കേളകം: കാർഷിക മേഖലയിൽ വൈവിധ്യ കൃഷിയിൽ ശ്രദ്ധചെലുത്തുന്ന കർഷകർക്ക് പുതിയയിനം കശുമാവ് പരിചയപ്പെടുത്തി അടക്കാത്തോട്ടിലെ പടിയക്കണ്ടത്തിൽ ജിജു. നിറയെ കായ്ഫലമുള്ള കാഷ്യു കിങ് എന്ന ഇനം കശുമാവ് ജിജുവിന്റെ തോട്ടത്തിൽ നിറയെ കായ്ച്ചുനിൽക്കുകയാണ്. സ്വന്തമായി വികസിപ്പിച്ചെടുത്ത കാഷ്യു കിങ് കശുമാവ് തൈകളിലെ വിളവെടുപ്പ് കാലമാണിപ്പോൾ. കൊട്ടിയൂർ ചപ്പമലയിലെ തോട്ടത്തിൽനിന്ന് കണ്ടെത്തിയ മാതൃകശുമാവിൽനിന്ന് ശേഖരിച്ച് സ്വന്തം നഴ്സറിയിൽ ഗ്രാഫ്റ്റ് ചെയ്ത് സജ്ജമാക്കിയതാണ്.
രണ്ടര പതിറ്റാണ്ടായി സ്വന്തമായി കാർഷിക തൈകൾക്കായുള്ള നഴ്സറി നടത്തുന്നുണ്ട്. മിസ്റ്റ് - ഡ്രിപ് ഇറിഗേഷൻ പദ്ധതികൾ സംസ്ഥാനത്തിനകത്തും പുറത്തുമായി വിവിധയിടങ്ങളിൽ സംവിധാനിക്കുകയും ചെയ്യുന്നുണ്ട്.
മൂന്നരയേക്കർ കൃഷിയിടത്തിൽ വികസിപ്പിച്ചെടുത്ത കശുമാവിലെ സമൃദ്ധമായ വിളവ് കാണാൻ നിരവധി പേർ എത്തുന്നതായി ജിജു പറഞ്ഞു. തൈകൾ നട്ട് രണ്ടാം വർഷം മുതൽ വിളവെടുക്കാവുന്ന കശുമാവിൽനിന്ന് ശേഖരിക്കുന്ന കശുവണ്ടി 80 എണ്ണം മാത്രം തൂക്കിയാൽ ഒരുകിലോ ലഭിക്കും. തുടക്കം മുതൽ ഒടുക്കം വരെ വിളവ് ലഭിക്കും. ഗുണമേന്മയും മികച്ച വിളവും ലഭിക്കുന്നതിനാൽ പുതിയ തോട്ടങ്ങളിലേക്ക് ഏറെ അനുയോജ്യമാണ് കാഷ്യു കിങ്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ണൂരിൽ കോവിഡിസ് ഇൻഫെക്ഷൻ ടണൽ നിർമിച്ചും ശ്രദ്ധേയനായിരുന്നു അടക്കാത്തോട് സ്വദേശി പടിയക്കണ്ടത്തിൽ ജിജു. കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിൽ വൈവിധ്യകൃഷി നടത്തി ലഭിച്ച അനുഭവ സമ്പത്താണ് പുതിയ കൃഷിയിനങ്ങൾ കണ്ടെത്താൻ ജിജുവിന് പ്രചോദനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.