നെടുങ്കണ്ടം: ഹൈറേഞ്ചിന്‍റെ വ്യാപാരമേഖലയിൽ കടുത്ത മാന്ദ്യം. മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങൾ പലയിടങ്ങളിലും അടച്ചുപൂട്ടുന്നു. ഏലം വിലയിടിവാണ് വ്യാപാര മേഖലയിലെ പ്രതിസന്ധിക്ക് കാരണമായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്.ഹൈറേഞ്ചിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങൾക്ക് പുറമെ മറ്റ് ചില വ്യാപാര സ്ഥാപനങ്ങളും അടച്ചുപൂട്ടലിന്‍റെ വക്കിലാണ്.
പല വ്യാപാരസ്ഥാപനങ്ങളിലും കൈനീട്ടം വിൽപനപോലും നടക്കുന്നില്ലെന്നാണ് പറയുന്നത്. വ്യാപാര രംഗത്ത് ഇത്രയേറെ മാന്ദ്യം മുമ്പൊരിക്കലും ഉണ്ടായിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഏലക്കയുടെ കുത്തനെയുള്ള വിലയിടിവാണ് വ്യാപാര മേഖലയെ ഇത്രമാത്രം ഉലച്ചത്. മുഴുവൻ തൊഴിൽ മേഖലയും സ്തംഭനത്തിലാണ്. ഇതര സംസ്ഥാന തൊഴിലാളികൾക്കുപോലും ജോലി ഇല്ല. ഹൈറേഞ്ചിലെ മിക്ക ടൗണുകളിലും ചന്ത ദിവസങ്ങളിൽപോലും ആളുകൾ എത്താതായി. പല കടകമ്പോളങ്ങളും സന്ധ്യമയങ്ങുന്നതോടെ അടച്ചുപൂട്ടുകയാണ്.
വ്യാപാരികളിൽ പലരും മാസാവസാനം മുറി വാടകയും ജീവനക്കാരുടെ ശമ്പളവും ബാങ്ക് വായ്പയും ചെറുതും വലുതുമായ മറ്റിതര ചെലവുകൾക്കുമായി ബുദ്ധിമുട്ടുന്ന അവസ്ഥയാണ്. ക്രിസ്മസിനോടനുബന്ധിച്ച് പോലും മുൻകാലങ്ങളിലെ പോലൊരു വ്യാപാരം ഹൈറേഞ്ചിലെ ഒരു വ്യാപാരിക്കും ലഭിച്ചിട്ടില്ല. പല വ്യാപാരികളും കടക്കെണിയിലാണ്.
മറ്റ് പല കാരണങ്ങളാൽ ഏറെ നാളുകളായി വ്യാപാരികൾ കടുത്ത പ്രതിസന്ധിയിലായിരുന്നു. ഇതിനു പിന്നാലെയാണ് ഏലം വിലയിടിവ് തിരിച്ചടിയായത്. കർഷകർ പലരും ഏലക്ക പച്ചക്ക് വിൽക്കുകയാണ്. എന്നിട്ടും തൊഴിലാളിക്ക് കൂലി നൽകാൻ നന്നേ പാടുപെടുകയാണ്.കർഷകരുടെ ഈ പ്രതിസന്ധി കൂടുതലും ബാധിച്ചത് വ്യാപാരികളെയാണ്. നിർമാണ മേഖലയിലെ സ്തംഭനവും തൊഴിലില്ലായ്മയും വ്യാപാര മേഖലക്ക് കനത്ത തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.