പുൽപള്ളി: ഫലവൃക്ഷങ്ങളുടെ കൂട്ടുകാരനായി ഒരു പൊലീസ് സബ് ഇൻസ്പെക്ടർ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിളയുന്ന പഴവർഗങ്ങൾ സ്വന്തം കൃഷിയിടത്തിൽ നട്ട് വിളവെടുക്കുന്നതിന്റെ തിരക്കിലാണ് പുൽപള്ളിക്കടുത്തെ നീർവാരത്തെ സജി. മാനന്തവാടി പൊലീസ് സ്റ്റേഷനിലെ അസി. സബ് ഇൻസ്പെക്ടർ കൂടിയാണ് സജി.
ബ്രസീലിയൻ മുന്തിരിയായ ജമ്പോട്ടിക് കാബ, ലോകത്ത് ഒരു ശതമാനം മാത്രം കൃഷിചെയ്യുന്ന നിക്കോട്ട്, ആഫ്രിക്കയുടെ സ്വന്തം മിറാക്കിൾ ഫ്രൂട്ട്, സൗത്ത് അമേരിക്കൻ മേമി സപ്പോട്ട, പെർഫ്യൂം ഫ്രൂട്ടെന്ന് വിളിക്കുന്ന കെപ്പൽ, ആസ്ട്രേലിയയിൽ നിന്നുള്ള മെക്കാഡാമിയ തുടങ്ങി 100ഓളം വൈവിധ്യമാർന്ന പഴവർഗങ്ങൾ സജി നട്ടുവളർത്തിയിട്ടുണ്ട്. ഇതിൽ പലതും വിളവെടുത്തു തുടങ്ങിയിട്ടുമുണ്ട്. മികച്ചൊരു കർഷകൻ കൂടിയാണ് ഇദ്ദേഹം.
പൂർണമായും ജൈവരീതിയിലാണ് കൃഷി. ലോകത്തിലെ മിക്ക ചെടികളും മരങ്ങളും വളരുന്നതിന് അനുയോജ്യമായ സ്ഥലമാണ് വയനാടൻ മണ്ണെന്ന് അദ്ദേഹം പറയുന്നു. കൃഷിയിടത്തിൽ കയറിയാൽ വൈവിധ്യമാർന്ന ഫലവൃക്ഷങ്ങൾ ആരെയും അത്ഭുതപ്പെടുത്തും. പാകിസ്താൻ മൾബറി, ഇന്തോനേഷ്യൻ വെള്ള ഞാവൽ, സൗത്ത് ആഫ്രിക്കൻ മട്ടോവ, വിവിധ ഇനങ്ങളിലുള്ള റെഡ് ഡ്രാഗൺ ഫ്രൂട്ട് എന്നിവയും ഇവിടെയുണ്ട്. ദൂരസ്ഥലങ്ങളിൽ പോയി ചെടി കണ്ട് ബോധ്യപ്പെട്ടാണ് വാങ്ങുന്നത്. ഔദ്യോഗിക തിരക്കുകൾക്കിടയിലും കൃഷിയിടത്തിൽ സമയം കണ്ടെത്തി അവയെ പരിപാലിക്കുന്ന സജിയുടെ കൃഷി മാതൃകാപരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.