ടി.എ.കെ.ആശാൻ
മാരാരിക്കുളം: അധ്യാപക ജോലി ഉപേക്ഷിച്ച് കുടുംബാംഗങ്ങൾക്കൊപ്പം കൃഷിയിലേക്ക് ഇറങ്ങിയ യുവ കർഷകക്ക് സംസ്ഥാനതല അംഗീകാരം. പ്രൈമറി സ്കൂള്‍ അധ്യാപന ജോലി വേണ്ടെന്നുവെച്ചാണ് എസ്.എന്‍.പുരം പുത്തന്‍വെളി വീട്ടില്‍ രേഷ്മ കുടുംബാംഗങ്ങളുടെ ജീവിതോപാധിയായ പച്ചക്കറി കൃഷിയുടെ ചുക്കാന്‍ ഏറ്റെടുത്തത്. കൃഷിയിലെ മികവിന് സംസ്ഥാനത്തെ മികച്ച യുവകര്‍ഷകക്കുള്ള പുരസ്കാരവും ലഭിച്ചു. ഒരു ലക്ഷം രൂപയും ഫലകവുമാണ് പുരസ്കാരം.
ടി.ടി.സി വിജയിച്ച രേഷ്മ എസ്.എന്‍.പുരം പ്രൈമറി സ്കൂളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപികയായിരുന്നു. ഭര്‍ത്താവ് സുമേഷിന്റെയും ഭര്‍ത്തൃ പിതാവ് ഹരിദാസിന്റെയും ജോലി പച്ചക്കറി കൃഷിയായിരുന്നു. കോവിഡ് കാലത്ത് രേഷ്മ കുടുംബാംഗങ്ങള്‍ക്കൊപ്പം സഹായിയായി കൂടി. പച്ചക്കറി കൃഷിയില്‍ കൂടുതല്‍ ഇഷ്ടം തോന്നിയപ്പോള്‍ ചുക്കാന്‍ ഏറ്റെടുത്തു. കാര്‍ഷിക ഉല്പാദനത്തിന് പുറമേ വിപണനത്തില്‍ കൂടി ശ്രദ്ധ നല്കിയപ്പോള് കൂടുതല്‍ ആദായം ലഭിച്ചു. ഓണ്‍ലൈന്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയും വിപണി കണ്ടെത്തി.
സ്വന്തമായി ജീവാമൃതവും, ഫിസ് അമിനോ ആസിഡും നിര്‍മിക്കാന്‍ പഠിച്ചത് കൃഷിച്ചെലവ് കുറക്കാന്‍ സഹായിച്ചു. കൃഷിക്ക് തൊഴിലാളികളുടെ സഹായത്തിനേക്കാള്‍ കൂടുതല്‍ കുടുംബാംഗങ്ങളുടെ അധ്വാനമാണ്. രണ്ടു ചെടികള്‍ ഒരേ സമയം നട്ടുള്ള കൃഷി രീതിയാണ് അവലംബിക്കുന്നത്. ഇതില്‍ ഒന്ന് പ്രധാന പച്ചക്കറി ഇനവും മറ്റൊന്ന് ഇടവിളയുമാണ്. പൂ കൃഷിയിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങിയിട്ടുണ്ട്.
ഓണവിപണി ലക്ഷ്യമിട്ട് ബന്തികൃഷി ചെയ്തിട്ടുണ്ട്. സ്വന്തമായിട്ടുള്ള 40 സെന്റ് നിലത്തിലും 35 സെന്റ് പുരയിടത്തിലുമാണ് കൃഷി. അതോടൊപ്പം മൂന്ന് പേരില്‍നിന്ന് നാല് ഏക്കറോളം പാട്ടത്തിന് എടുത്തും കൃഷി ചെയ്യുന്നുണ്ട്. പ്രൈമറി സ്കൂളില്‍ കരാര്‍ അടിസ്ഥാനത്തില്‍ തുച്ഛമായ വേതനമാണ് ലഭിച്ചിരുന്നതെന്നും കൃഷി ഉപജീവനമാക്കിയപ്പോള് പ്രതിമാസം 5000 മുതല്‍ 20,000 രൂപ വരെ ലഭിക്കുന്നുണ്ടെന്നും രേഷ്മ പറഞ്ഞു.കഞ്ഞിക്കുഴി കൃഷിഭവനില്‍ നിന്നും കഞ്ഞിക്കുഴി പഞ്ചായത്തില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും രേഷ്മ കൂട്ടിച്ചേര്‍ത്തു. മകന്.ശ്രാവണ്‍ കൃഷ്ണ മുഹമ്മ ലൂഥര്‍ മിഷന് എല്‍.പി.സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാർഥി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.