അടുത്തകാലത്തായി വാഴ കർഷകർ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് ഇലതീനി പുഴുക്കളുടെ (Hairy caterpillar) ആക്രമണം. കമ്പിളിപ്പുഴു എന്ന പേരിലും ഇവ അറിയപ്പെടുന്നു. ഇലകളുടെ അടിവശത്ത് കൂട്ടം കൂടിയിരുന്ന് ഹരിതകം തിന്നുതീർക്കുകയും ഇലകൾ പച്ചനിറം നഷ്ടപ്പെട്ടു വളരെ വേഗം തന്നെ ഉണങ്ങി കരിഞ്ഞു പോവുകയും ചെയ്യുന്നതാണ് ആക്രമത്തിന്റെ ലക്ഷണം. ഹരിതകം നഷ്ടപ്പെട്ട് കഴിഞ്ഞാൽ ഇലയുടെ ഉൽപാദനത്തെയും ഉൽപാദനക്ഷമതയെയും അത് പ്രതികൂലമായി ബാധിക്കുമെന്ന് മാത്രമല്ല പൂർണമായ നഷ്ടംവരെ ഉണ്ടായേക്കാം. വാഴയെ മാത്രമല്ല, ഈ പുഴുക്കൾ പച്ചക്കറി വിളകൾ, ഇഞ്ചി, മഞ്ഞൾ, മറ്റു ഫലവൃക്ഷങ്ങൾ എന്നിവയെയും ആക്രമിക്കുന്ന കീടങ്ങളാണ്. ചെടികളുടെ ഇലകൾ മാത്രമല്ല തണ്ടും കായ്കളും വരെ ഇവ ഭക്ഷിക്കാറുണ്ട്.
ഇടയ്ക്കുള്ള കനത്ത മഴയും തണുത്ത കാലാവസ്ഥയും കമ്പിളിപ്പുഴുക്കൾക്ക് അനുയോജ്യമാകയാൽ തോട്ടങ്ങളിലുള്ള കളകളിൽ ഇവ പെറ്റുപെരുകുന്നു. വയനാട്, കണ്ണൂർ, കാസർകോട്, കോഴിക്കോട്, കോട്ടയം, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഇവയുടെ ആക്രമണം വളരെ രൂക്ഷമായിട്ടുള്ളത്. സ്പോഡോപ്റ്റെറ വിഭാഗത്തിൽപെട്ട പുഴുക്കൾ സാധാരണ ഇത്തരത്തിൽ ഇലകൾ തിന്നുനശിപ്പിക്കാറുണ്ടെങ്കിലും ഒലീപാ റിസിനി എന്ന വിഭാഗത്തിൽപ്പെട്ട കമ്പിളി പുഴുക്കളുടെ ആക്രമണമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇലകളിലെ വെള്ളപ്പുള്ളികളാണ് ആക്രമണത്തിന്റെ പ്രഥമലക്ഷണം. .
ഇലകളിൽ പൊള്ളൽപോലെ കാണപ്പെടുമ്പോൾതന്നെ പുഴുക്കളെ നശിപ്പിച്ചാൽ രോഗവ്യാപനം തടയാമെന്നും ഇലകൾ വെട്ടി നശിപ്പിക്കുന്നതാണ് ഏറ്റവും ഉചിതമെന്നും കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലെ അസി: പ്രഫസർ ഡോ. ഗവാസ് രാഗേഷ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.