ഹരിപ്രസാദിന്‍റെ ഈ പശു ഫാം വേറെ ലെവലാണ്...

കുട്ടിക്കാലം മുതലേ പശുക്കളെ പരിപാലിക്കാന്‍ അവസരം കിട്ടിയിരുന്ന ഹരിപ്രസാദ് ഒന്നര പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തി തുടങ്ങിയത് ശാസ്ത്രീയ രീതീയില്‍ പശു ഫാം. ഒപ്പം തീറ്റപുല്‍കൃഷിയുമുണ്ട്. അഞ്ച് വര്‍ഷമായി കുടുംബത്തിന്റെ വരുമാന സ്രോതസ്സാണിത്. 2016ല്‍ ഏഴംകുളം ഗ്രാമപഞ്ചായത്തിലെ മികച്ച ക്ഷീരകര്‍ഷകനുള്ള പുരസ്‌കാരം ലഭിച്ചത് ഇളംഗമംഗലം കിഴക്കടത്ത് കെ.എസ്. ഹരിപ്രസാദിനാണ്.

പതിനഞ്ചര വര്‍ഷം അജ്മാനില്‍ പ്രിന്റിങ് പ്രസ് ജീവനക്കാരനായി സേവനമനുഷ്ഠിച്ചശേഷം 2014ല്‍ നാട്ടില്‍ എത്തി വ്യാപാരം തുടങ്ങിയെങ്കിലും അതു നിര്‍ത്തിയാണ് ഡെയറി ഫാം തുടങ്ങിയത്. ഹരിപ്രസാദിന്റെ ഭാര്യ പ്രമീളയും തുണയായുണ്ട്. കുട്ടിക്കാലം മുതലേ ഹരിപ്രസാദിന്റെ വീട്ടില്‍ അഞ്ചെട്ട് പശുക്കളെ വളര്‍ത്തിയിരുന്നു. ഇതാണ് പിന്നീട് ബൃഹത്തായ പശുവളര്‍ത്തലിലേക്ക് ഇദ്ദേഹത്തെ നയിച്ചത്.


2016 മെയിലാണ് ഹരിപ്രസാദ് ഡെയറി ഫാം ആരംഭിച്ചത്. എരുത്തില്‍ നിര്‍മിക്കാന്‍ ക്ഷീരവികസന വകുപ്പ് ഒരു ലക്ഷം രൂപ വായ്പ നല്‍കി. ഇപ്പോള്‍ കിടാരികള്‍ ഉള്‍പ്പെടെ 40 പശുക്കളുണ്ട്. എല്ലാം ജഴ്‌സി പശുക്കളാണ്. ശാസ്ത്രീയ രീതിയിലാണ് എരുത്തില്‍ നിര്‍മിച്ചിരിക്കുന്നത്. പശുക്കള്‍ക്ക് വെള്ളം കുടിക്കാന്‍ ഓട്ടോമാറ്റിക് സിസ്റ്റമാണ് ക്രമീകരിച്ചിരിക്കുന്നത്. ഓരോ പശുവിന്റെയും മുന്നില്‍ സജ്ജീകരിച്ചിരിക്കുന്ന പാത്രത്തില്‍ നിന്ന് കുടിക്കുന്നതിനനുസരിച്ച് വെള്ളം നിറഞ്ഞുകൊണ്ടേയിരിക്കും. വെള്ളം തീരുന്ന മുറക്ക് വലിയ സംഭരണിയില്‍ വെള്ളം നിറച്ചാല്‍ മതി. ഈ സമ്പ്രദായം മൂലം പശുക്കള്‍ക്ക് ആവശ്യാര്‍ഥം വെള്ളം കുടിക്കാം. വേനല്‍ക്കാലത്ത് വലിയ സഹായമാണിത്.

പശുക്കള്‍ കിടക്കുന്നിടത്ത് റബര്‍ മാറ്റ്, ഫാന്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. പശുക്കള്‍ കിടക്കുമ്പോഴും എഴുന്നേല്‍ക്കുമ്പോഴും പരിക്കേല്‍ക്കാതിരിക്കാന്‍ റബര്‍മാറ്റ് സഹായകമാണ്. ഇവയെ രാവിലെയും വൈകിട്ടും കുളിപ്പിക്കും. പ്രതിദിനം 100 ലിറ്റര്‍ പാല്‍ ലഭിക്കുമെന്നും മണ്ണടി ക്ഷീര സഹകരണ സംഘങ്ങളിലും സ്വകാര്യ വ്യക്തികള്‍ക്കും പാല്‍ വില്‍ക്കുന്നുണ്ടെന്നും ഹരിപ്രസാദ് പറഞ്ഞു.


മേഖല അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളന്നതിന്റെ പുരസ്‌കാരവും ഹരിപ്രസാദിന് ലഭിച്ചിരുന്നു. മുമ്പ് കറവയന്ത്രം ഉപയോഗിച്ചിരുന്നെങ്കിലും ഇപ്പോള്‍ മാനുഷിക പ്രയത്‌നമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. നാല് അയല്‍സംസ്ഥാന ജീവനക്കാര്‍പശു പരിപാലനത്തിനും കറവക്കുമുണ്ട്. പുലര്‍ച്ചെ നാല് മുതല്‍ ആറു വരെയും ഉച്ചകഴിഞ്ഞ്് ഒന്നു മുതല്‍ മൂന്നുവരെയുമാണ് കറവ. പ്രസവശേഷം മൂന്നു മാസം വരെ 15 ലിറ്റര്‍ പാല്‍ ഒരു പശുവിന് കിട്ടും.


വൈക്കോല്‍, കാലിത്തീറ്റ, ബിയര്‍ വേസ്റ്റ്, കപ്പ വേസ്റ്റ്, ജഴ്‌സിപിണ്ണാക്ക്, പരുത്തിക്കുരു, പരുത്തിപ്പിണ്ണാക്ക്, ഉഴുന്ന്, തവിട്, ചോളം, പുളിയരി, അരിയും ഗോതമ്പും കലര്‍ത്തിയുണ്ടാക്കിയ കഞ്ഞി, കാത്സ്യം എന്നിവയാണ് പശുക്കള്‍ക്ക് നല്‍കുന്നത്. പത്ത് ലിറ്റര്‍ പാല്‍ കിട്ടുന്ന ഒരു പശുവിന് ദിവസേന 12 കിലോ തീറ്റ നല്‍കും. ഏഴ് ഏക്കര്‍ സ്ഥലത്ത് തീറ്റപുല്‍ കൃഷിയുമുണ്ട്. ചാണകം മണ്ണിര കമ്പോസ്റ്റിനും ചാണകപൊടി കാര്‍ഷിക ആവശ്യങ്ങള്‍ക്കും നല്‍കും. ഹരിശങ്കര്‍, ജയശങ്കര്‍ എന്നിവരാണ് ഹരിപ്രസാദ്-പ്രമീള ദമ്പതികളുടെ മക്കള്‍.

Tags:    
News Summary - cow farm of Hariprasad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.