കൂടുതൽ. ഹോർട്ടികോർപ് നാടൻ പച്ചക്കറി വിൽക്കുന്നതിനാലാണ് പല ഇനങ്ങൾക്കും വിപണി വിലയെക്കാൾ കൂടുതലാകുന്നതെന്നാണ് വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.