റബര്‍ കൃഷിയെക്കാള്‍ ലാഭകരം തേനീച്ച വളര്‍ത്തല്‍ തന്നെ

റബര്‍ തോട്ടങ്ങളില്‍ തേനീച്ച വളര്‍ത്തൂ, റബര്‍ മരങ്ങളെ പാലും തേനും ഒഴുക്കുന്ന കാമധേനുക്കളാക്കാം'-പൊതുപ്രവര്‍ത്തകനും വക്കീലുമായ ഡി. ഭാനുദേവന്റെ വാക്കുകള്‍. 15 വര്‍ഷം ജനപ്രതിനിധിയായിരുന്ന അദ്ദേഹം 20 വര്‍ഷമായി തേനീച്ച വളര്‍ത്തലിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന ഭാനുദേവന്‍ തേനീച്ച കര്‍ഷക കൂട്ടായ്മ പത്തനംതിട്ട ജില്ല പ്രസിഡന്റും ഡി.സി.സി ജനറല്‍ സെക്രട്ടറിയുമാണ്.


റബര്‍ കൃഷിയെക്കാള്‍ ലാഭകരമാണ് തേനീച്ച വളര്‍ത്തല്‍ എന്ന് ഭാനുദേവന്‍ സാക്ഷ്യപ്പെടുത്തുന്നു. ഏറ്റവും ലളിതവും ചെലവുകുറഞ്ഞതുമായ രീതിയില്‍ തേനീച്ച വളര്‍ത്തലിലൂടെ നിത്യവൃത്തി കഴിയുന്ന ധാരാളം ആളുകളെ ഇദ്ദേഹം നമുക്ക് പരിചയപ്പെടുത്തും. കാര്‍ഷിക മേഖലയില്‍ തേനീച്ചയുടെ സംഭാവന വളരെ വലുതാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. തേനീച്ചയുടെ പരപരാഗണശേഷി മൂലം വിളകളില്‍ 50 ശതമാനത്തിലധികം വര്‍ധനയുണ്ടാകും. 10 പെട്ടിയില്‍ തുടങ്ങിയ തേനീച്ച വളര്‍ത്തല്‍ ഇപ്പോള്‍ 400 ലധികമെത്തി. 750 പെട്ടികള്‍ ഉണ്ടായിരുന്നു. എന്നാല്‍ കോവിഡ് മൂലം പെട്ടികളുടെ എണ്ണം ചുരുക്കുകയായിരുന്നു. ഇടക്കിടെ മഴ പെയ്തതിനാല്‍ ഇത്തവണ തേന്‍ കൂടുതല്‍ ലഭിച്ചില്ല. കാലാവസ്ഥ അനുകൂലമാണെങ്കില്‍ 15-20 കി.ഗ്രാം തേന്‍ ഒരു പെട്ടിയില്‍ നിന്ന്് ലഭിക്കും. ഇത്തവണ പത്തില്‍ താഴെയേ ലഭിച്ചുള്ളു. മൂന്ന് പ്രാവശ്യം അഞ്ച്്-എട്ട് കി.ഗ്രാം വീതം ഓരോ പെട്ടിയില്‍ നിന്നും തേന്‍ ലഭിച്ചു. അധ്യാപിക കൂടിയായ ഭാര്യ രാജശ്രീയും ഭാനുദേവനെ സഹായിക്കുന്നു.

സ്ത്രീകള്‍ക്ക് സ്വയം തൊഴിലായി ചെയ്യാന്‍ എളുപ്പമായ കൃഷിയാണ് ഇതെന്ന് അദ്ദേഹം പറയുന്നു. കുടുംബശ്രീകള്‍ക്കും മറ്റ് സ്വയംസഹായ സംഘങ്ങള്‍ക്കും തേനീച്ച കൃഷി ചെയ്യാം. 20 പെട്ടിയില്‍ തുടങ്ങിയാല്‍ തന്നെ 300 രൂപ ഒരു കുപ്പി തേനിന് ലഭിക്കുന്നതു വഴി ഒരു ലക്ഷം രൂപ വരെ തേനും അതിന്റെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ വിറ്റും കിട്ടും. ഒരേക്കറില്‍ 20-40 പെട്ടികള്‍ വെക്കാം. ദിവസം അര മണിക്കൂര്‍ ചെലവാക്കിയാല്‍ മതി.


വിവിധ ഗ്രാമപഞ്ചായത്തുകളില്‍ 15 സ്ഥലങ്ങളിലായാണ് ഭാനുദേവന്‍ തേനീച്ചപെട്ടികള്‍ സ്ഥാപിച്ചിരിക്കുന്നത്. 2002-ല്‍ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നാഷനല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ബോര്‍ഡിന്റെ 'ഹണിഫെസ്റ്റി' ല്‍ പങ്കെടുത്തതോടെയാണ് ഇദ്ദേഹത്തിന് തേനീച്ച വളര്‍ത്തലില്‍ താല്‍പര്യം തുടങ്ങിയത്. കൊട്ടാരക്കര വെട്ടിക്കവല സ്വദേശി രാധാകൃഷ്ണനുണ്ണിത്താന്‍ ആവശ്യമായ സാങ്കേതിക ഉപദേശങ്ങളും നല്‍കി.

ഒരു കി.ഗ്രാം വന്‍തേനിന് 300-400 രൂപ വരെ ലഭിക്കും. തേന്‍മെഴുക് കിലോഗ്രാമിന് 300 രൂപയാണ് വില. ചെറുതേനിന് കി.ഗ്രാമിന് 2000-2500 രൂപ വിലയുണ്ട്. ചെറുതേനീച്ചയുടെ 10 കൂടുകളില്‍ നിന്ന് ആറ്-എട്ട് കി.ഗ്രാം തേന്‍ വരെ മാത്രമേ കിട്ടുകയുള്ളു.

 


തേനീച്ച വളര്‍ത്തലില്‍ താല്‍പര്യമുള്ളവര്‍ക്ക് മാസത്തിലെ രണ്ടാം ശനിയാഴ്ച സൗജന്യ ക്ലാസുകള്‍ നല്‍കാനും ഇദ്ദേഹം സമയം കണ്ടെത്തുന്നു. വന്‍-ചെറു തേനീച്ച കോളനികള്‍, പെട്ടികള്‍, ഉപകരണങ്ങള്‍ തുടങ്ങിയവ ആവശ്യക്കാര്‍ക്ക് വില്‍ക്കുന്നുണ്ട്. വന്‍തേനീച്ച കോളനി 1200 രൂപക്കും ചെറുതേനീച്ച കോളനി 2000 രൂപക്കുമാണ് വില്‍ക്കുന്നത്. തേനീച്ച കൃഷിയില്‍ കേരളത്തില്‍ അനന്തസാധ്യതകളാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിയിലെ തേനീച്ചകളെ നാം പ്രയോജനപ്പെടുത്തുന്നില്ല. ഇതുകാരണം 800 കോടിയിലധികം രൂപയുടെ വരുമാന നഷ്ടമാണ് സംസ്ഥാനത്തുണ്ടാകുന്നതതെന്ന് ഭാനുദേവന്‍ 'മാധ്യമ'ത്തോടു പറഞ്ഞു.

അഡ്വ. ഡി. ഭാനുദേവന്റെ ഫോണ്‍ നമ്പര്‍: 9495501677

Tags:    
News Summary - honey bee farming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.