പഴമേതായാലും പുരയിടത്തിലൊന്ന് വേണമെന്ന് നിര്‍ബന്ധമുള്ള ഒരാളുണ്ട് ചാലക്കുടിക്കടുത്ത്. അന്നമനട വാളൂര്‍ കടമ്പോട്ട് കമാലുദ്ദീന്‍. കൃഷിയിടം ഭാവിയിലെ പഴക്കൂടയാക്കാന്‍ നോമ്പ് നോറ്റയാള്‍. പഴങ്ങളില്‍ പേര് കേട്ടവയും അല്ലാത്തവയുമുണ്ട്. പഴയതും പുതിയതും. നാടനും വിദേശിയും. വാഴുന്നവരെ വിളയിക്കലാണ് ലക്ഷ്യം. പഴപ്പൂതി കൊച്ചുന്നാളില്‍ തുടങ്ങിയതാണെങ്കിലും നട്ടുവളര്‍ത്താന്‍ യോഗമൊത്തിട്ട് ആണ്ട് 15 ആയിട്ടേ ഉള്ളൂ. പ്രവാസജീവിതം പിന്നിട്ട് നാട്ടില്‍ നിലയുറപ്പിച്ച കാലമാണത്. അതിനാല്‍ വിളകളെല്ലാം ബാല്യക്കാരാണ്. നട്ടുവളര്‍ത്തിയ പഴവിളകളുടെ എണ്ണക്കണക്കെടുത്താല്‍ അമ്പതിലേറും. കായ്ക്കാന്‍ നേരംകാത്തിരിക്കുന്നവരും കായ്ക്കലിന്‍െറ ആണ്ടുകള്‍ ആഘോഷിക്കുന്നവരുമുണ്ട് ഇക്കൂട്ടത്തില്‍.
കലാഭവന്‍ മണിയുടെ പാട്ടിലെ ഓടപ്പഴം കാണാന്‍ ചാലക്കുടി പുഴയോരത്തെ കമാലുദ്ദീന്‍െറ പുരയിടത്തില്‍ എത്തിയാല്‍ മതി. ഏഴാണ്ടായി കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിച്ചുപോരുകയാണ് ഇവയെ.
മില്‍ക്ക് ഫ്രൂട്ട്, മുട്ടിപ്പഴം, ഓടപ്പഴം, പൂച്ചപ്പഴം, കുരുവില്ലാത്ത മാങ്ങ, സ്നേക് ഫ്രൂട്ട് (സലാക്ക്), മുള്ളന്‍ കക്കിരി, ഡ്രാഗണ്‍ ഫ്രൂട്ട്, വിവിധ തരം പേരകള്‍, ചാമ്പകള്‍, തായ്ലന്‍ഡ് മാവ്, ചെസ്റ്റ് നട്ട്, എലഫന്‍റ് ആപ്പിള്‍, ചെറി, ബെയര്‍ ആപ്പിള്‍ എന്നറിയപെടുന്ന എലന്ത, ദുരിയാന്‍, കാവേരിപ്പഴം, സീതപ്പഴം, ഞാവല്‍, സാന്‍േറാള്‍, മുള്ളാത്ത, വിവിധ തരം നാരകങ്ങള്‍ എന്നിങ്ങനെ പോകുന്നു പഴവൈവിധ്യങ്ങള്‍. പഴവിളകള്‍ക്കായി ഒരേക്കറോളമുള്ള പുരയിടമാണ് കമാലുദ്ദീന്‍ നീക്കിവെച്ചത്.
വടക്കേ ഇന്ത്യയില്‍ കാണുന്ന പടവലത്തിന്‍െറ ആകൃതിയിലുള്ള കക്കിരി ഇവിടെ വിളഞ്ഞിട്ടുണ്ട്. ഒൗഷധമൂല്യമുള്ള നെയ് കുമ്പളം, പ്രമേഹരോഗികള്‍ കഴിക്കുന്ന കിഴങ്ങായ അടത്താപ്പ്, സമുദ്രനിരപ്പില്‍നിന്ന് 1000 അടി ഉയരത്തില്‍ മാത്രം ഉണ്ടാകുന്ന ഏലം തുടങ്ങിയവ ഇവിടെ വിളഞ്ഞുനില്‍പുണ്ട്. 24 വര്‍ഷത്തെ പ്രവാസ ജീവിതത്തിനുശേഷമാണ് നാട്ടിലത്തെിയത്. ഒന്നര പതിറ്റാണ്ടായി കൃഷികള്‍ക്കൊപ്പം. പാഷന്‍ ഫ്രൂട്ടും ചുരക്കയുമടക്കം പടര്‍ന്നുവളരുന്ന വിളകള്‍കൂടി ചേരുന്നതോടെ പഴസമൃദ്ധി നിലംവിടുന്ന കാഴ്ചയാണ് ഇവിടെയെങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.