ചങ്ങനാശ്ശേരി: ഒരു ലക്ഷം ചെലവഴിച്ച് നാലു ലക്ഷം രൂപയുടെ ലാഭം നേടി കൃഷിയില്‍ വന്‍ലാഭം കൊയ്ത് ജോണ്സണ്. പായിപ്പാട് അയിത്തമുണ്ടകം അടവിച്ചിറ പള്ളിക്കച്ചിറ ജോണ്സണ് എന്നറിയപ്പെടുന്ന തോമസ് ജേക്കബിന്റെ പാടശേഖരത്തിലാണ് തണ്ണിമത്തൻ വിളഞ്ഞുകിടക്കുന്നത്.
രണ്ടേക്കര്‍ പാടശേഖരത്തില്‍ 1200 തടത്തിലാണ് തണ്ണിമത്തന് കൃഷിയിറക്കിയിരിക്കുന്നത്. പച്ചക്കറികളും ചീരയും പടവലവും കോവലും കൃഷിയിറക്കിയിരുന്ന ജോണ്സണ് ആദ്യമായാണ് തണ്ണിമത്തന് കൃഷിയിൽ പരീക്ഷണം നടത്തിയത്. പരീക്ഷണം ഏറെ വിജയകരമാകുകയും പ്രതീക്ഷിച്ചതിനെക്കാള്‍ അധികം വരുമാനവും ലാഭവും നേടാന്‍ സാധിച്ചെന്നും ജോണ്സണ് പറഞ്ഞു.
ആലപ്പുഴ കഞ്ഞിക്കുഴിയില്‍ തണ്ണിമത്തന് കൃഷി ചെയ്തതിന്റെ വ്ലോഗ് മകന് തനിക്ക് യുട്യൂബില്‍ കാണിച്ചു തന്നിരുന്നു. ഇത് കണ്ടതിനെ തുടര്‍ന്നാണ് തണ്ണിമത്തന് കൃഷിയെക്കുറിച്ച് ചിന്തിച്ചത്. തുടര്‍ന്ന്, നല്ലയിനം വിത്തുകളെപ്പറ്റി ഓണ്‍ലൈനിലും മറ്റും അന്വേഷിച്ചു. തിരുവല്ലയിലുള്ള റിട്ട. അഗ്രികള്‍ചറല്‍ ഓഫിസര്‍ റോയിയുമായി ബന്ധപ്പെട്ട് ഇറക്കുമതിചെയ്ത തണ്ണിമത്തന് വിത്തിനെക്കുറിച്ച് അന്വേഷിച്ചു.
44,000 രൂപയുടെ വിത്താണ് വാങ്ങിയത്. ഒരു പാക്കറ്റില്‍ 2000 വിത്തുകളാണ് ഉള്ളത്. ഇതില്‍ കാല്‍കിലോ ഉപയോഗിച്ചാണ് കൃഷിയിറക്കിയത്. 1,10,000 രൂപ ചെലവാക്കി. നാല് ലക്ഷം രൂപയോളം ലാഭം ലഭിച്ചു. 70 ദിവസമാണ് കാലയളവ്. പൂര്‍ണമായി ജൈവരീതിയിലുള്ള കൃഷിയാണ്. അതിനാല്‍ തണ്ണിമത്തന് ആവശ്യക്കാരും ഏറെയാണ്. കോഴിക്കാഷ്ഠം, കടലപ്പിണ്ണാക്ക് എന്നിവയാണ് വളമായി ഉപയോഗിച്ചത്. കിരണ്‍, സാന്‍ട്രോ എന്ന വിത്തിനമാണ് കൃഷിയിറക്കിയത്. രണ്ടു മുതല്‍ നാലു കിലോ തൂക്കം വരെയുണ്ട് കായ്കള്‍ക്ക്. വെള്ളരികൃഷിക്ക് സമാനമായ കൃഷി രീതിയാണ് തണ്ണിമത്തനും.
ജില്ലക്ക് അകത്തും പുറത്തും നിന്നും നിരവധി പേരാണ് തണ്ണിമത്തന് വാങ്ങാന്‍ എത്തുന്നത്. 20 രൂപയാണ് കിലോ വില. മാര്‍ക്കറ്റില്‍ 45 രൂപയാണ് കിരണ്‍ ഇനത്തിൽപെട്ട തണ്ണിമത്തന് ഈടാക്കുന്നത്. ചീരയും പടവലവും കോവലും വഴുതനയും മൂന്ന് ഏക്കറില്‍ കൃഷിയിറക്കിയിട്ടുണ്ട്. വരുംവര്‍ഷങ്ങളിലും തണ്ണിമത്തന് കൃഷിയിറക്കാനാണ് ജോണ്‍സന്റെ പദ്ധതി. ഭാര്യ: മിനി, മക്കളായ നിഥിന്, വിന്‍സണ്‍, നീതു എന്നിവരും ജോണ്സന് ഒപ്പമുണ്ട്. തണ്ണിമത്തന് വിളവെടുക്കുന്നതിന്റെയും ആവശ്യക്കാര്‍ക്കു കൊടുക്കുന്നതിന്റെയും തിരക്കിലാണ് ഇപ്പോള്‍ ജോണ്‍സണും പണിക്കാരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.