തളിപ്പറമ്പ്: നമുക്ക് ആവശ്യമായ കാർഷിക ഉൽപന്നങ്ങൾ നാം തന്നെ ഉൽപാദിപ്പിക്കണമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കൃഷിക്കൂട്ടം പദ്ധതിയിൽ ഉൾപ്പെടുത്തി ആന്തൂർ നഗരസഭയിൽ നടത്തുന്ന പച്ചക്കറികൃഷി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ജനസംഖ്യപ്രകാരം ഒരുവർഷം 40 ലക്ഷം ടൺ അരിയാണ് ആവശ്യമുള്ളത്. എന്നാൽ, ഇപ്പോൾ 29 ടൺ അരി മതിയെന്ന നിലയിലെത്തി. അരിയാഹാരം കഴിക്കുന്ന മലയാളി എന്ന നിലയിൽനിന്ന് അരിയാഹാരം കുറക്കുന്ന മലയാളിയെന്ന നിലയിലെത്തിയിരിക്കുകയാണ്.
പഴങ്ങളും പച്ചക്കറികളും കിഴങ്ങുകളും കൃഷി ചെയ്യണം. 80 ശതമാനം വരെ കാർഷിക ഉൽപാദനത്തിൽ ശ്രദ്ധചെലുത്തണം. 20 ശതമാനം കൃഷിക്കൂട്ടങ്ങൾ സംഭരണം, സംസ്കരണം, വിപണനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മന്ത്രി പറഞ്ഞു. നഗരസഭ ചെയർമാൻ പി. മുകുന്ദൻ അധ്യക്ഷത വഹിച്ചു.
പറശ്ശിനിക്കടവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് കൃഷി ആരംഭിച്ചത്.
തണ്ണിമത്തൻ, പച്ചമുളക്, തക്കാളി തുടങ്ങിയ പച്ചക്കറികളാണ് കൃഷിക്കായി ഉപയോഗിച്ചത്. പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ സ്ഥലത്താണ് കൃഷി ആരംഭിച്ചത്.
കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെയും നഗരസഭ അധികൃതരുടെയും മേൽനോട്ടത്തിലാണ് കൃഷിചെയ്യുന്നത്. കെ.വി. പ്രേമരാജൻ, കെ.പി. ഉണ്ണികൃഷ്ണൻ, പി.കെ. മുഹമ്മദ് കുഞ്ഞി, എം. ആമിന, വി. സതീദേവി, എ. സുരേഷ്, യു. രമ, പി.കെ. മുജീബ് റഹ്മാൻ, പി.എൻ. അനീഷ്, കൃഷി ഓഫിസർ ടി.ഒ. വിനോദ് കുമാർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ മാതൃകാ കർഷകൻ വി.വി. ലക്ഷ്മണനെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.