നരിക്കുനി: പാലങ്ങാട്ടെ നെൽവയലുകൾ പ്രതാപം വീണ്ടെടുക്കുകയാണ്. രണ്ടുവർഷം മുമ്പുവരെ വാഴയും കപ്പയും കൃഷി ചെയ്തിരുന്ന നെൽവയലുകൾ ഇപ്പോൾ നെൽകൃഷിയിലൂടെ പച്ചപ്പട്ട് വിരിച്ച നെൽപാടമായി മാറി. അത്യുൽപാദനശേഷിയുള്ള വിത്തും ആധുനിക കാർഷികോപകരണങ്ങളും നവീന കാർഷിക രീതിയും ഉപയോഗിച്ച് കാർഷിക രംഗത്ത് മുന്നേറ്റമുണ്ടാക്കുകയാണ് പാലങ്ങാട്ടെ പാടശേഖര സമിതി.
കൈമോശം വന്ന കാർഷിക സംസ്കാരം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് നാൽപതംഗ പാടശേഖര സമിതി തരിശ്ശായിക്കിടന്ന 30 ഏക്കർ സ്ഥലത്ത് നെൽകൃഷി നടത്തുന്നത്. പാലങ്ങാട് വയലിനുപുറമെ കാരുകുളങ്ങര, മനത്താങ്കണ്ടി, ഉമിയങ്ങൽ താഴെ, കളത്തിൽപാറ ഭാഗം, കേളോത്ത്, തേലേശ്ശേരി ഭാഗങ്ങളിലാണ് കൃഷി പരന്നുകിടക്കുന്നത്.
പ്രതിരോധശേഷിയുള്ള കരുണ ഇനം നെൽവിത്താണ് കൃഷി ചെയ്യുന്നത്. കഴിഞ്ഞ വർഷം 15 ഏക്കറിൽ നൂറുമേനി വിളവ് നേടിയതിന്റെ പ്രചോദനമുൾക്കൊണ്ടാണ് ഇത്തവണ ഇരട്ടി സ്ഥലത്തേക്ക് നെൽകൃഷി വ്യാപിപ്പിക്കുന്നത്.
പഞ്ചായത്തും കൃഷിഭവനും പാടശേഖര സമിതിയും കാർഷിക കർമസേനയും തൊഴിലുറപ്പുകാരും യോജിച്ചതോടെ പാലങ്ങാട്ടെ വയലുകളിൽ കാർഷിക സംസ്കൃതിയുടെ ബെൽ മുഴങ്ങുകയായിരുന്നു. ഹരിതവിപ്ലവത്തിന് ചുക്കാൻ പിടിക്കുന്നത് പാടശേഖര സമിതി പ്രസിഡന്റ് സത്യൻ, സെക്രട്ടറി മുഹമ്മദ്, കൺവീനർ കെ.സി. കോയ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. സലിം, കൃഷി ഓഫിസർ ദാന മുനീർ എന്നിവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.